ഡ്രസിങ് റൂമിലുള്ളത് അവിടെ തീരണം; ഗംഭീറിന്റെ ഡ്രസിങ് റൂം സംസാരം ലീക്കായതിൽ വിമർശനവുമായി ഇർഫാൻ പത്താൻ

അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് ജനുവരി മൂന്നിന് ആരംഭിക്കാനിരിക്കെ ഇന്ത്യൻ ടീമിനെ കൂടുതൽ പ്രതിരോധത്തിലാക്കിയിരിക്കുകയാണ് ഡ്രസിങ് റൂമിലെ വിവാദം.

ഡ്രസിങ് റൂമിലുള്ളത് അവിടെ തീരണം; ഗംഭീറിന്റെ ഡ്രസിങ് റൂം സംസാരം ലീക്കായതിൽ വിമർശനവുമായി ഇർഫാൻ പത്താൻ
dot image

ഇന്ത്യൻ ക്രിക്കറ്റിലെ ഡ്രസിങ് റൂം വിവാദത്തിൽ രൂക്ഷ പ്രതികരണവുമായി മുൻ ക്രിക്കറ്റ് താരങ്ങളായ ഇർഫാൻ പത്താനും ശ്രീവത്സ് ഗോസ്വാമിയും രംഗത്ത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോക്‌സിംഗ് ഡേ ടെസ്റ്റ് തോൽവിക്ക് ശേഷം കോച്ച് ഗൗതം ഗംഭീർ ഡ്രസിങ് റൂമിൽ നടത്തിയ രൂക്ഷമായ പരാമർശങ്ങൾ പുറത്തെത്തിയതിനെയാണ് ഇരുവരും വിമർശിച്ചത്.

ഡ്രസ്സിംഗ് റൂം സംഭാഷണങ്ങൾക്ക് അതിന്റേതായ രഹസ്യ സ്വഭാവമുണ്ടെന്നും അത് അവിടെ തന്നെ തീർക്കണമെന്നും പറഞ്ഞ പത്താൻ ഡ്രസിങ് റൂമിലെ ചർച്ചകൾ പുറം ലോകത്ത് ചർച്ചയാകുന്നത് നല്ല പ്രവണതയല്ലെന്നും ചൂണ്ടിക്കാട്ടി. എങ്ങനെയാണ് താരങ്ങളും പരിശീലകരും സപ്പോർട്ടിങ് സ്റ്റാഫുകളും മാത്രമുള്ള ഡ്രസിങ് റൂമിലെ ചർച്ചകൾ മാധ്യമങ്ങൾക്ക് ലഭിച്ചുവെന്ന് ചോദ്യമുന്നയിച്ച ഗോസ്വാമി ഇത് കടുത്ത സ്വകാര്യ ലംഘനമെണെന്ന് പ്രതികരിച്ചു.

ഓസ്ട്രേലിയക്കെതിരായ ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് ജനുവരി മൂന്നിന് ആരംഭിക്കാനിരിക്കെ ഇന്ത്യൻ ടീമിനെ കൂടുതൽ പ്രതിരോധത്തിലാക്കിയിരിക്കുകയാണ് ഡ്രസിങ് റൂമിലെ വിവാദം. നാലാം ടെസ്റ്റ് തോറ്റതോടെ 2-1 ന് പരമ്പരയിൽ ഇന്ത്യ പിന്നിലായിരുന്നു. തുടർന്ന് ഡ്രസിങ് റൂമിൽ ഗൗതം ഗംഭീർ നടത്തിയ വിമർശനങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. സീനിയർ താരങ്ങളുടെ പ്രകടനത്തിൽ നിശിത വിമർശനമുന്നയിച്ച ഗംഭീർ പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കില്‍ സീനിയര്‍ താരങ്ങളെ ടീമില്‍ നിന്നൊഴിവാക്കാന്‍ മടിക്കില്ലെന്ന് മുന്നറിയിപ്പും നല്‍കിയതായി ഇന്ത്യൻ ടീം വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.

സീനിയർ താരങ്ങളെ കൊണ്ട് തനിക്ക് മതിയായെന്നും പല കോണിൽ നിന്ന് താൻ ഇതിന്റെ പേരിൽ വിമർശനം നേരിടുകയാണെന്നും പറഞ്ഞ ഗംഭീർ ചില പുതുമുഖ താരങ്ങളാണ് ഇന്ത്യയെ വലിയ തകർച്ചയിൽ നിന്നും രക്ഷിക്കുന്നതെന്നും കൂട്ടിച്ചേർത്തു. ആരുടേയും പേരെടുത്ത് പറഞ്ഞില്ലെങ്കിലും ക്യാപ്റ്റൻ രോഹിത് അടക്കമുള്ള മോശം ഫോമിൽ തുടരുന്ന താരങ്ങൾക്കെതിരെയാണ് വിമർശനം എന്നുറപ്പാണ്. ഡ്രസിങ് റൂമിലെ സംഭവം പുറം ലോകത്തെത്തിയതോടെ പല രീതിയിലുള്ള ചർച്ചകൾക്കും ഇത് വഴിമരുന്നിട്ടിരിക്കുകയാണ്.

ചില സീനിയർ താരങ്ങളുടെ മോശം പ്രകടനത്തെ തുടർന്ന് വെറ്ററൻ ബാറ്റർ ചേതേശ്വർ പുജാരയെ ടീമിലെത്തിക്കാൻ ഗംഭീർ നിർദേശിച്ചതും സെലക്ഷൻ കമ്മറ്റി ആ ആവശ്യം തള്ളിയതും ഇത് പോലെ വാർത്തയായിട്ടുണ്ട്. സെലക്ഷൻ കമ്മറ്റി ആവശ്യം തള്ളിയതിനെ തുടർന്ന് ഗംഭീർ അതൃപ്‍തി പ്രകടിപ്പിച്ചെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Content Highlights: Irfan pathan criticise on Indian dressing room discussion leake

dot image
To advertise here,contact us
dot image