

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ തനിക്കെതിരായ എല്ലാ ആരോപണങ്ങളും തള്ളി മുന്‍ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എല്ലാ തീരുമാനങ്ങളും ദേവസ്വം ബോര്‍ഡിന്റേതാണെന്ന് കടകംപള്ളി സുരേന്ദ്രന്‍ എസ്‌ഐടിയോട് പറഞ്ഞ മൊഴി റിപ്പോര്‍ട്ടറിന് ലഭിച്ചു. സ്വര്‍ണം പൂശുന്നതുമായി ബന്ധപ്പെട്ട ഒരു അപേക്ഷയും സര്‍ക്കാരിന് വന്നിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശനിയാഴ്ച എസ്‌ഐടിക്ക് നല്‍കിയ മൊഴിയിലാണ് കടകംപള്ളി സുരേന്ദ്രന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
സ്വര്‍ണം പൂശാനുള്ള ഒരു ഫയല്‍ നീക്കവും വകുപ്പ് നടത്തിയിട്ടില്ലെന്നും കടകംപള്ളി പറഞ്ഞു. 2019ല്‍ സ്വര്‍ണപ്പാളി കൊണ്ടുപോകാന്‍ അനുമതി തേടി ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ദേവസ്വം വകുപ്പില്‍ അപേക്ഷ നല്‍കിയെന്നും അതില്‍ തുടര്‍നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം വകുപ്പില്‍ നിന്ന് ബോര്‍ഡിലേക്ക് ആ അപേക്ഷ കൈമാറിയെന്നും പത്മകുമാറിന്റെ മൊഴിയുണ്ടായിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് കടകംപള്ളിയെ ചോദ്യം ചെയ്തത്. എന്നാല്‍ അങ്ങനൊരു അപേക്ഷ കണ്ടില്ലെന്നും നടപടി എടുത്തില്ലെന്നുമായിരുന്നു കടകംപള്ളിയുടെ മൊഴി.
'ദേവസ്വം വകുപ്പ് ഒരു കാര്യത്തിലും ഇടപ്പെട്ടില്ല. സ്‌പോണ്‍സര്‍ എന്ന നിലയില്‍ മാത്രമേ പോറ്റിയെ പരിചയമുള്ളു. വ്യക്തിപരമായി മറ്റ് ബന്ധങ്ങളോ ഇടപാടുകളോ ഉണ്ടായില്ല. സ്വര്‍ണപ്പാളിയുമായി ബന്ധപ്പെട്ട ഒരു റിപ്പോര്‍ട്ടും ശ്രദ്ധയില്‍പ്പെട്ടില്ല', എന്നും കടകംപള്ളി അന്വേഷണ സംഘത്തോട് പറഞ്ഞു. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെയും കടകംപള്ളിയെ ചോദ്യം ചെയ്തതിന് പിന്നാലെ ചോദ്യം ചെയ്തിരുന്നു.
അതേസമയം കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി. കടകംപള്ളിയാണോ ദൈവതുല്യനെന്ന ചോദ്യത്തിന് ശവംതീനികള്‍ അല്ല എന്നായിരുന്നു പത്മകുമാറിന്റെ മറുപടി. ആരാണ് ദൈവതുല്യന്‍ എന്ന ചോദ്യത്തോട് വേട്ടനായ്ക്കള്‍ അല്ലെന്നും മറുപടി പറഞ്ഞു. ഇരയാക്കപ്പെടുന്നുണ്ടോയെന്ന ചോദ്യത്തോട് എല്ലാം അയപ്പന്‍ നോക്കിക്കൊള്ളും എന്നായിരുന്നു പ്രതികരണം. പത്മകുമാറിന്റെ ജാമ്യഹര്‍ജിയില്‍ ജനുവരി ഏഴിന് വിധി പറയും.
കേസില്‍ എസ്‌ഐടി സംഘം വിപുലീകരിച്ചു. രണ്ട് സിഐമാരെക്കൂടി ഉള്‍പ്പെടുത്തിയാണ് വിപുലീകരിച്ചത്. ഇതോടെ എസ്ഐടിയില്‍ പത്ത് അംഗങ്ങളായി. സംഘം വിപുലീകരിക്കണമെന്ന എസ്ഐടി ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ കോടതി അംഗീകാരം നല്‍കുകയും രണ്ട് സിഐമാരെ കൂടി ഉള്‍പ്പെടുത്തുകയുമായിരുന്നു.
Content Highlights: Kadakampally Surendran s statement on Sabarimala Gold case