ഉറിയിൽ പാക് ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത് 45കാരി നർഗീസ്; മരണം കുടുംബത്തോടൊപ്പം രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ

ഷെല്ലിന്റെ ഒരു ഭാഗം നര്‍ഗീസിന്റെ കഴുത്തില്‍ തുളച്ചുകയറി. സംഭവ സ്ഥലത്തുതന്നെ നര്‍ഗീസ് മരിച്ചു

dot image

ബാരാമുള്ള: ജമ്മു കശ്മീരിലെ ഉറിയില്‍ പാകിസ്താന്‍ നടത്തിയത് രൂക്ഷമായ ഷെല്ലാക്രമണം. ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. ഉറി സ്വദേശിനി 45കാരി നര്‍ഗീസ് ആണ് കൊല്ലപ്പെട്ടത്. ഇവര്‍ താമസിക്കുന്ന സ്ഥലത്തിന് സമീപം സ്‌ഫോടനം നടന്നിരുന്നു. കുടുംബത്തോടൊപ്പം ബാരാമുള്ളയിലേക്ക് ജീവന്‍രക്ഷാര്‍ത്ഥം യാത്ര ചെയ്യുന്നതിനിടെ ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ ഷെല്ല് വന്ന് പതിക്കുകയായിരുന്നു.

ഷെല്ലിന്റെ ഒരു ഭാഗം നര്‍ഗീസിന്റെ കഴുത്തില്‍ തുളച്ചുകയറുകയായിരുന്നുവെന്ന് സംഘത്തിലുള്ള ഒരാൾ റിപ്പോർട്ടറിനോട് വിവരിച്ചു. സംഭവ സ്ഥലത്തുതന്നെ നര്‍ഗീസ് മരിച്ചു. ഇവരുടെ മൃതദേഹം നിലവില്‍ ബാരാമുള്ള മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഉറിയില്‍ അടക്കം യാതൊരു സുരക്ഷയുമില്ലാത്ത സാഹചര്യമാണുള്ളതെന്നാണ് നര്‍ഗീസിന്റെ ബന്ധുക്കള്‍ പറയുന്നത്. പ്രദേശത്ത് വളരെ മോശം അവസ്ഥയാണുള്ളതെന്നും നര്‍ഗീസിന്റെ ബന്ധുക്കള്‍ ചൂണ്ടിക്കാട്ടി.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഉറിയില്‍ പാകിസ്താന്‍ ഷെല്ലാക്രമണം നടത്തിയത്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ബാരാമുള്ള മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അതിനിടെ ജമ്മുവിലെ പൂഞ്ച്, രജൗരി എന്നിവിടങ്ങളില്‍ തുടര്‍ച്ചയായി അപായ സൈറന്‍ മുഴങ്ങിയിരുന്നു. ഇതിന് പിന്നാലെ സമ്പൂര്‍ണ ബ്ലാക്ക്ഔട്ട് പ്രഖ്യാപിച്ചു. സ്ഥിതി വിലയിരുത്താന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ജമ്മുവിലേക്ക് പുറപ്പെട്ടു. കാര്യങ്ങള്‍ വിശദീകരിക്കാന്‍ വിദേശകാര്യ മന്ത്രാലയം രാവിലെ പത്ത് മണിക്ക് വാര്‍ത്താസമ്മേളനം നടത്തുന്നുണ്ട്.

Content Highlights- 45 Years old nargees killed shell attack in Uri

dot image
To advertise here,contact us
dot image