അനായാസതയുടെ അഭിനയ വഴക്കം; അയലത്തെ കുട്ടിയിൽ നിന്നും സൂപ്പർ നായികയിലേക്കുള്ള മഞ്ജുവിൻ്റെ രണ്ടാം വരവ്

ശോഭനയും ഉർവശിയും രേവതിയുമൊക്കെ പുലർത്തിയിരുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം മഞ്ജുവിന് അവകാശപ്പെടാനാവില്ല. എന്നാൽ മലയാള സിനിമാ നായികമാരുടെ നിരയിൽ അഭിനയശേഷിയുടെ അനായാസത കൊണ്ട് നായികാ സങ്കല്പങ്ങളിലെ സവിശേഷമായ ഇടം സ്വന്തമാക്കിയ അഭിനേത്രിയാണ് മഞ്ജു വാര്യർ
അനായാസതയുടെ അഭിനയ വഴക്കം; അയലത്തെ കുട്ടിയിൽ നിന്നും സൂപ്പർ നായികയിലേക്കുള്ള മഞ്ജുവിൻ്റെ രണ്ടാം വരവ്

2013ൽ ഒരു കേരള ബ്രാൻഡിന്റെ ദേശീയ പരസ്യത്തിൽ അഭിനയിക്കുകയാണ് അമിതാഭ് ബച്ചൻ. മാധ്യമങ്ങളത്രയും ആ പരസ്യ സെറ്റിൽ തടിച്ചു കൂടി. എന്നാൽ ആൾക്കൂട്ടത്തിനു കാണേണ്ടത് ബിഗ് ബിയെ ആയിരുന്നില്ല, കൂടെ അഭിനയിക്കാനെത്തിയ മഞ്ജു വാര്യരെയായിരുന്നു. നേരത്തെ മോഹൻലാലും ദിലീപുമൊക്കെ അമിതാഭ് ബച്ചനൊപ്പം അഭിനയിച്ചിരുന്നുവെങ്കിലും അതൊന്നും ഇത്ര വാർത്താപ്രാധാന്യം നേടിയിട്ടില്ല. പ്രേക്ഷകരുടെ ഈ സ്‌നേഹവായ്പുകളും മാധ്യമങ്ങളുടെ ശ്രദ്ധയും ബച്ചനെ അത്ഭുതപ്പെടുത്തി. ഷൂട്ടിങ് ലൊക്കേഷനിൽ തന്നെ ശ്രദ്ധിക്കാതെ മാധ്യമങ്ങൾ മറ്റൊരാളുടെ പുറകെ പോയ അനുഭവം ആദ്യമാണെന്ന് ഫെയ്‌സ്ബുക്കിൽ പറഞ്ഞ ബച്ചൻ മഞ്ജുവിനെ മലയാളത്തിലെ സൂപ്പർസ്റ്റാർ എന്നാണ് വിശേഷിപ്പിച്ചത്. 50ൽ താഴെ മാത്രം സിനിമകളിൽ അഭിനയിച്ച മഞ്ജു മലയാള സിനിമയിലെ സൂപ്പർ സ്റ്റാറാണ്.

സിനിമയിലെ രണ്ടാം വരവിനു ശേഷം ഒരു നായികയിൽ ഇത്രമാത്രം പ്രതീക്ഷ വയ്ക്കാൻ ആരായിരുന്നു മഞ്ജു വാര്യർ? 1995 മുതൽ നാല് വർഷം മാത്രം ദൈർഘ്യമുള്ള കരിയറിന്റെ ആദ്യ പാദത്തിൽ മഞ്ജു അഭിനയിച്ചത് 20 സിനിമകളിലാണ്. സല്ലാപത്തിലെ രാധ, ഈ പുഴയും കടന്നിലെ അഞ്ജലി, ആറാം തമ്പുരാനിലെ ഉണ്ണിമായ, കന്മദത്തിലെ ഭാനു, പ്രണയവർണങ്ങളിലെ ആരതി, സമ്മർ ഇൻ ബത്‌ലഹേമിലെ അഭിരാമി, കണ്ണെഴുതി പൊട്ടും തൊട്ടിലെ ഭദ്ര, കളിയാട്ടത്തിലെ താമര, പത്രത്തിലെ ദേവിക ശേഖർ അങ്ങനെ വ്യക്തിത്വമുള്ള സ്ത്രീ കഥാപാത്രങ്ങൾ.

'ഇതെന്താണ്? കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതാണോ?', 'അതെ.. അല്ലാന്ന് തോന്നാൻ മാഷ്ക്ക് ഭഗവതിയെ മുമ്പ് കണ്ട പരിചയമൊന്നുമില്ലല്ലോ.. ഉവ്വോ?'

