
പാരീസ് ഒളിംപിക്സിൽ ഇന്ത്യ ആദ്യ മെഡൽ നേടിയിരിക്കുന്നു. പതറാത്ത മനസും പിഴയ്ക്കാത്ത ഉന്നവുമായി ഒരു ഇരുപത്തിരണ്ടുകാരി ചരിത്രത്തിലേക്ക് കാഞ്ചി വലിച്ചു. ഷൂട്ടിങ് റേഞ്ചിലൂടെ ഒളിംപിക് വേദിയിൽ ഒരിക്കൽ കൂടി ത്രിവർണ പതാക ഉയർന്ന് പറന്നു. മനു ഭാകർ ഇന്ത്യയുടെ അഭിമാനമായി. ഷൂട്ടിങ്ങിൽ, 10 മീറ്റർ എയർ പിസ്റ്റളിലാണ് മനുവിന്റെ നേട്ടം. ഒളിംപിക്സ് ഷൂട്ടിങ്ങിൽ ഇത് ആദ്യമായാണ് ഒരു ഇന്ത്യൻ വനിത മെഡൽ നേടുന്നത് എന്ന പ്രത്യേകതയുമുണ്ട്.
'വളരെക്കാലമായി ഇന്ത്യ കാത്തിരുന്നതാണ് ഈ ഇനത്തിലെ മെഡൽ. എന്നാലാവുന്നത് ഞാൻ ചെയ്തു എന്നേയുള്ളു. ഇന്ത്യ കൂടുതൽ മെഡലുകൾ അർഹിക്കുന്നുണ്ട്. ഇത്തവണ ആവുന്നത്ര മെഡലുകൾ നേടാനാണ് ഞങ്ങളുടെ ശ്രമം. എനിക്കിപ്പോഴും ഇതൊരു സ്വപ്നം പോലെയാണ്, ഞാനൊരുപാട് പരിശ്രമിച്ചു. അവസാനഷോട്ട് വരെ എന്റെ സകല ശക്തിയുമെടുത്താണ് ഞാൻ പോരാടിയത്. ഇതൊരു വെങ്കല മെഡലാണ്. അടുത്ത തവണ കൂടുതൽ മികച്ചതായേക്കും'. ചരിത്രനേട്ടത്തിന് പിന്നാലെ മനു ഭാകർ പ്രതികരിച്ചു.
ഫൈനലിലെ അവസാന നിമിഷങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മനുവിന്റെ മറുപടി ഇങ്ങനെ. 'സത്യം പറഞ്ഞാൽ ഞാൻ ഭഗവദ് ഗീത ഒരുപാട് വായിക്കാറുണ്ട്. അതുകൊണ്ട് തന്നെ എന്റെ മനസിൽ അപ്പോഴുണ്ടായിരുന്നത് ചെയ്യാനുള്ളത് ചെയ്യൂ, ചെയ്യാനാഗ്രഹിക്കുന്നത് ചെയ്യൂ ബാക്കിയെല്ലാം വിട്ടേക്കൂ എന്ന ചിന്തയായിരുന്നു. വിധിയെ നിയന്ത്രിക്കാൻ നിങ്ങൾക്കാവില്ല. ഗീതയിൽ കൃഷ്ണൻ അർജുനനോട് പറയുന്നില്ലേ, കർമ്മം ചെയ്യൂ. കർമ്മത്തിൽ ശ്രദ്ധീക്കൂ, ഫലത്തെ ഇച്ഛിക്കാതെ എന്ന്. അതാണ് അപ്പോഴെന്റെ ചിന്തയിലുണ്ടായിരുന്നത്'.
ടോക്കിയോ ഒളിംപിക്സിലെ പരാജയത്തിൽ താൻ വളരെ നിരാശ അനുഭവിച്ചെന്നും മനു ഭാകർ പറഞ്ഞു. അതിൽ നിന്ന് പുറത്തുകടക്കാൻ ഒരുപാട് സമയം വേണ്ടിവന്നു. കഴിഞ്ഞത് കഴിഞ്ഞു, ഇപ്പോഴുള്ള സമയത്തിൽ ശ്രദ്ധിക്കൂ എന്നാണ് ഇപ്പോൾ തനിക്ക് പറയാനുള്ളത്. ഈ മെഡൽ ടീം വർക്കിന്റെ ഫലമാണ്. അതിനൊരു നിമിത്തമായതിൽ താൻ ഏറെ സന്തോഷിക്കുന്നുവെന്നും മനു ഭാകർ പറഞ്ഞു.
221.7 പോയിന്റുമായാണ് മനു വെങ്കലത്തിളക്കം സ്വന്തമാക്കിയത്. ഒരു ഘട്ടത്തിൽ രണ്ടാം സ്ഥാനത്തായിരുന്നു മനു. ഇരുപത്തിരണ്ടാം ഷോട്ടിൽ 10.3 പോയിന്റ് ലഭിച്ചപ്പോൾ പ്രതീക്ഷയായിരുന്നു. എന്നാൽ ദക്ഷിണ കൊറിയൻ താരം 10.5 പോയിന്റ് നേടി മനുവിനെ മറികടന്നു. വെള്ളി നഷ്ടമായത് ദശാംശം ഒരു പോയിന്റ് വ്യത്യാസത്തിനാണ്.
12 വർഷത്തിന് ശേഷമാണ് ഷൂട്ടിങ്ങിൽ ഇന്ത്യ മെഡൽ നേടുന്നത്. നാല് പുരുഷ താരങ്ങൾ മനുവിന് മുൻപ് പോഡിയം കയറി. അതിൽ അഭിനവ് ബിന്ദ്രയ്ക്ക് സ്വർണം നേടി. ബിന്ദ്രയെ കണ്ട് തോക്കെടുത്ത പെൺകുട്ടി ആരാധ്യ പുരുഷനെ പോലെ ഇപ്പോൾ രാജ്യമെങ്ങും ആരാധകരെ സൃഷ്ടിച്ചിരിക്കുന്നു.
ഇന്ത്യക്കായി ഒളിംപിക്‌സ് മെഡല്‍ നേടുന്ന എട്ടാമത്തെ വനിതാ അത്‌ലറ്റാണ് മനു ഭാകർ. കഴിഞ്ഞ ടോക്കിയോ ഒളിംപിക്സിൽ പിസ്റ്റൾ തകരാറിനെ തുടർന്ന് പിന്തള്ളപ്പെട്ട് കരഞ്ഞ് കലങ്ങിയ കണ്ണുകളോടെ മടങ്ങിയവൾ ഇന്ന് പുഞ്ചിരിക്കുന്നു. ഇന്നും കണ്ണുകൾ കലങ്ങിയിരിക്കുന്നു, പക്ഷേ ആ കണ്ണീരിൽ ആനന്ദം നിറയുന്നു. വലിയ ലക്ഷ്യങ്ങൾ ഇനിയും മുന്നിലുണ്ട്. മനു ഭാകർ പ്രതീക്ഷകളുടെ തോക്ക് കൈയിലേന്തുന്നു, നിശ്ചയദാർഢ്യത്തോടെ വിരലുകൾ കാഞ്ചിയിൽ അമർത്തുന്നു.