രോഹിത്തല്ല; ക്രിക്കറ്റിലേക്കെത്താന്‍ പ്രചോദനമായത് ആ രണ്ട് താരങ്ങള്‍; മനസ് തുറന്ന് ഗില്‍

'2011 – 2013 ഓടെയാണ് ഞാൻ ക്രിക്കറ്റിനെ ശരിയായി മനസ്സിലാക്കാൻ തുടങ്ങിയത്'

രോഹിത്തല്ല; ക്രിക്കറ്റിലേക്കെത്താന്‍ പ്രചോദനമായത് ആ രണ്ട് താരങ്ങള്‍; മനസ് തുറന്ന് ഗില്‍
dot image

ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ മുന്‍നിരയില്‍ തന്നെ നില്‍ക്കുന്ന യുവതാരമാണ് ശുഭ്മന്‍ ഗില്‍. നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനും ടി20, ഏകദിന ടീമുകളുടെ വൈസ് ക്യാപ്റ്റനുമാണ് 26കാരനായ ഗില്‍. ഇപ്പോഴിതാ ഇന്ത്യൻ ക്രിക്കറ്റിൽ‌ തന്റെ ഏറ്റവും പ്രിയപ്പെട്ട രണ്ട് താരങ്ങളെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ശുഭ്മൻ ഗിൽ.

ഒരു പോഡ്‌കാസ്റ്റിൽ സംസാരിക്കവെയാണ് തനിക്ക് ക്രിക്കറ്റിലേക്കെത്താൻ പ്രചോദനമായ താരങ്ങളെ കുറിച്ച് വാചാലനായത്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽ‌ക്കറും മുൻ‌ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുമാണ് തന്റെ ഐഡലുകളെന്നാണ് ​ഗിൽ പറഞ്ഞത്. കുട്ടിക്കാലം മുതലേ ഇരുതാരങ്ങളെയും താൻ ആരാധിക്കുകയാണെന്നും ​ഗിൽ‌ കൂട്ടിച്ചേർത്തു.

'ക്രിക്കറ്റിൽ എനിക്ക് രണ്ട് ആരാധനാപാത്രങ്ങളുണ്ടായിരുന്നു. സച്ചിൻ ടെണ്ടുൽക്കറാണ് ആദ്യത്തേത്. അദ്ദേഹം എന്റെ അച്ഛനും പ്രിയപ്പെട്ട താരമാണ്. ഞാൻ യഥാർത്ഥത്തിൽ ക്രിക്കറ്റിലേക്ക് വന്നതിന് കാരണം തന്നെ സച്ചിനാണ്. 2013ൽ അദ്ദേഹം വിരമിച്ചു, 2011 – 2013 ഓടെയാണ് ഞാൻ ക്രിക്കറ്റിനെ ശരിയായി മനസ്സിലാക്കാൻ തുടങ്ങിയത്. കഴിവുകൾ മാത്രമല്ല, കളിയുടെ മാനസികവും തന്ത്രപരവുമായ വശവും ഞാൻ പഠിച്ചു തുടങ്ങി', ഗിൽ പറഞ്ഞു.

'2011– 2013 കാലഘട്ടത്തിൽ ഞാൻ വിരാട് കോഹ്‌ലിയെ പിന്തുടർന്നുതുടങ്ങിയ സമയമായിരുന്നു. അദ്ദേഹം തന്റെ കരിയറിൽ എങ്ങനെ മുന്നോട്ട് പോയി, കളിയോടുള്ള അദ്ദേഹം പുലർത്തിയിരുന്ന അതിയായ അഭിനിവേശവും അടങ്ങാത്ത ദാഹവും കാണാൻ എനിക്ക് വളരെ ഇഷ്ടമായിരുന്നു. നിങ്ങൾക്ക് എല്ലാ കഴിവുകളും എല്ലാ സാങ്കേതിക വിദ്യകളും പഠിക്കാൻ കഴിയും. പക്ഷേ ക്രിക്കറ്റിനോടുള്ള അടങ്ങാത്ത ദാഹം നിങ്ങൾക്ക് ഉണ്ടായിരിക്കാം. വിരാടിന് അത് ധാരാളമുണ്ടായിരുന്നു. അത് എന്നെ ശരിക്കും പ്രചോദിപ്പിച്ചു', ഗിൽ കൂട്ടിച്ചേർത്തു.

Content Highlights: Not Rohit Sharma! Shubman Gill Names His Two Cricketing Idols

dot image
To advertise here,contact us
dot image