വേശാമണിയമ്മാളും എ കെ കാർത്ത്യായിനിയും മുതൽ ചുരിദാറും ഹീൽസുമിട്ട മുത്തശ്ശി വരെ; സുബ്ബലക്ഷ്മീ വേഷങ്ങൾ

സുബ്ബലക്ഷ്മി വിട പറയുമ്പോൾ ആ കണ്ണിറുക്കിയുള്ള ചിരിയും തല കുലുക്കിയുള്ള വ‍ർത്തമാനവും മലയാളി എങ്ങനെ മറക്കും
വേശാമണിയമ്മാളും എ കെ കാർത്ത്യായിനിയും മുതൽ ചുരിദാറും ഹീൽസുമിട്ട മുത്തശ്ശി വരെ; സുബ്ബലക്ഷ്മീ വേഷങ്ങൾ

കുട്ടിയുടെ പേരെന്താ?

മിനി...

നിന്റെയല്ല, ഈ കുട്ടിയുടെ

എ കെ കാർത്ത്യാനി... ആരാ മനസ്സിലായില്ല

ഞാൻ തെക്കേടത്തെയാ... ഗോപാലകൃഷ്ണൻ ടി ടി... ചുണ്ണാമ്പുണ്ടോ കയ്യിൽ?

സോറി ഞാൻ മുറുക്കാറില്ല... നിർത്തിയതാ

എന്നാ ഞാനും നിർത്തി...

കല്യാണരാമനിലെ ഈ ഡയലോഗുകൾ മാത്രം മതി സുബ്ബലക്ഷ്‍മി എന്ന മലയാള സിനിമയിലെ മുത്തശ്ശിയെ ഓർമിക്കാൻ. ആറന്മുള പൊന്നമ്മ മുതൽ കവിയൂർ പൊന്നമ്മ വരെയുള്ള സ്നേഹ സമ്പന്നരായ മുത്തശ്ശിമാരിൽ നിന്ന് വ്യത്യസ്‍തമായിരുന്നു സുബ്ബലക്ഷ്‍മി അമ്മാളുടെ മുത്തശ്ശി കഥാപാത്രങ്ങൾ. ആ കഥാപാത്രങ്ങൾക്ക് ഹാസ്യം മുതൽ ശൃംഗാരം വരെ നിരവധി ഭാവങ്ങൾ അവതരിപ്പിക്കാനുണ്ടായിരുന്നു. വെള്ള സെറ്റ് സാരിയും ചന്ദനക്കുറിയും ധരിച്ച്, സ്നേഹിക്കാൻ മാത്രം അറിയുന്ന മലയാളം സിനിമയിലെ അമ്മമാർക്കും മുത്തശ്ശിമാർക്കുമിടയിലാണ് പാണ്ടിപ്പടയിൽ ചുരിദാറും ഹൈഹീൽ ചെരുപ്പുമിട്ട് 'പൊക്കം പോരാ' എന്ന് സുബ്ബലക്ഷ്മി പറഞ്ഞത്.

