
വീണ്ടും ഇന്ത്യൻ സിനിമ ഒരു ദേശീയ പുരസ്കാര പ്രഖ്യാപനത്തിനായി കാതോർത്തിരിക്കുകയാണ്. ഇക്കുറി ആരൊക്കെ ജേതാക്കളാകുമെന്ന് അറിയാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ മലയാള സിനിമാപ്രേക്ഷകരുടെ കാത്തിരിപ്പ് കൂടുകയാണ്, കാരണം മികച്ച നടൻ എന്ന പട്ടികയിൽ മമ്മൂട്ടിയുമുണ്ട്. മലയാളത്തിന്റെ പ്രിയതാരം തന്റെ നാലാം ദേശീയ പുരസ്കാരം നേടുമോ എന്നറിയാൻ വിരലിൽ എണ്ണാവുന്ന സമയം മാത്രം ബാക്കി നിൽക്കേ ഇതിന് മുന്നേ മികച്ച നടനുള്ള ദേശീയ പുരസ്കാരം മലയാളത്തിലെത്തിച്ച അഭിനേതാക്കൾ ആരൊക്കെ എന്ന് നോക്കാം.
പി ജെ ആന്റണി
മികച്ച നടനുള്ള ദേശീയ പുരസ്കാരം മലയാള സിനിമയിലേക്ക് ആദ്യം എത്തിച്ചത് നാടകാചാര്യൻ പി ജെ ആന്റണിയായിരുന്നു, 1974 ൽ നിർമ്മാല്യം എന്ന സിനിമയിലൂടെ. പള്ളിവാളും കാൽചിലമ്പും എന്ന ചെറുകഥയെ ആസ്പദമാക്കി എം ടി വാസുദേവൻ നായർ തിരക്കഥയും സംവിധാനം നിർവഹിച്ച സിനിമയായിരുന്നു നിർമ്മാല്യം. 1973-ൽ പുറത്തിറങ്ങിയ ചിത്രം പറയുന്നത് ദാരിദ്ര്യത്തിന്റെ കനൽ ചൂളയിൽ ജീവിക്കുന്ന ഒരു വെളിച്ചപ്പാടിന്റെയും കുടുംബത്തിന്റെയും കഥയാണ് പറയുന്നത്. ചിത്രത്തിൽ പ്രധാന കഥാപാത്രമായ വെളിച്ചപ്പാടിനെയാണ് പി ജെ അവതരിപ്പിച്ചത്. ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ട്, ആ തിരിച്ചറിവിൽ കയ്യിലെ പള്ളിവാള് കൊണ്ട് ശിരസ്സിൽ വെട്ടി, ദൈവത്തിന്റെ മുഖത്ത് ആഞ്ഞു തുപ്പുന്ന ആ വെളിച്ചപ്പാടിനല്ലാതെ മറ്റാർക്കാണ് പുരസ്കാരം നൽകുക എന്ന് ഇന്ത്യൻ സിനിമ ഒന്നാകെ പറയുകയും ചെയ്തു. മികച്ച നടന് പുറമെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും സിനിമ നേടിയിരുന്നു.
ഭരത് ഗോപി
1978 ൽ പുറത്തിറങ്ങിയ കൊടിയേറ്റം എന്ന അടൂർ ഗോപാലകൃഷ്ണൻ ചിത്രത്തിലൂടെയാണ് ഭരത് ഗോപിക്ക് ദേശീയ പുരസ്കാരം ലഭിച്ചത്. മലയാള സിനിമയിൽ ഒട്ടനവധി കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന ഭരത് ഗോപി, ശങ്കരൻകുട്ടി എന്ന കഥാപാത്രത്തെയാണ് സിനിമയിൽ അവതരിപ്പിച്ചത്. ദേശിയ പുരസ്കാരത്തിന് പുറമെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും സിനിമയിലൂടെ അദ്ദേഹം സ്വന്തമാക്കിയിരുന്നു.
ബാലൻ കെ നായർ
മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച വില്ലൻ നടന്മാരിൽ ഒരാളായ ബാലൻ കെ നായർ, മലയാളത്തിലേക്ക് ദേശീയ പുരസ്കാരം കൊണ്ടുവന്നത് ഓപ്പോൾ എന്ന സിനിമയിലൂടെയാണ്. എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത സിനിമയിൽ ഗോവിന്ദൻ എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിച്ചത്. മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരവും മികച്ച ഗായികക്കുള്ള ദേശീയ പുരസ്കാരവും സിനിമയ്ക്ക് ലഭിച്ചിരുന്നു.
പ്രേംജി
ഷാജി എന് കരുണ് സംവിധാനം ചെയ്ത പിറവിയിലെ ചാക്യാര് എന്ന കഥാപാത്രത്തിലൂടെയാണ് പ്രേംജിക്ക് ദേശീയ പുരസ്കാരം ലഭിച്ചത്. പൊലീസ് കസ്റ്റഡിയിലെടുത്ത മകൻ രഘുവിനെ തേടിയലയുന്ന കഥാപാത്രമായിരുന്നു സിനിമയിൽ അദ്ദേഹം അവതരിപ്പിച്ചത്. പിറവിയിലൂടെ അദ്ദേഹം സംസ്ഥാന ചലച്ചിത്ര പുരസ്കാരവും സ്വന്തമാക്കിയിരുന്നു.
