
ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ മോശം പ്രകടനത്തിന് കാരണം മോശം ബൗളിങ്ങെന്ന് പേസർ ജയ്ദേവ് ഉനദ്കട്ട്. ഇന്നലെ ഗുജറാത്ത് ടൈറ്റൻസിനെതിരായ പരാജയത്തിന് പിന്നാലെയാണ് പ്രതികരണവുമായി സൺറൈസേഴ്സ് താരം രംഗത്തെത്തിയത്. 'ഐപിഎല്ലിൽ വർഷങ്ങളായുള്ള തന്റെ അനുഭവ സമ്പത്തിൽ നിന്ന് ഒരു ടീമിന്റെ മികച്ച പ്രകടനത്തിന് ആ ടീമിലെ കുറഞ്ഞത് മൂന്നോ നാലോ ബൗളർമാർ ഓരോ മത്സരത്തിലും നന്നായി പന്തെറിയണം. ഈ വർഷം സൺറൈസേഴ്സിന് മികച്ച പ്രകടനങ്ങൾ നടത്തുന്ന താരങ്ങളില്ല. രണ്ടുപേർ നന്നായി പന്തെറിയുമ്പോൾ മറ്റ് മൂന്നുപേർ മോശമാകുന്നു.' ഉനദ്കട്ട് മാധ്യമങ്ങളോട് പ്രതികരിച്ചു.
'ബാറ്റിങ്ങിൽ മികച്ച കൂട്ടുകെട്ടുകൾ ഉണ്ടാക്കാനാണ് എല്ലാ ടീമുകളും ശ്രമിക്കുന്നത്. അതുപോലെ തന്നെയാണ് ബൗളിങ് ഡിപ്പാർട്ട്മെന്റുമെന്ന് ഞാൻ കരുതുന്നു. ഒരാൾ മോശമായി പന്തെറിയുമ്പോൾ അത് നന്നായി എറിയുന്ന മറ്റ് താരങ്ങൾക്ക് സമ്മർദ്ദം നൽകുന്നു. അത് ടീമിന്റെ പ്ലാനുകൾ മാറ്റുവാൻ നിർബന്ധിതമാക്കും. ഇത്തവണ ഐപിഎല്ലിൽ മോശം ബൗളിങ് പുറത്തെടുത്തതാണ് സൺറൈസേഴ്സിന്റെ തകർച്ചയ്ക്ക് കാരണം.' ഉനദ്കട്ട് പറഞ്ഞു.
'കഴിഞ്ഞ വർഷം സൺറൈസേഴ്സ് നാലോ അഞ്ചോ മത്സരങ്ങളിൽ 200-ൽ അധികം റൺസ് സ്കോർ ചെയ്തു. അത് സൺറൈസേഴ്സിനെ മികച്ച ടീമാക്കി എന്ന് കരുതി. എന്നാൽ എപ്പോഴും ആ തന്ത്രം വിജയിക്കണമെന്നില്ല. മറ്റ് ടീമുകളും താരങ്ങളും പുതിയ തന്ത്രങ്ങൾ ആസൂത്രണം ചെയ്യും.' ഉനദ്കട്ട് വ്യക്തമാക്കി.
ഐപിഎൽ സീസണിൽ 10 മത്സരങ്ങൾ പിന്നിടുമ്പോൾ മൂന്ന് മത്സരങ്ങൾ മാത്രമാണ് സൺറൈസേഴ്സ് വിജയിച്ചത്. അവശേഷിക്കുന്ന നാല് മത്സരങ്ങൾ വിജയിച്ചാലും സൺറൈസേഴ്സ് പ്ലേ ഓഫിലേക്ക് കടന്നേക്കില്ല. അതിന് പോയിന്റ് ടേബിളിൽ മുന്നിലുള്ള ടീമുകൾ പരാജയപ്പെടേണ്ടതുണ്ട്. കഴിഞ്ഞ ഐപിഎൽ സീസണിലെ ഫൈനലിസ്റ്റുകളായിരുന്നു സൺറൈസേഴ്സ്. എന്നാൽ കഴിഞ്ഞ സീസണിലെ വെടിക്കെട്ട് ബാറ്റിങ് തുടരാൻ കഴിയാതിരുന്നത് ഇത്തവണ സൺറൈസേഴ്സിന് തിരിച്ചടിയായി.
Content Highlights: Jaydev Unadkat has opened up on Sunrisers Hyderabad's faltering IPL campaign