

ചാംപ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ സെമി പോരാട്ടത്തില്‍ ഇന്ത്യ വിജയിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് വൈറല്‍ പാകിസ്താന്‍ ആരാധിക ഫര്യാല്‍ വഖാര്‍. ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ-പാക് പോരാട്ടത്തിന് ശേഷമാണ് ഫര്യാല്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. പാകിസ്താനെ പിന്തുണച്ച് ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലെത്തിയ ഫര്യാലിന്റെ ചിത്രങ്ങള്‍ മത്സരത്തിന് പിന്നാലെയാണ് മാധ്യമ ശ്രദ്ധ നേടിയത്.
പ്രശസ്ത ബോളിവുഡ് നടി ദീപിക പദുക്കോണുമായി വളരെ രൂപസാദൃശ്യമുള്ളതിനാല്‍ പാകിസ്താന്റെ ദീപിക പദുക്കോണെന്നാണ് ഫര്യാലിനെ സോഷ്യല്‍ മീഡിയ വിശേഷിപ്പിച്ചത്. കഴിഞ്ഞ ദിവസം ദുബായില്‍ നടന്ന ഇന്ത്യ-ന്യൂസിലാന്‍ഡ് പോരാട്ടം കാണാന്‍ സ്‌റ്റേഡിയത്തിലെത്തിയും ഫര്യാല്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. മുഖത്ത് ഒരു വശത്ത് ഇന്ത്യയുടെയും മറുവശത്ത് പാകിസ്താന്റെയും പതാകകള്‍ പെയിന്റടിച്ചാണ് ഫര്യാല്‍ സ്റ്റേഡിയത്തിലെത്തിയത്.
ഇപ്പോള്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് പിന്തുണയറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഫര്യാല്‍. 'ഇന്ത്യയും പാകിസ്താനും തമ്മില്‍ വളരെയധികം സമാനതകള്‍ ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. നമ്മുടെ ഭക്ഷണം, സംസ്‌കാരം, സംഗീതം, ചര്‍മ്മത്തിന്റെ നിറം എന്നിവയിലെല്ലാം സമാനതകളുണ്ട്. ഇരുരാജ്യത്തെയും ആളുകള്‍ക്കിടയിലും പ്രത്യേകിച്ച് ദുബായില്‍ ഒരുപാട് സ്‌നേഹമുണ്ടെന്ന് ഞാന്‍ കരുതുന്നു', ഫര്യാല്‍ പറഞ്ഞു.
'ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മത്സരങ്ങള്‍ എക്കാലവും ചരിത്രത്തിന്റെ ഭാഗമാണ്. ഇനി വരാന്‍ പോകുന്നതും ശക്തമായ മത്സരമായിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. സെമി ഫൈനലില്‍ എന്താണ് സംഭവിക്കുകയെന്ന് കാത്തിരുന്ന് കാണാം. ഇന്ത്യയെ പിന്തുണച്ച് ഞാന്‍ തീര്‍ച്ചയായും ഇവിടെയുണ്ടാകും', ഫര്യാല്‍ കൂട്ടിച്ചേര്‍ത്തു.
മാര്‍ച്ച് നാലിനാണ് ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ-ഓസ്‌ട്രേലിയ സെമി ഫൈനല്‍. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 2.30നാണ് മത്സരം ആരംഭിക്കുന്നത്. മറ്റന്നാള്‍ ന്യൂസിലാന്‍ഡ് ദക്ഷിണാഫ്രിക്കയെ രണ്ടാം സെമിയില്‍ നേരിടും. മാര്‍ച്ച് ഒമ്പതിനാണ് ചാംപ്യന്‍സ് ട്രോഫിയുടെ ഫൈനല്‍ നടക്കുക.
Content Highlights: Viral cricket fan Faryal Waqar, Pakistan’s ‘Deepika Padukone’, backs India for semi-final win