ഒരഭിനേതാവിന് പ്രായം വെറും സംഖ്യ മാത്രമാണെന്ന് തെളിയിച്ചു കൊണ്ട് 69–ാം വയസ്സിലായിരുന്നു സുബ്ബലക്ഷ്മി അമ്മാളുടെ സിനിമയിലേക്കുള്ള വരവ്, രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന സിനിമയിലൂടെ. വേശാമണിയമ്മാൾ എന്ന കഥാപാത്രത്തെയാണ് നന്ദനത്തിൽ സുബ്ബലക്ഷ്‍മി അവതരിപ്പിച്ചത്. തുടക്കം മുതൽ ഹാസ്യ സ്വഭാവത്തിൽ പോകുന്ന കഥാപാത്രം സുബ്ബലക്ഷ്മിക്ക് പ്രേക്ഷകരുടെ മനസ്സിൽ ഇടം നൽകി. കല്യാണരാമൻ, തിളക്കം, സിഐഡി മൂസ, പാണ്ടിപ്പട, ഗ്രാമഫോൺ, രാപ്പകൽ തുടങ്ങിയ സിനിമകളിലൂടെ സുബ്ബലക്ഷ്‍മി അമ്മാൾ മലയാളത്തിന്റെ സ്വന്തം മുത്തശ്ശിയായി മാറി. പിന്നീട് അങ്ങോട്ട് പ്രണയിച്ചും ചിരിപ്പിച്ചും ഇടയ്ക്ക് അൽപ്പം വിഷമിപ്പിച്ചും മലയാളത്തിന്റെ മുത്തശ്ശി നിറഞ്ഞു നിന്നു. പല്ലുകൾ ഇല്ലാതെ മോണ മാത്രം കാട്ടിയുള്ള ആ ക്ലാസിക് ചിരിക്ക് തന്നെ പ്രത്യേക ഫാൻ ബേസുണ്ട്.

സുബ്ബലക്ഷ്മി എന്ന മുത്തശ്ശി മലയാളത്തിന് സ്വന്തമായിരുന്നുവെങ്കിലും മലയാളത്തിന്റെ മാത്രമായിരുന്നില്ല. ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ചിത്രങ്ങളിലും മലയാളത്തിന്റെ മുത്തശ്ശി നിറഞ്ഞു നിന്നു. വിണ്ണൈത്താണ്ടി വരുവായ എന്ന സിനിമയിൽ ജെസി എന്ന നായിക കഥാപാത്രത്തിന്റെ മുത്തശ്ശിയായി ഗൗതം മേനോൻ കാസ്റ്റ് ചെയ്തത് സുബ്ബലക്ഷ്മിയെയായിരുന്നു. സിനിമയുടെ തെലുങ്ക്, ഹിന്ദി പതിപ്പുകളിൽ നായികാ-നായകന്മാർ മാറിയെങ്കിലും അവിടെയും നായികയുടെ മുത്തശ്ശി സുബ്ബലക്ഷ്‍മി തന്നെയായിരുന്നു. കല്യാണരാമന്‍ തെലുങ്കിലേക്ക് റീമേക്ക് ചെയ്തപ്പോൾ തിരക്കഥയ്ക്കൊപ്പം സുബ്ബലക്ഷ്‍മിയെയും അങ്ങോട്ട് കൊണ്ടുപോയിരുന്നു.

വേശാമണിയമ്മാളും എ കെ കാർത്ത്യായിനിയും മുതൽ ചുരിദാറും ഹീൽസുമിട്ട മുത്തശ്ശി വരെ; സുബ്ബലക്ഷ്മീ വേഷങ്ങൾ
മലയാള സിനിമയിലെ മുത്തശ്ശിക്ക് വിട; സുബ്ബലക്ഷ്മി അന്തരിച്ചു

സുശാന്ത് സിംഗ് രാജ്പുത് മുതൽ ദളപതി വിജയ് വരെയുള്ള നായകന്മാർക്കൊപ്പം ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ തിളങ്ങിയ സുബ്ബലക്ഷ്മി അമ്മാൾ മധുസമൃതം എന്ന സംസ്‌കൃത ചിത്രത്തിലും ഇൻ ദി നെയിം ഓഫ് ഗോഡ് എന്ന ഇംഗ്ലീഷ് സിനിമയിലും അഭിനയിച്ചു.

ഒരുപിടി സിനിമകളിലൂടെ മലയാളികൾക്ക് എന്നും ഓ‍ർമ്മയിൽ തങ്ങി നിൽക്കുന്ന കഥാപാത്രങ്ങൾ സമ്മാനിച്ച് സുബ്ബലക്ഷ്മി വിട പറയുമ്പോൾ ആ കണ്ണിറുക്കിയുള്ള ചിരിയും തല കുലുക്കിയുള്ള വ‍ർത്തമാനവും മലയാളി എങ്ങനെ മറക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com