

ബഹ്‌റൈനെതിരായ ഇറാൻ ആക്രമണങ്ങളെ പിന്തുണച്ചതുമായി ബന്ധപ്പെട്ട വിവിധ കേസുകളിൽ 12 പ്രതികൾക്ക് പത്ത് വർഷം വീതം തടവ് ശിക്ഷ വിധിച്ച് പബ്ലിക് പ്രോസിക്യൂഷൻ. തിങ്കളാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട 11 വ്യത്യസ്ത കേസുകളിൽ ഹൈ ക്രിമിനൽ കോടതി നിർണ്ണായക വിധി പ്രസ്താവിച്ചത്.
രാജ്യത്തിനെതിരായ ആക്രമണങ്ങളെ അനുകൂലിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ ചോർത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുക, നിരോധിത മേഖലകളുടെ ചിത്രങ്ങൾ പകർത്തി കൈമാറുക, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി വ്യാജ വിവരങ്ങളും അഭ്യൂഹങ്ങളും പരത്തുക തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. തടവ് ശിക്ഷയ്ക്ക് പുറമെ പ്രതികളിൽ ചിലർക്ക് 2,000 ബഹ്റൈനി ദിനാർ വീതം പിഴ ചുമത്തിയതായും കേസിനാസ്പദമായി പിടിച്ചെടുത്ത തൊണ്ടിമുതലുകൾ കണ്ടുകെട്ടാൻ കോടതി ഉത്തരവിട്ടതായും ഭീകരവിരുദ്ധ പ്രോസിക്യൂഷൻ മേധാവി അറിയിച്ചു.
സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ വിപുലമായ അന്വേഷണത്തിനൊടുവിലാണ് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്യക്തികളെ സുരക്ഷാ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞത്. തുടർന്ന് അറസ്റ്റിലായ പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയും സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങൾ വിശദമായ പരിശോധനയ്ക്കായി സാങ്കേതിക വിദഗ്ദ്ധർക്ക് കൈമാറുകയും ചെയ്തിരുന്നു.
ഇലക്ട്രോണിക് ഉപകരണങ്ങളിൽ നടത്തിയ ശാസ്ത്രീയ പരിശോധനകളിൽ പ്രതികൾക്കെതിരെയുള്ള കുറ്റങ്ങൾ തെളിയിക്കുന്ന ശക്തമായ തെളിവുകൾ പ്രോസിക്യൂഷൻ കണ്ടെത്തി. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസ് ഹൈ ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്തത്. ബഹ്റൈൻ നിയമം അനുശാസിക്കുന്ന എല്ലാ നിയമപരമായ സുരക്ഷയും പ്രതികൾക്ക് ഉറപ്പാക്കിയിരുന്നതായും കോടതി നടപടികളിലുടനീളം പ്രതികൾക്കായി അഭിഭാഷകർ ഹാജരായിരുന്നതായും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
Content Highlights: A court in Bahrain has handed down prison sentences to 12 individuals accused of supporting attacks linked to Iran against the kingdom. The ruling comes amid heightened regional security concerns and reflects Bahrain's efforts to address activities considered a threat to national security.