'ജീവനേക്കാള്‍ വലുതല്ല മതാചാരണം'; വെള്ളച്ചാട്ടത്തില്‍ വീണവരെ രക്ഷിക്കാന്‍ തലപ്പാവ് കയറാക്കി സിഖ് സഞ്ചാരികള്‍, വീഡിയോ
20 Oct 2021 9:52 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ജീവനേക്കാള്‍ വലുതല്ല മത ആചാരാനുഷ്ടാനങ്ങളെന്ന സന്ദേശമാണ് കാനഡയില്‍ കഴിഞ്ഞ ദിവസം രണ്ട് ജീവന് രക്ഷിച്ച സിഖ് സഞ്ചാരികള്‍ നല്‍കുന്നത്. കാനഡ ബ്രിട്ടീഷ് കൊളംബിയയിലെ ഗോള്‍ഡന്‍ ഇയേഴ്സ് പാര്‍ക്കിലെ വെള്ളചാട്ടത്തില്‍ അകപ്പെട്ട സഹസഞ്ചാരികളെ രക്ഷിക്കാന്‍ മതാചാര പ്രകാരം ധരിക്കുന്ന തലപ്പാവാണ് അവർ കയറാക്കിയത്.
പാർക്കില്‍ ഹൈക്കിംഗിനെത്തിയതായിരുന്നു കുല്‍ജീന്ദര്‍ കിന്ഡയും നാല് കൂട്ടുകാരും. ഹൈക്കിംഗിനിടെ പാര്‍ക്കിനകത്തെ ഒരു വെള്ളച്ചാട്ടത്തിന് താഴെ നിന്ന് ശബ്ദം കേട്ട സംഘം അവിടെയെത്തി പരിശോധിക്കുകയും രണ്ടു പേർ വെള്ളചാട്ടത്തിലേക്ക് വീണതായി കണ്ടെത്തുകയും ചെയ്തു. കുത്തൊഴുക്കിനിടെ പിടികിട്ടിയ പാറയില്‍ പിടിച്ചിരിക്കുകയായിരുന്നു അവർ.
രക്ഷാ സേനയെ വിവരം അറിയിക്കാന്‍ ശ്രമിച്ചെങ്കിലും മൊബൈല്‍ ഫോണില്‍ റേഞ്ച് ഇല്ലാതിരുന്നത് ഇതിന് തടസമായി. പത്തു മിനിറ്റോളം ചുറ്റുപാടും സഹായത്തിനായി തിരഞ്ഞെങ്കിലും മറ്റാരും ആ സമയത്ത് അവിടെയെത്തിയില്ല. ഇതോടെയാണ് തലപ്പാവ് അഴിച്ച് കയറുണ്ടാക്കാമെന്ന തീരുമാനത്തിലേക്ക് കുല്ജീന്ദറും കൂട്ടരുമെത്തിയത്. പിന്നീട് കൂടുതല്‍ ചിന്തിക്കാതെ തലപ്പാവും ജാക്കറ്റുകളും കൂട്ടികെട്ടി കയറുണ്ടാക്കി. കുടുങ്ങിക്കിടന്നവർ അതില്‍ പിടിച്ച് ജീവതത്തിലേക്ക് കയറി.
യാത്ര കഴിഞ്ഞ് മടങ്ങിയ കുല്‍ജീന്ദര്‍ സംഭവത്തിന്റെ വീഡിയോ വാട്സ്ആപ്പിലൂടെ പങ്കുവെച്ചതോടെയാണ് രക്ഷാപ്രവർത്തനം വെെറലായത്. ഫേസ്ബുക്കിലും ട്വിറ്ററിലും ഉള്‍പ്പടെ നിരവധി പേർ വീഡിയോ പങ്കുവെക്കുകയും ലോകത്തിന്റെ വിവിധ തുറകളില്‍ നിന്ന് ആശംസാ പ്രവാഹം സുഹൃത്തുക്കളെ തേടിയെത്തുകയും ചെയ്തു.
തലപ്പാവ് ധരിക്കുന്നത് സിഖ് സമുദായത്തിനുള്ളില്‍ നിര്‍ബന്ധമല്ലാത്ത നിയമമല്ലെങ്കില്‍ തന്നെ ആചാര പ്രകാരം സമുദായത്തിന്റെ അടയാളമായി പിന്തുടരുന്നതാണ്. സദ് പ്രവര്‍ത്തികള്‍ക്കായി തലപ്പാവ് അഴിക്കുന്നതിനും തെറ്റില്ല.