ഓഫ്സൈഡിൽ കുരുക്കിട്ട ബൗളർ; ഗ്ലെൻ മഗ്രാത്തിന് പിറന്നാൾ

വെറുമൊരു വിക്കറ്റ് വേട്ടക്കാരൻ മാത്രമല്ല മ​ഗ്രാത്ത്
ഓഫ്സൈഡിൽ കുരുക്കിട്ട ബൗളർ; ഗ്ലെൻ മഗ്രാത്തിന് പിറന്നാൾ

ആധുനിക ക്രിക്കറ്റിൽ ജസ്പ്രീത് ബുംറയ്ക്ക് സമാനമായി വളരെ കുറഞ്ഞ റണപ്പ് മാത്രം നടത്തുന്ന ബൗളർ. തുടർച്ചയായി ഓഫ് സൈഡിൽ പന്തെറിഞ്ഞ് ബാറ്റർമാരെ പരീക്ഷിക്കുകയായിരുന്നു അയാളുടെ പതിവ്. ഒരു പരിധിവരെയൊക്കെ ഏതൊരു ബാറ്റർക്കും ബൗളർമാരുടെ നല്ല പന്തുകളെ ബഹുമാനിക്കാൻ കഴിയും. പക്ഷേ സഹികെട്ടാൽ സ്കോറിം​ഗിന് ശ്രമം നടത്തും. അങ്ങനെ വിക്കറ്റ് നഷ്ടമാക്കും. അങ്ങനെ ഓഫ്സൈഡ് ട്രാപ്പിൽ ബാറ്റർമാരെ കുരുക്കിയിരുന്ന ബൗളറുടെ പേരാണ് ​ഗ്ലെൻ മ​ഗ്രാത്ത്. ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസത്തിന് ഇന്ന് 54 വയസ് തികയുകയാണ്.

വെറുമൊരു വിക്കറ്റ് വേട്ടക്കാരൻ മാത്രമല്ല മ​ഗ്രാത്ത്. ഓസ്ട്രേലിയൻ ക്രിക്കറ്റിന്റെ ബൗണ്ടറികൾക്ക് അപ്പുറത്തേയ്ക്ക് അയാൾ വളർന്നിരുന്നു. അയാളെ പോലെ പന്തെറിയാനും വിക്കറ്റ് വീഴ്ത്താനും ആ​ഗ്രഹിച്ചവർ ലോകക്രിക്കറ്റിന്റെ എല്ലാ കോണുകളിലുമുണ്ട്. കഠിനാദ്ധ്വാനവും അർപ്പണബോധവും ക്രിക്കറ്റിനോടുള്ള അഭിനിവേശവും ആ ഉയർച്ചയുടെ ഭാ​ഗമാണ്. ക്രിക്കറ്റ് ആവേശം കായികലോകത്ത് ഉത്സവമായിരുന്ന കാലത്താണ് മ​ഗ്രാത്ത് എല്ലാവിധ നേട്ടങ്ങളും ഉണ്ടാക്കിയത്.

1970 ഫെബ്രുവരി ഒമ്പതിന് ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ൽസിലാണ് മ​ഗ്രാത്ത് ജനിച്ചത്. 1993ൽ തന്റെ 23-ാം വയസിൽ മ​ഗ്രാത്ത് ഓസ്ട്രേലിയൻ ടീമിനായി അരങ്ങേറി. സ്റ്റീവ് വോയുടെയും റിക്കി പോണ്ടിം​ഗിന്റെയും കാലത്ത് ഓസ്ട്രേലിയൻ ക്രിക്കറ്റ് പ്രതിഭകളാൽ സമ്പന്നമായിരുന്നു. ഇരുവരുടയും ടീമിൽ 14 വർഷക്കാലത്തോളം ന്യൂബോൾ എടുത്തത് ​ഗ്ലെൻ മ​ഗ്രാത്ത് ആയിരുന്നു. എങ്കിലും ഏകദിന ലോകകപ്പിലാണ് അയാൾ എക്കാലത്തെയും മികച്ച പ്രകടനം നടത്തിയത്.

ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങൾ ഒന്നിക്കുന്ന വേദിയിൽ മികച്ച പ്രകടനം നടത്താൻ ഏതൊരു താരത്തിനും ആഗ്രഹമുണ്ടാകും. അത് ഒരു പക്ഷേ സമ്മർദ്ദത്തിന് വഴിമാറും. നാല് ലോകകപ്പിലായി 39 മത്സരങ്ങൾ കളിച്ച മ​ഗ്രാത്ത് 71 വിക്കറ്റുകൾ വീഴ്ത്തി. ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരമെന്ന റെക്കോർഡ് 2023 ഏകദിന ലോകകപ്പ് കഴിയുമ്പോഴും മ​ഗ്രാത്തിന്റെ പേരിൽ തന്നെയാണ്.

1996ലെ ലോകകപ്പാണ് മ​ഗ്രാത്തിന്റെ പ്രതിഭയെ ലോകത്തിന് മുന്നിൽ തുറന്ന് കാട്ടിയത്. അന്ന് ഫൈനലിൽ എത്തിയ ഓസ്ട്രേലിയയ്ക്ക് കിരീടം നഷ്ടമായി. എങ്കിലും ​ഗ്ലെൻ മ​ഗ്രാത്തെന്ന ഇതിഹാസത്തിന്റെ ബൗളിം​ഗ് കൃത്യത ലോകകപ്പ് വേദികളെ വിസ്മയിപ്പിച്ചു. 1999ലെ ലോകകപ്പിൽ 18 വിക്കറ്റുകൾ വീഴ്ത്തിയ മ​ഗ്രാത്ത് ഓസ്ട്രേലിയയുടെ ലോകകപ്പ് നേട്ടത്തിന് കരുത്ത് പകർന്നു.

ഓരോ ലോകകപ്പ് കഴിയുമ്പോഴും അയാളുടെ ബൗളിം​ഗിന് വീര്യം കൂടി വന്നു. 2003ൽ 21 വിക്കറ്റുകൾ വീഴ്ത്തി. ഓസ്ട്രേലിയ ലോകകിരീടം നിലനിർത്തുകയും ചെയ്തു. 2007ൽ ഹാട്രിക് കിരീടമാണ് ഓസ്ട്രേലിയൻ ടീം ലക്ഷ്യമിട്ടത്. ലോകകപ്പോടെ ക്രിക്കറ്റ് കരിയർ മതിയാക്കുമെന്നും മഗ്രാത്ത് പ്രഖ്യാപിച്ചു. 26 വിക്കറ്റുകളോടെ മൂന്നാം കിരീടം നേടി അയാൾ ഓസ്ട്രേലിയൻ ക്രിക്കറ്റിന്റെ പടിയിറങ്ങി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com