മമ്മൂട്ടി
രാജ്യം ഏറ്റവും അധികം തവണ ദേശീയ പുരസ്കാരം നൽകി ആദരിച്ച നടന്മാരുടെ പട്ടികയെടുത്താൽ അതിൽ മുൻപന്തിയിലുള്ള നടനാണ് മമ്മൂട്ടി. മൂന്ന് തവണയാണ് അദ്ദേഹത്തിന് ഇതുവരെ ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിരിക്കുന്നത്. 1989 ൽ മതിലുകൾ, ഒരു വടക്കൻ വീരഗാഥ, 1993 ൽ പൊന്തൻമാട, വിധേയൻ, 1998 ൽ ഡോ. ബാബാസാഹേബ് അംബേദ്കർ എന്നീ സിനിമകളിലൂടെയാണ് അദ്ദേഹം പുരസ്കാരങ്ങൾക്ക് അർഹനായത്. ഇക്കുറി നൻപകൽ നേരത്ത് മയക്കം എന്ന സിനിമയിലൂടെ ഒരിക്കൽ കൂടി ദേശീയ പുരസ്കാരം ആ കൈകളിലെത്തിയാൽ, ഏറ്റവും അധികം തവണ ദേശീയ പുരസ്കാരം നേടിയ നടന്മാരിൽ ഒരാളാകും അദ്ദേഹം.
മോഹൻലാൽ
സഹോദരന്റെ വിയോഗത്തിന്റെ വേദന തന്റെ കുടുംബത്തെ അറിയിക്കാതെ എല്ലാം കടിച്ചമർത്തി നിൽക്കുന്ന ഭാരതത്തിലെ ഗോപിനാഥനെ ഓർമ്മയില്ലേ, ആ കഥാപാത്രത്തിലൂടെ 1991ലാണ് മോഹൻലാൽ മികച്ച നടനുള്ള ദേശീയ പുരസ്കാരം ആദ്യമായി നേടുന്നത്. അതിന് രണ്ടുവർഷം മുൻപ് അദ്ദേഹം കിരീടത്തിലൂടെ പ്രത്യേക ജൂറി പരാമർശം നേടിയിട്ടുണ്ട് എന്നത് മറ്റൊരു വസ്തുത. പിന്നീട് 1991 ൽ വാനപ്രസ്ഥം എന്ന സിനിമയിൽ കുഞ്ഞികുട്ടനായി അദ്ദേഹം ആടിത്തകർത്ത് രണ്ടാമതും മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടി.
ബാലചന്ദ്ര മേനോൻ
1998ൽ പുറത്തിറങ്ങിയ സമാന്തരങ്ങൾ എന്ന സിനിമയിലൂടെയാണ് ബാലചന്ദ്ര മേനോൻ ദേശീയ പുരസ്കാരത്തിന് അർഹനായത്. ഇസ്മായേൽ എന്ന റെയിൽവേ സ്റ്റേഷൻ മാസ്റ്ററുടെ കഥാപാത്രത്തെയാണ് അദ്ദേഹം സിനിമയിൽ അവതരിപ്പിച്ചത്. സിനിമയുടെ സംവിധാനവും തിരക്കഥയും കഥയും സംഗീതവും അടക്കം നിർഹിച്ചതും അദ്ദേഹം തന്നെയാണ്.
സുരേഷ് ഗോപി
ബാലചന്ദ്രമേനോന് സമാന്തരമായി ദേശീയ പുരസ്കാരം നേടിയ നടനാണ് സുരേഷ് ഗോപി. 1998 ൽ ജയരാജ് സംവിധാനം ചെയ്ത കളിയാട്ടം എന്ന സിനിമയിലൂടെയാണ് അദ്ദേഹം പുരസ്കാരത്തിന് അർഹനായത്. വില്യം ഷേക്സ്പിയറിന്റെ ഒഥല്ലോയെ ആസ്പദമാക്കി ഒരുക്കിയ സിനിമയിൽ കണ്ണൻ പെരുമലയൻ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്.
മുരളി
മുരളിയുടെ പേരിനൊപ്പം ഭരത് എന്ന പട്ടവും ചേർത്ത സിനിമയാണ് നെയ്ത്തുകാരൻ. ഇഎംഎസ്സിനെ ഏറെ ആരാധിക്കുന്ന അപ്പ മേസ്തരി എന്ന കഥാപാത്രം മുരളിയുടെ അഭിനയ തികവിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. അപ്പ മേസ്തരിയുടെ ചെറുപ്പകാലവും വാർധക്യവും മുരളി അവിസ്മരണീയമാക്കി. ഒരു മനുഷ്യന്റെ മാനസികവ്യാപാരങ്ങളും, ഒരു വിപ്ലവകാരിയുടെ അടങ്ങാത്ത വീര്യവുമെല്ലാം ആ കഥാപാത്രത്തിലൂടെ മുരളി വരച്ചുകാട്ടി.
സലിം കുമാർ
2010 ൽ ആദാമിന്റെ മകൻ അബു എന്ന സിനിമയിലൂടെയാണ് സലിം കുമാർ ദേശീയ പുരസ്കാരത്തിന് അർഹനായത്. അബു എന്ന മനുഷ്യന്റെ ഹജ്ജിന് പോകാനുള്ള ശ്രമങ്ങൾ പറഞ്ഞ സിനിമയിൽ അബുവായാണ് അദ്ദേഹം അഭിനയിച്ചത്.
സുരാജ് വെഞ്ഞാറമൂട്
ഡോ. ബിജു സംവിധാനം ചെയ്ത പേറിയാത്തവർ എന്ന സിനിമയിലൂടെയാണ് സുരാജ് വെഞ്ഞാറമൂട് ദേശീയ പുരസ്കാരം നേടിയത്. തെരുവ് വൃത്തിയാക്കുന്ന ജീവനക്കാരന്റെ ജീവിതത്തിലൂടെ സമകാലിക കേരളത്തെ വരച്ചു കാട്ടുന്ന ചിത്രത്തിൽ പേരുപോലുമില്ലാത്ത കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിച്ചത്.