മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു

പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു

മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു
dot image

കൊച്ചി: മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അമ്മ (90) അന്തരിച്ചു. കൊച്ചി എളമക്കരയിലെ മോഹന്‍ലാലിന്റെ വസതിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. മുൻ നിയമസെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. പരേതനായ പ്യാരേ ലാൽ ആണ് മറ്റൊരു മകൻ. സംസ്കാരം നാളെ.

ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരത്തിന് നേടി കൊച്ചിയിലെത്തിയ മോഹൻലാൽ ആദ്യം സന്ദർശിച്ചത് കൊച്ചി എളമക്കരയിലെ വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന അമ്മയെയായിരുന്നു.

അമ്മയുടെ കഴിഞ്ഞ പിറന്നാള്‍ കുടുംബാംഗങ്ങളെയും അടുത്ത സുഹൃത്തുക്കളെയും പങ്കെടുപ്പിച്ച് മോഹന്‍ലാല്‍ ആഘോഷമാക്കിയിരുന്നു. ഇതിന്റെ ചിത്രങ്ങളും ശ്രദ്ധേയമായിരുന്നു. മോഹന്‍ലാല്‍, സുചിത്ര, പ്രണവ് മോഹന്‍ലാല്‍, ആന്റണി പെരുമ്പാവൂര്‍, മേജര്‍ രവി, സമീര്‍ ഹംസ തുടങ്ങിയവരായിരുന്നു ചിത്രത്തില്‍.

നേരത്തെ മാതൃഭൂമിക്ക് വേണ്ടി മോഹൻലാൽ എഴുതിയ കുറിപ്പിൽ അമ്മയെക്കുറിച്ച് എഴുതിയത് ഇങ്ങനെയാണ്....

'എന്റെ അമ്മ കുറച്ച് വര്‍ഷങ്ങളായി കിടപ്പിലാണ്. ധാരാളം സംസാരിക്കുമായിരുന്ന അമ്മയ്ക്ക് ഇപ്പോള്‍ സംസാരിക്കാന്‍ സാധിക്കില്ല. കണ്ണുകളിലൂടെയാണ് ഞാനും അമ്മയും ഇപ്പോള്‍ കൂടുതല്‍ മിണ്ടാറുള്ളത്. കണ്ണില്‍ക്കണ്ണില്‍ നോക്കിയിരുന്നാണ് ഞാനാ സ്‌നേഹവും വാത്സല്യവും അറിയുന്നത്. ചിലപ്പോള്‍ അമ്മ എന്നെ ഒന്ന് തൊടും, തല ഒന്നിളക്കും. അതിലൊക്കെ ഇപ്പോള്‍ ഒരു ഭാഷ തിരിച്ചറിയാന്‍ എനിക്ക് സാധിക്കുന്നു. പണ്ട് അമ്മ എനിക്ക് ഉരുള ഉരുട്ടിത്തന്നതുപോലെ ഞാന്‍ അമ്മയ്ക്ക് ഉരുള നല്‍കും. ഞാനും ഭാര്യ സുചിത്രയും കഴിക്കുന്നത് നോക്കി അമ്മ കിടക്കും. തൊട്ടിരിക്കുക എന്ന് പറയാറില്ലേ. ആ തൊടലിലൂടെ ഒരുപാടുകാര്യങ്ങള്‍ അമ്മ പറയാതെ പറയുന്നുണ്ടാവണം. അങ്ങനെ അമ്മയുടെ അടുത്തിരിക്കുമ്പോള്‍ ജീവിതത്തിന്റെ ഒരു ചക്രം പൂര്‍ത്തിയാവുന്നത് ഞാന്‍ അറിയുന്നു, അനുഭവിക്കുന്നു. ഞാനതില്‍ എന്നെക്കാണുന്നു; മനുഷ്യജീവിതം കാണുന്നു...'

Content Highlights: Mohanlal's mother Shanthakumari Amma passed away

dot image
To advertise here,contact us
dot image