പ്രിയ ഗിൽ ഇതുപോരാ; താങ്കളിൽ നിന്ന് പ്രതീക്ഷിക്കുന്നത് ഇനിയുമേറെ

ഒരു ഇതിഹാസ താരമാകന്‍ നിങ്ങള്‍ക്ക് കഴിയുമെന്ന് ഞങ്ങള്‍ക്കറിയാം.
പ്രിയ ഗിൽ ഇതുപോരാ; താങ്കളിൽ നിന്ന് പ്രതീക്ഷിക്കുന്നത് ഇനിയുമേറെ

പ്രിയ ശുഭ്മന്‍ ഗില്‍. ഒടുവില്‍ കാത്തിരുന്ന ദിനം വന്നെത്തി. താങ്കളുടെ ക്ലാസ് ഇന്നിംഗ്‌സ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് സന്തോഷം നല്‍കിയിരിക്കുന്നു. മിച്ചല്‍ സാന്റര്‍ എന്ന ഇടം കയ്യന്‍ സ്പിന്നറെ അതിര്‍ത്തി കടത്തിയത് ഏറെ സന്തോഷിപ്പിച്ചു. പക്ഷേ ഇതുപോരാ. താങ്കളില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ഈ ഒരു സെഞ്ച്വറിയല്ല. ഇന്ത്യന്‍ ക്രിക്കറ്റ് നിങ്ങളില്‍ നിന്നേറെ പ്രതീക്ഷിക്കുന്നു.

വീരേന്ദര്‍ സെവാഗ്, സച്ചിന്‍ തെണ്ടുല്‍ക്കര്‍, ഗൗതം ഗംഭീര്‍. ഇവര്‍ പോയപ്പോള്‍ മുതല്‍ ഞങ്ങള്‍ ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ട്. സ്ഥിരതയാര്‍ന്ന ഒരു ഓപ്പണിംഗ് സഖ്യത്തെ. രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും പ്രതീക്ഷ നല്‍കി. പക്ഷേ ശിഖാറിന് തന്റെ യാത്ര പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. കെ എല്‍ രാഹുല്‍ ഓരോ ദിവസവും റിവേഴ്‌സ് ഗിയറിലാണ്. രോഹിത് ശര്‍മ്മ കരിയറിന്റെ അവസാന ഘട്ടത്തിലെത്തിക്കഴിഞ്ഞു. ഇനി പ്രതീക്ഷ നിങ്ങളിലാണ്. കാരണം ഒരു ഇതിഹാസ താരമാകന്‍ നിങ്ങള്‍ക്ക് കഴിയുമെന്ന് ഞങ്ങള്‍ക്കറിയാം.

കൗമാരകാലത്ത് തന്നെ ക്രിക്കറ്റില്‍ അസാധ്യ മികവ് പുറത്തെടുത്ത താരം. ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ അതിവേഗത്തില്‍ ഉയര്‍ന്നുവന്നു. പലപ്പോഴും ക്രിക്കറ്റ് ഗില്ലിന്റെ പഠനത്തിന് തടസമായി. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ശുഭ്മന്‍ ഗില്ലിന് ഒരു ബിരുദം പോലുമില്ല. ഡല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷക സമരം ശക്തമായ ഒരു കാലമുണ്ടായിരുന്നു. അന്ന് ഗില്ലിന്റെ പിതാവ് ജീവിതത്തിന് വേണ്ടി പോരാടി. താങ്കള്‍ രാജ്യത്തിന് വേണ്ടിയും.

സമീപകാലത്ത് ഗില്‍ മോശം ഫോമിലാണ്. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും താങ്കള്‍ പിന്നോട്ടാണ്. ഐപിഎല്ലിലെ മോശം പ്രകടനത്തിനിടയിലും താങ്കള്‍ക്ക് ഒരു ആശ്വാസമുണ്ട്. ട്വന്റി 20 ലോകകപ്പിനുള്ള റിസര്‍വ് നിരയില്‍ ശുഭ്മന്‍ ഗില്ലിന് ഇടം ലഭിച്ചു. ഒരുഘട്ടത്തില്‍ ടീമില്‍ സ്ഥാനം നഷ്ടമാകുമെന്ന് താങ്കള്‍ ഭയപ്പെട്ടിരുന്നില്ലേ?

അന്ന് പറഞ്ഞ വാക്കുകള്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ കാതുകളില്‍ മുഴങ്ങുന്നുണ്ട്. ടീമില്‍ ഇടം ലഭിച്ചില്ലെങ്കില്‍ വീട്ടിലിരുന്ന് ഇന്ത്യയുടെ വിജയത്തിനായി ആരവങ്ങള്‍ ഉയര്‍ത്താം. ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ആരാധകര്‍ പറയുന്നു. ഞങ്ങള്‍ താങ്കള്‍ക്കുവേണ്ടി ആരവങ്ങള്‍ ഉയര്‍ത്താം. പക്ഷേ ഒരൊറ്റ ഉപാധി മാത്രം. ഞങ്ങള്‍ പ്രതീക്ഷിക്കുന്നതുപോലെ ഒരു ഇതിഹാസമായി താങ്കള്‍ മാറണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com