
മലയാള സിനിമാ സ്നേഹികളുടെ മനസ്സിലെ നൊമ്പരമാണ് ഇന്നും മോനിഷ. ചുരുങ്ങിയ കാലത്തിനുള്ളിൽ ഒരുപിടി മികച്ച വേഷങ്ങൾ ചെയ്ത് വിസ്മയം തീർത്താണ് 31 വർഷങ്ങൾക്ക് മുൻപ് മോനിഷ അകാലത്തിൽ വിടപറഞ്ഞത്..
വെള്ളിത്തിരയിൽ ആനന്ദനടനം ആടിയാണ് മോനിഷ പ്രേക്ഷക ഹൃദയത്തിൽ ചേക്കേറിയത്. മഞ്ഞൾ പ്രസാദവുമായി പ്രേക്ഷക ഹൃദയത്തിൽ മോനിഷയെന്ന പെൺകുട്ടി പ്രതിഷ്ഠിക്കപ്പെടുകയായിരുന്നു. വിടർന്ന കണ്ണുകളും കുട്ടിത്തം നിറഞ്ഞ മുഖവും പ്രേക്ഷകർ ഏറ്റെടുത്തത് വളരെ പെട്ടന്നായിരുന്നു. മോഹൻലാലിന്റെ എക്കാലത്തെയും ക്ലാസിക് 'കമലദള'ത്തിൽ മോനിഷയുടേത് ശ്രദ്ധേയമായ വേഷമായിരുന്നു.
ബെംഗളൂരുവിൽ പഠിച്ചു വളർന്ന മോനിഷ എംടി വാസുദേവൻ നായരുടെ 'നഖക്ഷതങ്ങളി'ലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിയ്ക്കുന്നത്. ആദ്യ സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം വാങ്ങുമ്പോൾ മോനിഷയ്ക്ക് പ്രായം 15. 'പെരുന്തച്ചൻ', 'കടവ്', 'കമലദളം', 'ചമ്പക്കുളം തച്ചൻ', 'കുടുംബസമേതം' തുടങ്ങി മുപ്പതിനടുത്ത് സിനിമകളിൽ മോനിഷ വേഷമിട്ടു. മലയാളത്തില്‍ മാത്രമായിരുന്നില്ല തമിഴ്, കന്നട നായികമാർക്കിടയിലും നടി വളരെ പെട്ടന്നു തന്നെ ശ്രദ്ധേയയായി.
1992 ഡിസംബർ അഞ്ചിന് പുലർച്ചെ ആറോടെയാണ് മലയാള സിനിമയെ നടുക്കിയ മോനിഷയുടെ വിയോഗ വാർത്തയെത്തുന്നത്. 'ചെപ്പടിവിദ്യ' എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെ എറണാകുളത്തേക്ക് അംബാസിഡർ കാറിൽ അമ്മയ്‌ക്കൊപ്പം യാത്ര പോവുകയായിരുന്നു മോനിഷ. ബൈപാസിലെ ഡിവൈഡറിൽ തട്ടി നിയന്ത്രണം തെറ്റിയ കാർ എതിരെ വന്ന കെഎസ്ആർടിസി ബസിൽ തട്ടി മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അമ്മ ശ്രീദേവി ഉണ്ണി ഡോർ തുറന്ന് പുറത്തേക്ക് തെറിച്ചുപോയി. പരുക്കുകളോടെ ശ്രീദേവി ഉണ്ണി രക്ഷപ്പെട്ടുവെങ്കിലും അമ്മയുടെ മടിയിൽ ഉറങ്ങിക്കിടന്നിരുന്ന മോനിഷയും ഡ്രൈവറും മരണപ്പെട്ടു.
അന്നത്തെ ആ അപകടത്തിന് ശേഷം ആ കവലയിൽ ഏറെ മാറ്റങ്ങൾ വന്നു. എന്നാലും മൂന്നുപതിറ്റാണ്ടിനപ്പുറവും മോനിഷയുടെ ഓർമ്മകൾ കവലയിൽ നിറഞ്ഞു നിൽക്കുകയാണ്. ഔദ്യോഗികമല്ലെങ്കിലും, ആ കവല നാട്ടുകാർക്ക് ഇന്നും മോനിഷ കവലയാണ്. മലയാളത്തിന്റെ പ്രിയ നായികയ്ക്ക് പ്രണാമം.