

തിരുവനന്തപുരം: ശ്രീകാര്യത്തെ പതിനേഴുകാരന്റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട അഭിറാം പെണ്‍കുട്ടിക്ക് മെസ്സേജ് അയച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പുറത്തുവന്ന വിവരം. അഭിറാം സ്ഥിരമായി തനിക്ക് ഇന്‍സ്റ്റഗ്രാം വഴി മെസ്സേജ് അയക്കാറുണ്ട് എന്ന് പെണ്‍കുട്ടി കാമുകനോട് പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയെ കൊണ്ട് പതിനേഴുകാരനായ സുഹൃത്ത് അഭിറാമിനെ വിളിച്ചുവരുത്തി. തുടര്‍ന്നായിരുന്നു കൊലപാതകമെന്നും വിവരമുണ്ട്.

പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളില്‍ ഒരാളായ ശ്രീകാര്യം സ്വദേശി ഉമര്‍ റൗഡി ലിസ്റ്റിലും മോഷണക്കേസിലുംപ്പെട്ടയാളാണ്. ഇയാളും പൊലീസ് കസ്റ്റഡിയിലുള്ള പതിനേഴുകാരനും സുഹൃത്തുക്കളാണ്. അഭിറാമിനെ പാങ്ങാപ്പാറയില്‍ വരാന്‍ കാമുകിയെക്കൊണ്ട് വിളിച്ച് പറയിച്ച ശേഷം സുഹൃത്തായ പതിനേഴുകാരനും ഉമറും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് നിഗമനം. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് നടന്ന ഒരു മോഷണക്കേസില്‍ ഉമറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്‍ജിനീയറിങ് കോളേജിന് സമീപം തലയില്‍ക്കോണത്തായിരുന്നു സംഭവം. ഇയാള്‍ക്കൊപ്പം മോഷണത്തിന് പ്രായപൂര്‍ത്തിയാകാത്ത ഒരാളും ഉണ്ടായിരുന്നു. വീട്ടുകാര്‍ ഗുരുവായൂര്‍ ദര്‍ശനത്തിന് പോയ സമയത്ത് വീട്ടില്‍ കയറിയ പ്രതികള്‍ 85000 രൂപയും അരപ്പവനും മോഷ്ടിക്കുകയായിരുന്നു.

തിങ്കളാഴ്ചയായിരുന്നു ശ്രീകാര്യത്തെ അരുംകൊല പുറംലോകമറിയുന്നത്. കാര്യവട്ടം പാങ്ങപ്പാറ സംഗീത നഗര്‍ സ്വദേശിയായ അഭിറാമാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ചാക്കില്‍ കെട്ടി വഴിയോരത്ത് ഉപേക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇന്നലെ വൈകുന്നേരം മുതല്‍ അഭിറാമിനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് കുടുംബം ശ്രീകാര്യം പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ചാക്കില്‍ കെട്ടിയ നിലയില്‍ അഭിറാമിന്റെ മൃതദേഹം കണ്ടെത്തിയത്.
Content Highlights- In connection with the death of a 17-year-old in Sreekaryam, one of the accused is reportedly included in the police rowdy list. The individual is also an accused in a theft case. The details have emerged as part of the ongoing case investigation.