
ട്വന്റി 20 ക്രിക്കറ്റിൽ 2000 റൺസെന്ന നാഴികക്കല്ല് പിന്നിട്ട് ഗുജറാത്ത് ടൈറ്റൻസ് ഓപണർ സായ് സുദർശൻ. ഐപിഎൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ 23 പന്തിൽ 48 റൺസ് നേടിയതോടെയാണ് സായി സുദർശൻ ചരിത്രം കുറിച്ചത്. ട്വന്റി 20 ക്രിക്കറ്റിൽ അതിവേഗത്തിൽ 2000 റൺസെന്ന നേട്ടവും സായി സ്വന്തമാക്കി. 54-ാം ഇന്നിങ്സിലാണ് സായിയുടെ ചരിത്ര നേട്ടം.
ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറിന്റെ റെക്കോർഡാണ് സായി സുദർശൻ മറികടന്നത്. 2011ൽ ട്വന്റി 20 ക്രിക്കറ്റ് കരിയറിലെ 59-ാം ഇന്നിങ്സിലാണ് സച്ചിൻ 2000 റൺസെന്ന നാഴികക്കല്ല് പിന്നിട്ടത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു ട്വന്റി 20 മത്സരം കളിച്ച സച്ചിൻ 10 റൺസാണ് നേടിയത്. എന്നാൽ മുംബൈ ഇന്ത്യൻസിനായി 91 മത്സരങ്ങളിൽ പാഡണിഞ്ഞ സച്ചിൻ 2599 റൺസും നേടിയിട്ടുണ്ട്.
ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനായി 35 മത്സരങ്ങളിൽ നിന്ന് 1538 റൺസാണ് സായി നേടിയിരിക്കുന്നത്. ആഭ്യന്തര ട്വന്റി 20 ക്രിക്കറ്റ് മത്സരങ്ങളിൽ 19 ഇന്നിങ്സുകളിൽ നിന്ന് സായി 478 റൺസും നേടിയിട്ടുണ്ട്.
സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് വിജയവും നേടി. 38 റൺസിന്റെ വിജയമാണ് ഗുജറാത്ത് നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 224 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുക്കാനെ സൺറൈസേഴ്സിന് സാധിച്ചുള്ളു.
Content Highlights: Sai Sudharsan becomes fastest Indian to reach 2000 T20 runs