മോഹൻലാൽ അഭിനയിച്ച ആറാം തമ്പുരാന്റെ തലപ്പൊക്കത്തിനൊപ്പ നിന്ന മഞ്ജുവിൻ്റെ ഉണ്ണിമായ. മഞ്ജു വാര്യർക്ക് 'അയലത്തെ കുട്ടി' ഇമേജ് കൊടുത്ത സിനിമകളാണ് ഈ പുഴയും കടന്ന്, സല്ലാപം, ആറാം തമ്പുരാൻ, പ്രണയവർണങ്ങൾ തുടങ്ങിയവ. എന്നാൽ അതേ കാലത്ത് തന്നെ ഈ ഇമേജിനെ ബ്രേക്ക്‌ ചെയ്യുന്ന സമ്മർ ഇൻ ബേത്ലെഹേം, തൂവൽ കൊട്ടാരം, കണ്ണെഴുതി പൊട്ടും തൊട്ട്, പോലെയുള്ള ചിത്രങ്ങളിലും മഞ്ജു അഭിനയിച്ചു. അഭിനയത്തിലെ അനായസതയാണ് ഇമേജ് ബ്രെക്കിങ് എന്ന തോന്നലില്ലാതെ തന്നെ മഞ്ജുവിന്റെ കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാക്കിയത്. തമാശയും കുസൃതിയും അഭിനയിക്കുമ്പോൾ മഞ്ജു കൈവശം വച്ച ഒതുക്കമാണ് ബത്ലഹേമിലെ ആമിയെ പൂർണ്ണയാക്കുന്നത്.

കന്മദം
കന്മദം

കടുത്ത പാറക്കെട്ടുകൾ പൊട്ടിച്ചെടുക്കുമ്പോൾ വളരെ അപൂർവമായി കിട്ടുന്ന സിദ്ധ ഔഷധമാണ് കന്മദം. 'കന്മദ'ത്തിൽ അത് മഞ്ജു വാര്യരാണ്. നാല് വർഷത്തെ സിനിമാ ജീവിതത്തിന് 'കണ്ണെഴുതി പൊട്ടും തൊട്ട്' കൊണ്ട് ഇടവേളയിട്ട് പോകുമ്പോൾ ദേശീയ തലത്തിലും മഞ്ജു അംഗീകരിക്കപ്പെട്ടിരുന്നു.

അസുരൻ
അസുരൻ

വർഷങ്ങൾക്ക് ശേഷം തിരിച്ചു വരവ് നടത്തിയ 'ഹൗ ഓൾഡ് ആർ യു'വിലെ നിരുപമ രാജീവിനെ മലയാളി പ്രേക്ഷകർ ഒന്നടങ്കം തിയേറ്ററുകളിൽ പോയി ആഘോഷമാക്കി. രണ്ടാം വരവിൽ 'ടെംപ്ലേറ്റ്' കഥാപാത്രങ്ങളിൽ പ്ലേസ് ചെയ്യപ്പെട്ടെങ്കിലും മഞ്ജു വാര്യരായി നിൽക്കാൻ ഓരോ സിനിമയിലും അവർക്കായിട്ടുണ്ടെന്ന് കാണാം. ഉദാഹരണം സുജാത, കെയർ ഓഫ് സൈറ ബാനു, ലൂസിഫർ, തമിഴിൽ അരങ്ങേറിയ 'അസുരൻ', ഒടുവിൽ 'തുനിവ്' വരെ മലയാളത്തിനകത്തും പുറത്തും മഞ്ജുവിന്റെ സ്റ്റാർഡം മാർക്കറ്റ് ചെയ്യപ്പെട്ടു.

ശോഭനയും ഉർവശിയും രേവതിയുമൊക്കെ പുലർത്തിയിരുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം മഞ്ജുവിന് അവകാശപ്പെടാനാവില്ല. എന്നാൽ മലയാള സിനിമാ നായികമാരുടെ നിരയിൽ അഭിനയശേഷിയുടെ അനായാസത കൊണ്ട് നായികാ സങ്കല്പങ്ങളിലെ സവിശേഷമായ ഇടം സ്വന്തമാക്കിയ അഭിനേത്രിയാണ് മഞ്ജു വാര്യർ. കാലം കാത്തുവച്ച നിയോഗം പോലെയാണ് മാറുന്ന മലയാള സിനിമയുടെ അമരക്കാരിയായി മഞ്ജു വാര്യർ മാറിയത്. പരമ്പരാഗത സൗന്ദര്യ സങ്കൽപങ്ങളോ പാരമ്പര്യത്തിന്റെ മേന്മകളോ പ്രായമോ മഞ്ജു വാര്യർക്ക് മുന്നിൽ വിലങ്ങുതടിയല്ല. 'മഞ്ജു വാര്യരുടെ ചിത്രം' എന്ന വിശേഷണത്തോടെ സിനിമകൾ മാർക്കറ്റ് ചെയ്യപ്പെടുന്നു. ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ തീക്ഷ്ണമായ അനുഭവമായി 'താരം' സെല്ലുലോയിഡിൽ തിളങ്ങുകയാണ്. മലയാളത്തിൻ്റെ പ്രിയപ്പെട്ട സൂപ്പർസ്റ്റാറിന് പിറന്നാൾ ആശംസകൾ.

Story Highlights: Lady Superstar Manju Warrier Birthday Special

Related Stories

No stories found.
logo
Reporter Live
www.reporterlive.com