കോടികൾ കത്തിച്ച ക്ലാസൻ; ലോകോത്തര താരം ഹൈദരാബാദിലുണ്ട്

മുൻനിര ബാറ്റർമാർ മോശമായപ്പോൾ ആ റിസർവ് വിക്കറ്റ് കീപ്പറിനെ ദക്ഷിണാഫ്രിക്ക ടീമിൽ ഉൾപ്പെടുത്തി.
കോടികൾ കത്തിച്ച ക്ലാസൻ; ലോകോത്തര താരം ഹൈദരാബാദിലുണ്ട്

ഐപിഎല്ലിൽ‌ കൊൽക്കത്തയ്ക്കെതിരെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും സൺറൈസേഴ്സിന് ആശ്വസിക്കാം. ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ആക്രമണ ബാറ്റർമാരിലൊരാളാണ് ഒപ്പമുള്ളത്. കൊൽക്കത്ത അനായാസ വിജയം സ്വപ്നം കണ്ടിടത്തു നിന്നും അപ്രതീക്ഷിത ബാറ്റിം​ഗ് വിസ്ഫോടനത്തിന് തിരികൊളുത്തി. അയാളുടെ പേരാണ് ഹെൻറിച്ച് ക്ലാസൻ.

ഈഡൻ ​ഗാർഡനിലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സ്വന്തം ​സ്റ്റേഡിയത്തിലായിരുന്നു മത്സരം. ആന്ദ്ര റസ്സലിന്റെ മസ്സിൽ പവർ ആദ്യ പകുതിക്ക് വിരുന്നൊരുക്കി. കൊൽക്കത്ത വമ്പൻ സ്കോറിലേക്ക് കുതിച്ചു. മറുപടി പറഞ്ഞ സൺറൈസേഴ്സ് തോൽവിയിലേക്ക് നീങ്ങി. അവസാന ആറ് ഓവറിൽ സൺറൈസേഴ്സിന് വിജയിക്കാൻ 94 റൺസ് വേണമായിരുന്നു. ക്രിക്കറ്റിൽ അത്ഭുതങ്ങൾ നടന്നാൽ മാത്രം എത്തിച്ചേരാവുന്ന ലക്ഷ്യമാണ് അത്. അവിടെ നിന്നും ക്ലാസൻ തന്റെ വെടിക്കെട്ട് ബാറ്റിം​ഗിന് തുടക്കം കുറിച്ചു. ഫോറുകൾ ആ ഇന്നിം​ഗ്സിൽ ഉണ്ടായിരുന്നില്ല. എട്ട് തവണ ക്ലാസന്റെ ബാറ്റിൽ സിക്സുകൾ പറന്നു. ഐപിഎൽ കോടിപതി മിച്ചൽ സ്റ്റാർക് നിലം തൊടാതെ അതിർത്തി കടന്നു. സ്പിൻകെണി ഒരുക്കിയ വരുൺ ചക്രവർത്തിയെ ബൗണ്ടറിക്ക് വെളിയിലേക്ക് ആട്ടിപായിച്ചു. ഒടുവിൽ ലക്ഷ്യത്തിന് നാല് റൺസ് അകലെ ക്ലാസൻ വീണു. ഒപ്പം സൺറൈസേഴ്സ് തോൽവിയും വഴങ്ങി.

2018ൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് പരമ്പര. ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡു പ്ലെസിക്ക് പരിക്കേറ്റു. പകരക്കാരനായി ഫർഗാൻ ബെഹർദീൻ ടീമിലെത്തി. ഒപ്പം റിസർവ് നിരയിലേക്ക് ഒരു വിക്കറ്റ് കീപ്പറെ കൂടി നിയോ​ഗിച്ചു. വിരാട് കോഹ്‌ലിയുടെ സംഘം അന്ന് അപ്രതീക്ഷിത മുന്നേറ്റമാണ് ദക്ഷിണാഫ്രിക്കയിൽ കാഴ്ചവെച്ചത്. മുൻനിര ബാറ്റർമാർ മോശമായപ്പോൾ ആ റിസർവ് വിക്കറ്റ് കീപ്പറിനെ ദക്ഷിണാഫ്രിക്ക ടീമിൽ ഉൾപ്പെടുത്തി. അന്ന് ചരിത്രത്തിൽ ആദ്യമായി ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ ഏകദിന പരമ്പര സ്വന്തമാക്കി. ഇന്ത്യൻ സ്പിൻ കെണിയിൽ പ്രോട്ടീസ് സംഘം പലതവണ വീണു. പക്ഷേ ഹെൻറിച്ച് ക്ലാസൻ ഇന്ത്യയ്ക്ക് മറുപടി നൽകി.

ചഹലിനെയും കുൽദീപിനെയും നേരിടാൻ ദക്ഷിണാഫ്രിക്കയിലെ ട്വൻി 20 സ്പെഷ്യലിസ്റ്റുകൾ വിഷമിച്ചു. പക്ഷേ ക്ലാസൻ ആരെയും ഭയന്നിരുന്നില്ല. ചഹലിനെ നാലുപാടും തൂക്കി. ദക്ഷിണാഫ്രിക്കൻ തോൽവിയിലും ക്ലാസന്റെ പ്രകടനം വേറിട്ടുനിന്നു. ആറ് വർഷങ്ങൾ പിന്നിടുന്നു. ഇന്ന് അയാൾ ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച വെടിക്കെട്ട് താരമായി.

ദക്ഷിണാഫ്രിക്കയുടെ എ ബി ഡിവില്ലേഴ്സാണ് ക്ലാസന്റെ ഇഷ്ടതാരം. പക്ഷേ ഡിവില്ലിയേഴ്സിനെ പോലെ മിസ്റ്റർ 360 അല്ല ക്ലാസൻ. എന്നാൽ ഡിവില്ലിയേഴ്സിനൊപ്പം നിൽക്കാൻ കഴിയുന്ന ബാറ്റിം​ഗ് വിസ്ഫോടനം. അതാണ് ക്ലാസന്റെ പ്രത്യേകത. ഐപിഎല്ലിൽ കഴിഞ്ഞ സീസണിൽ അവസാന സ്ഥാനക്കാരായിരുന്നു സൺറൈസേഴ്സ്. മാക്രവും ഹാരി ബ്രൂക്കും മായങ്ക് അ​ഗർവാളും മോശമാക്കി. പക്ഷേ ക്ലാസന്റെ പ്രതിഭ പ്രകമ്പനങ്ങൾ സൃഷ്ടിച്ചു. ഇത്തവണ തോൽവിയും സൺറൈസേഴ്സിന് ആശ്വാസമുണ്ട്. എതിരാളികൾക്ക് ഒരു മുന്നറിയിപ്പ് നൽകാം. ലോകോത്തര താരം ഹൈദരാബാദിലാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com