
ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പാകിസ്താന് വിജയത്തുടക്കം. ഒമാനെതിരായ മത്സരത്തില്‍ 93 റണ്‍സിന്റെ വിജയമാണ് പാക് പട സ്വന്തമാക്കിയത്. 161 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഒമാനെ പാകിസ്താന്‍ 16.4 ഓവറില്‍ 67 റണ്‍സിന് ഓള്‍ഔട്ടാക്കുകയായിരുന്നു.
രണ്ട് വീതം വിക്കറ്റ് വീഴ്ത്തിയ സയിം അയൂബ്, സുഫിയാന്‍ മുഖീം, ഫഹീം അഷ്റഫ് എന്നിവരാണ് പാകിസ്താനെ വിജയത്തിലേക്ക് നയിച്ചത്. ഷഹീന്‍ ഷാ അഫ്രീദിയും അബ്രാര്‍ അഹമ്മദും മുഹമ്മദ് നവാസും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്താന്‍ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 160 റണ്‍സെടുത്തത്. പാകിസ്താന് വേണ്ടി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് ഹാരിസ് അര്‍ധസെഞ്ച്വറി നേടി. 43 പന്തില്‍ 66 റണ്‍സെടുത്ത മുഹമ്മദ് ഹാരിസാണ് ടോപ് സ്‌കോറര്‍. ഒമാന് വേണ്ടി ബൗളര്‍മാരായ ഷാ ഫൈസലും ആമിര്‍ ഖലീമും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി തിളങ്ങി.
മറുപടി ബാറ്റിങ്ങില്‍ ഒമാനെ അതേ നാണയത്തില്‍ പ്രതിരോധത്തിലാക്കാന്‍ പാക് ബൗളര്‍മാര്‍ക്ക് തുടക്കം മുതല്‍ സാധിച്ചു. പാക് ബോളര്‍മാര്‍ എല്ലാവരും കൃത്യമായ ഇടവേളകളില്‍ ഒമാന്‍ വിക്കറ്റുകള്‍ പിഴുതു. ഒമാന്‍ ക്യാപ്റ്റന്‍ ജിതേന്ദര്‍ സിങ് ഒരു റണ്ണെടുത്തും സഹ ഓപ്പണര്‍ ആമിര്‍ കലീം 13 റണ്ണെടുത്തും പുറത്തായി. മുഹമ്മദ് നദീം മൂന്ന് റണ്ണിലും, സുഫ്യാന്‍ മഹ്‌മൂദ് ഒരു റണ്ണിലും മടങ്ങി.
വിക്കറ്റ് കീപ്പര്‍ വിനായക് ശുക്ല നാല് പന്തില്‍ 2 റണ്‍സെടുത്ത് നില്‍ക്കേ റണ്ണൗട്ടായി. ഹമ്മദ് മിര്‍സ (23 പന്തില്‍ 27), ഷാ ഫൈസല്‍ (3 പന്തില്‍ 1) സിക്രിയ ഇസ്ലം (8 പന്തില്‍ 0), ഹസ്നൈന്‍ ഷാ (2 പന്തില്‍ 1), ഷക്കീല്‍ അഹമ്മദ് (23 പന്തില്‍ 10), സമയ് ശ്രീവാസ്തവ (11 പന്തില്‍ 5*) എന്നിങ്ങനെയായിരുന്നു മറ്റ് ഒമാന്‍ താരങ്ങളുടെ സ്‌കോര്‍. മൂന്ന് ഒമാന്‍ ബാറ്റര്‍മാര്‍ മാത്രമാണ് രണ്ടക്കം കടന്നത്.
Content Highlights: Asia Cup 2025: Pakistan beat Oman by 93 runs in Dubai