
ഐപിഎൽ സീസണിലെ റൺവേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതെത്തി മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാർ യാദവ്. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ 35 റൺസ് നേടിയതോടെയാണ് സൂര്യകുമാർ ഓറഞ്ച് ക്യാപ് താരങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിയത്. സീസണിലാകെ 12 മത്സരങ്ങളിൽ നിന്നായി സൂര്യകുമാർ 510 റൺസ് നേടി.
ഇതേ മത്സരത്തിൽ സൂര്യകുമാറിനെ മറികടക്കാൻ അവസരമുണ്ടായിരുന്നെങ്കിലും ഗുജറാത്ത് ടൈറ്റൻസ് താരം സായി സുദർശന് അതിന് കഴിഞ്ഞില്ല. മുംബൈ ഇന്ത്യൻസിനെതിരെ അഞ്ച് റൺസ് മാത്രമെടുത്ത് സായി സുദർശൻ പുറത്തായി. സീസണിൽ 11 മത്സരങ്ങളിൽ നിന്ന് 509 റൺസാണ് സായി നേടിയിരിക്കുന്നത്. നിലവിൽ സൂര്യകുമാർ യാദവിനേക്കാൾ ഒരു റൺസ് മാത്രമാണ് സായി സുദർശന് കുറവുള്ളത്.
ഗുജറാത്ത് ടൈറ്റൻസിന്റെ നായകൻ കൂടിയായ ശുഭ്മൻ ഗില്ലാണ് റൺവേട്ടയിൽ മൂന്നാമത്. മുംബൈ ഇന്ത്യൻസിനെതിരെ ഗിൽ 43 റൺസ് നേടി. സീസണിൽ 11 മത്സരങ്ങളിൽ നിന്ന് 508 റൺസാണ് ഗില്ലിന്റെ സമ്പാദ്യം. റോയൽ ചലഞ്ചേഴ്സ് സൂപ്പർ താരം വിരാട് കോഹ്‍ലിയാണ് റൺവേട്ടക്കാരുടെ പട്ടികയിൽ നാലാമത്. 11 മത്സരങ്ങൾ പിന്നിട്ട കോഹ്‍ലിക്ക് ഇപ്പോൾ 505 റൺസുണ്ട്. 11 മത്സരങ്ങളിൽ നിന്ന് 500 റൺസ് സ്വന്തമാക്കിയ ഗുജറാത്ത് ടൈറ്റൻസ് താരം ജോസ് ബട്ലർ അഞ്ചാം സ്ഥാനത്തുണ്ട്.
Content Highlights: Suryakumar at the top on the race for the orangae cap