'ഒരു ദിവസം കഴിഞ്ഞാലും മണ്ണില്‍ നിന്നും ജീവനോടെ ആളുകളെ കിട്ടാറില്ലേ', കൊക്കയാറിലെ സിയാദ് ചോദിച്ചു; മാധ്യമ പ്രവര്‍ത്തകന്റെ കുറിപ്പ്
18 Oct 2021 3:04 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഉള്ളുലയ്ക്കുന്ന കാഴ്ചകളാണ് ഒരോ ദുരന്തഭുമിയും ബാക്കിയാക്കുക. മനസ് കല്ലാക്കിമാറ്റിയാണ് ഒരോ രക്ഷാ പ്രവര്‍ത്തകനും ജീവന്റെ കണികകള്‍ തേടി രക്ഷാ പ്രവര്‍ത്തനത്തിന് ഇറങ്ങുന്നത്. രക്ഷാ പ്രവര്‍ത്തകര്‍ക്ക് ഒപ്പം ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ് മാധ്യമ പ്രവര്‍ത്തകര്‍. പൊതുജനങ്ങള്‍ ആദ്യം വിവരങ്ങളിറിയുന്നതും മാധ്യമ പ്രവര്‍ത്തരുടെ അനുഭവങ്ങളിലൂടെയാണ്. ദുരന്തങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ക്ക് മുന്നില്‍ പലപ്പോഴും നിസ്സഹായവരായി നോക്കിനില്ക്കാന് മാത്രമായിരിക്കും ഇവര്ക്കാവുക.
ഉരുള്‍ പൊട്ടലുണ്ടായ കൊക്കയാറില്‍ നിന്നും ഇത്തരത്തില്‍ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് മാധ്യമ പ്രവര്‍ത്തകനായ എം എസ് അനീഷ് കുമാര്‍. ദുരന്തത്തില്‍പ്പെട്ട സ്വന്തം കുടുംബത്തെ കാത്തിരിക്കുന്ന സിയാദ് എന്നയാളെ കുറിച്ചാണ് അനീഷ് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പങ്കുവയ്ക്കുന്നത്. ഒരു ദിവസം കഴിഞ്ഞാലും മണ്ണില്‍ നിന്നും ജീവനോടെ ആളുകളെ കിട്ടാറില്ലേ? എന്ന ചോദ്യമായിരുന്നു സിയാദിന് അനീഷിനോട് ചോദിക്കാനുണ്ടായിരുന്നത്. ഭാര്യയയ്ക്കും രണ്ടു മക്കള്‍ക്കും പുറമെ സഹോദരിയുടെ രണ്ടുമക്കളെയുമായിരുന്നു ഉരുള്‍ പൊട്ടല്‍ സിയാദില്‍ നിന്നും കവര്‍ന്നെടുത്തത്. അവരെ കാത്തിരിക്കുകയായിരുന്നു സിയാദ്.
അനീഷിന്റെ കുറിപ്പ്-
കൊക്കയാറില്‍ ആദ്യ ലൈവ്' തുടങ്ങുമ്പോള്‍ സിയാദ് അരികിലുണ്ടായിരുന്നു... അയല്‍വാസി, സിയാദിന്റെ കുടുംബത്തിനുണ്ടായ ദുരന്തത്തേക്കുറിച്ച് ലൈവില്‍ സങ്കടപ്പെട്ടു. ഭാര്യയും രണ്ടു മക്കളും മണ്ണില്‍.. ഒപ്പം സഹോദരിയുടെ രണ്ടും മക്കളും.. കനത്ത മഴ,കാല് മൂടുന്ന ചെളി, അടുത്ത വീട്ടില്‍ അല്‍പ്പ നേരം ഇരുന്നു. വീട്ടിലെ ചേച്ചി കട്ടന്‍ കാപ്പി തന്നു. കാപ്പി മൊത്തുന്നതിനിടയില്‍ സിയാദിന്റെ ചോദ്യം.... നിങ്ങള്‍ ഒരുപാട് അപകടവും ഉരുള്‍പൊട്ടലുമൊക്കെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടല്ലോ അല്ലേ? ഞാന്‍ മറുപടി നല്കി ഉണ്ട്.അടുത്ത ചോദ്യം ഒരു ദിവസം കഴിഞ്ഞാലും മണ്ണില്‍ നിന്നും ജീവനോടെ ആളുകളെ കിട്ടാറില്ലേ? അയാള്‍ കാണാതെ കണ്ണു തുടച്ച് ഞാന്‍ പറഞ്ഞു... ഉണ്ട്. ഉടന്‍ അടുത്ത ചോദ്യം ഇവിടെ ഡോക്ടേഴ്സും മരുന്നുമൊക്കെ ഉണ്ടല്ലോ അല്ലേ... ഞാന്‍ പറഞ്ഞു ഉണ്ട്..... അല്ല പിള്ളാരെ എത്തിയ്ക്കുമ്പോള്‍ ചികിത്സ വൈകരുത് അവശരായിയ്ക്കും അതാണ്.... എന്റെ രണ്ടു മക്കളെയും ഞാനോര്‍ത്തു....പിന്നീട് ഉച്ചതിരിയുവോളം സിയാദിനെ കാണാതെ ഞാന്‍ മാറി നടന്നു.... ഉച്ചതിരിഞ്ഞ് അയാളെയും അവിടെ കണ്ടില്ല... രണ്ടു മക്കളും ഭാര്യയുമായി സിയാദ് എപ്പഴോ പോയിരുന്നു....