പുജാരയെ തിരികെ കൊണ്ടുവരണമെന്ന് ഗംഭീർ; പറ്റില്ലെന്ന് സെലക്ഷൻ കമ്മറ്റി, തർക്കം

നേരത്തെ ഡ്രസിങ് റൂമിൽ സീനിയർ താരങ്ങൾക്കെതിരെ ഗംഭീർ രൂക്ഷ വിമർശനം ഉന്നയിച്ചെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു

പുജാരയെ തിരികെ കൊണ്ടുവരണമെന്ന് ഗംഭീർ; പറ്റില്ലെന്ന് സെലക്ഷൻ കമ്മറ്റി, തർക്കം
dot image

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഡ്രസ്സിങ് റൂം വിവാദത്തിന് പിന്നാലെ ചർച്ചയായി ഗൗതം ഗംഭീറും മാനേജ്‌മെന്റും തമ്മിലുള്ള അസ്വാരസ്യങ്ങൾ. ചില സീനിയർ താരങ്ങളുടെ മോശം പ്രകടനത്തെ തുടർന്ന് വെറ്ററൻ ബാറ്റർ ചേതേശ്വർ പുജാരയെ ടീമിലെത്തിക്കാൻ ഗംഭീർ നിർദേശിച്ചെങ്കിലും സെലക്ഷൻ കമ്മറ്റി ആവശ്യം തള്ളിയതായി റിപ്പോർട്ട്. സെലക്ഷൻ കമ്മറ്റി ആവശ്യം തള്ളിയതിനെ തുടർന്ന് ഗംഭീർ അതൃപ്‍തി പ്രകടിപ്പിച്ചെന്നും ഗംഭീർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

2023 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷം ടെസ്റ്റിൽ ടീമിൽ നിന്നും പുജാരയെ തഴഞ്ഞിരുന്നു. ആസ്ട്രേലിയൻ മണ്ണിൽ 11 ടെസ്റ്റ് മത്സരത്തിൽ നിന്നും 47.28 ശരാശരിയിൽ 993 റൺസ് പുജാര നേടിയിട്ടുണ്ട്. ഇന്ത്യൻ ടോപ് ഓർഡറിലെ സീനിയർ താരങ്ങളുടെ മോശം പ്രകടനമാണ് പുജാരയെ ടീമിലെത്തിക്കാനായി ഗംഭീർ മുതിർന്നത്.

നേരത്തെ ഡ്രസിങ് റൂമിൽ സീനിയർ താരങ്ങൾക്കെതിരെ ഗംഭീർ രൂക്ഷ വിമർശനം ഉന്നയിച്ചെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. സീനിയർ താരങ്ങളുടെ പ്രകടനത്തിൽ നിശിത വിമർശനമുന്നയിച്ച ഗംഭീർ പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കില്‍ സീനിയര്‍ താരങ്ങളെ ടീമില്‍ നിന്നൊഴിവാക്കാന്‍ മടിക്കില്ലെന്ന് മുന്നറിയിപ്പും നല്‍കിയതായി ഇന്ത്യൻ ടീം വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.

സീനിയർ താരങ്ങളെ കൊണ്ട് തനിക്ക് മതിയായെന്നും പല കോണിൽ നിന്ന് താൻ ഇതിന്റെ പേരിൽ വിമർശനം നേരിടുകയാണെന്നും പറഞ്ഞ ഗംഭീർ ചില പുതുമുഖ താരങ്ങളാണ് ഇന്ത്യയെ വലിയ തകർച്ചയിൽ നിന്നും രക്ഷിക്കുന്നതെന്നും കൂട്ടിച്ചേർത്തു. ആരുടേയും പേരെടുത്ത് പറഞ്ഞില്ലെങ്കിലും ക്യാപ്റ്റൻ രോഹിത് അടക്കമുള്ള മോശം ഫോമിൽ തുടരുന്ന താരങ്ങൾക്കെതിരെയാണ് വിമർശനം എന്നുറപ്പാണ്. ഡ്രസിങ് റൂമിലെ സംഭവം പുറം ലോകത്തെത്തിയതോടെ പല രീതിയിലുള്ള ചർച്ചകൾക്കും ഇത് വഴിമരുന്നിട്ടിരിക്കുകയാണ്.

കഴിഞ്ഞ ആറുമാസം നിങ്ങളുടെ ഇഷ്ടമനുസരിച്ച് കളിക്കാന്‍ ഞാന്‍ അവസരം നല്‍കി. ഇനിയത് പറ്റില്ല, ഇനി ഞാന്‍ പറയുന്നതുപോലെ കളിക്കാന്‍ തയ്യാറാവാത്തവർക്ക് പുറത്തുപോകാമെന്നും ഗംഭീര്‍ പറഞ്ഞുവെന്ന് റിപ്പോർട്ടുണ്ട്. ചിലർ മുൻ കളികളിൽ നിന്ന് പാഠമുൾക്കൊള്ളുന്നില്ലെന്നും ഗംഭീർ പറഞ്ഞുവെന്നും തുടർച്ചായയി ഓഫ് സൈഡിൽ ബാറ്റ് വെച്ച് ക്യാച്ച് നൽകുന്ന കോഹ്‌ലിയെയാണ് ഇത് ഉദ്ദേശിച്ചതെന്നും ചില ക്രിക്കറ്റ് വിദഗ്ധർ നിരീക്ഷിക്കുന്നുണ്ട്. ഏതായാലും ഈ രണ്ട് വാർത്തകളും ആരാധകർക്കിടയിൽ വലിയ ചർച്ചയും അന്താളിപ്പുമാണ് ഉണ്ടാക്കിയിട്ടുള്ളത്.

Content Highlinghts: Gautam Gambhir wanted Cheteshwar Pujara for the BGT, but selectors turned it down

dot image
To advertise here,contact us
dot image