'അതൊക്കെ അങ്ങ് പാകിസ്താനില്‍, പെട്ടിയെടുത്ത് വിട്ടോളൂ'; രോഹിത്തിനെതിരായ പരാമർശത്തില്‍ ഷമയോട് യോഗ്‌രാജ് സിങ്

'ഷമ മുഹമ്മദിന് നമ്മുടെ രാജ്യത്ത് തുടരാന്‍ അവകാശമില്ല. ഇന്ത്യയില്‍ ക്രിക്കറ്റ് നമ്മുടെ മതമാണ്'

'അതൊക്കെ അങ്ങ് പാകിസ്താനില്‍, പെട്ടിയെടുത്ത് വിട്ടോളൂ'; രോഹിത്തിനെതിരായ പരാമർശത്തില്‍ ഷമയോട് യോഗ്‌രാജ് സിങ്
dot image

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കെതിരായ കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദിന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ താരവും യുവരാജ് സിങ്ങിന്റെ പിതാവുമായ യോഗ്‌രാജ് സിങ്. രോഹിത് ഒരു കായിക താരത്തിന് ചേരാത്ത വിധത്തില്‍ അമിത ഭാരമുള്ളയാളാണെന്നും ഇന്ത്യ കണ്ട എക്കാലത്തെയും മോശം ക്യാപ്റ്റന്മാരില്‍ ഒരാളാണെന്നുമായിരുന്നായിരുന്നു ഷമ മുഹമ്മദ് എക്സില്‍ കുറിച്ചത്. ഇന്ത്യന്‍ ക്യാപ്റ്റനെ ബോഡി ഷെയ്മിങ് ചെയ്തുള്ള പ്രസ്താവന വിവാദമായതോടെ ഷമ ട്വിറ്ററില്‍ നിന്ന് നീക്കം ചെയ്തു.

ഈ സാഹചര്യത്തിലാണ് രോഹിത് ശര്‍മയെ ബോഡി ഷെയിം ചെയ്ത ഷമയെ രൂക്ഷമായി വിമര്‍ശിച്ച് യോഗ്‌രാജ് സിങ് രംഗത്തെത്തിയത്. ഇന്ത്യയ്ക്ക് അഭിമാനം കൊണ്ടുവന്നിട്ടുള്ള രോഹിത്തിനെ പോലുള്ള താരങ്ങളെ കുറിച്ച് ഇത്തരം പരാമര്‍ശങ്ങള്‍ തെറ്റാണെന്നാണ് യോഗ്‌രാജ് സിങ് പറയുന്നത്. ഇത്തരം പ്രസ്താവനകള്‍ ഉന്നയിക്കുന്നത് പാകിസ്താനില്‍ മാത്രമാണ് നടക്കുകയെന്നും ഇന്ത്യയില്‍ ക്രിക്കറ്റ് മതമാണെന്നും യോഗ്‌രാജ് സിങ് പറഞ്ഞു.

'ഒരു കാര്യം മാത്രമാണ് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്. ക്രിക്കറ്റ് പോലുള്ള ജോലികള്‍ അത് അര്‍ഹിക്കുന്നവര്‍ മാത്രമാണ ചെയ്യുന്നത്. മറ്റാരെങ്കിലും ചെയ്താല്‍ അത് നശിക്കും. ഇന്ത്യയിലെ ജനങ്ങളെയും മണ്ണിനെയും പോലെ തന്നെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും എനിക്ക് സ്വന്തം ജീവനേക്കാള്‍ പ്രിയപ്പെട്ടതാണ്. നമ്മുടെ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയ ഒരു കളിക്കാരനെക്കുറിച്ച് രാഷ്ട്രീയ സംവിധാനത്തിലുള്ള ആരെങ്കിലും ഇത്തരമൊരു പ്രസ്താവന നടത്തിയാല്‍ ആ വ്യക്തി ലജ്ജിക്കുകയാണ് ചെയ്യേണ്ടത്.

'ഷമ മുഹമ്മദിന് നമ്മുടെ രാജ്യത്ത് തുടരാന്‍ അവകാശമില്ല. ഇന്ത്യയില്‍ ക്രിക്കറ്റ് നമ്മുടെ മതമാണ്. ന്യൂസിലന്‍ഡിനോടും ഓസ്‌ട്രേലിയയോടും ഇന്ത്യ തോറ്റപ്പോള്‍ രോഹിത്തിനെയും വിരാടിനെയും കുറിച്ച് ഒരുപാട് വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നു. എന്നാല്‍ ഞങ്ങള്‍ അവര്‍ക്കുവേണ്ടി നിലകൊണ്ടു. എനിക്ക് വളരെ സങ്കടമുണ്ട്. പാകിസ്താനിലാണ് ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നത്. അവരുടെ മുന്‍ താരം (വസീം അക്രം) ഇപ്പോഴത്തെ പാക് താരങ്ങള്‍ ധാരാളമായി വാഴപ്പഴങ്ങള്‍ കഴിക്കുന്നതിനെ കുറിച്ച് പറഞ്ഞിരുന്നതെല്ലാം നമ്മള്‍ കണ്ടതാണ്. ഇതൊന്നും സഹിക്കാന്‍ പാടില്ല. ഇതിനെതിരെ നടപടിയെടുക്കണം. ഞാന്‍ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ നിങ്ങളുടെ ബാഗുകള്‍ പായ്ക്ക് ചെയ്ത് രാജ്യം വിടൂ എന്ന് ഷമയോട് പറയുമായിരുന്നു', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രോഹിത്തിനെതിരായ ഷമ മുഹമ്മദിന്റെ പരാമര്‍ശം കടുത്ത വിമര്‍ശനങ്ങള്‍ക്കാണ് കാരണമായത്. ഷമയുടെ പ്രതികരണത്തിനെതിരേ ബിസിസിഐയും കോണ്‍ഗ്രസും രംഗത്തെത്തി. ഷമയോട് ഇതുമായി ബന്ധപ്പെട്ട പോസ്റ്റ് നീക്കംചെയ്യാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടു. ഷമ മുഹമ്മദിന്റെ പരാമര്‍ശങ്ങള്‍ അടിസ്ഥാനരഹിതവും അവഹേളനപരവുമാണെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയും തുറന്നടിച്ചു.

Content Highlights: 'These things happen in Pakistan' ,Yuvraj Singh's father Yograj brutally slams Congress leader Shama Mohamed for fat-shaming Rohit Sharma

dot image
To advertise here,contact us
dot image