Top

'സിനിമയിലെ അധോലോകമാഫിയയെ ഇടതുപക്ഷ സര്‍ക്കാരിനും ഭയമോ'; എഡിജിപി ശ്രീജിത്തിനെ മാറ്റിയതില്‍ വ്യാപക വിമര്‍ശനം

23 April 2022 5:09 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സിനിമയിലെ അധോലോകമാഫിയയെ ഇടതുപക്ഷ സര്‍ക്കാരിനും ഭയമോ; എഡിജിപി ശ്രീജിത്തിനെ മാറ്റിയതില്‍ വ്യാപക വിമര്‍ശനം
X

എറണാകുളം: എഡിജിപി എസ് ശ്രീജിത്തിന്റെ സ്ഥാന ചലനത്തില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനം. നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച സംഘത്തെ അപായപ്പെടുത്താന്‍ ശ്രമിച്ചതുള്‍പ്പെടെയുള്ള സുപ്രധാന കേസുകള്‍ നിര്‍ണായക ഘട്ടത്തിലിരിക്കെയാണ് സ്ഥാന ചലനം എന്നതാണ് വിമര്‍നങ്ങള്‍ക്ക് അടിസ്ഥാനം. ദിലീപ് കേസിലെ അന്വേഷണോദ്യോഗസ്ഥന്‍ ശ്രീജിത്തിനെ കേസന്വേഷണത്തില്‍നിന്ന് മാറ്റിയസംഭവം സിനിമയിലെ അധോലോകമാഫിയയെ കേരളത്തിലെ ഇടതുപക്ഷസര്‍ക്കാരിനും ഭയമാണെന്ന തോന്നല്‍ ഉണ്ടാക്കുന്നു എന്ന് എഴുത്തുകാരനും ഡോക്യുമെന്ററി സംവിധായകനുമായ ഒകെ ജോണി കുറ്റപ്പെടുത്തി. ഫേസ്ബുക്കിലായിരുന്നു പ്രതികരണം.

കേസന്വേഷണം പുരോഗമിക്കുന്ന ഈ നിര്‍ണ്ണായക ഘട്ടത്തിലുള്ള സര്‍ക്കാരിന്റെ ഇടപെടല്‍ ഇടതുപക്ഷസര്‍ക്കാരിലുള്ള വിശ്വാസ്യതയെ തീര്‍ത്തും സംശയാസ്പദമാക്കിയ നീക്കമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇടതുപക്ഷക്കാരായ മലയാളികളെപ്പോലും സര്‍ക്കാരിന്റെ ചെയ്തി ലജ്ജിപ്പിക്കുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി. തീരുമാനത്തോടെ സംസ്ഥാന സര്‍ക്കാര്‍ സംശയത്തിന്റെ നിഴലിലായിരിക്കുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പോസ്റ്റ് പൂര്‍ണരൂപം-

സിനിമയിലെ അധോലോകമാഫിയയെ കേരളത്തിലെ ഇടതുപക്ഷസര്‍ക്കാരിനും ഭയമാണെന്ന തോന്നല്‍ ഇടതുപക്ഷക്കാരായ മലയാളികളെപ്പോലും ബോദ്ധ്യപ്പെടുത്തുവനാണോ സര്‍ക്കാര്‍ ശ്രമിക്കുന്നത്?

ദിലീപ് കേസിലെ അന്വേഷണോദ്യോഗസ്ഥന്‍ ശ്രീജീത്തിനെ കേസന്വേഷണത്തില്‍നിന്ന് മാറ്റിയസംഭവം ആ സംശയമാണുണ്ടാക്കുന്നത്. കേസന്വേഷണം പുരോഗമിക്കുന്ന ഈ നിര്‍ണ്ണായക ഘട്ടത്തിലുള്ള സര്‍ക്കാരിന്റെ ഇടപെടല്‍ ഇടതുപക്ഷസര്‍ക്കാരിലുള്ള വിശ്വാസ്യതയെ തീര്‍ത്തും സംശയാസ്പദമാക്കിയിരിക്കുന്നു. ഒരു മാര്‍ക്സിസ്റ്റായിരിക്കുന്നതില്‍ എക്കാലത്തും അഭിമാനിക്കുന്ന എന്നെപ്പോലുള്ള നിരവധിയാളുകളെ ഈ സര്‍ക്കാരിന്റെ ചെയ്തി ലജ്ജിപ്പിക്കുന്നു.

പൗരനെന്ന നിലയില്‍ ആ സംഭവത്തിലുള്ള എന്റെ പ്രതിഷേധവും, നിയമസംവിധാനത്തെ അട്ടിമറിക്കുവാന്‍ കുറ്റവാളികളോടൊപ്പം കൂട്ടുനില്‍ക്കുന്ന കേരളത്തിലെ ആഭ്യന്തരവകുപ്പിനെക്കുറിച്ചുള്ള ആശങ്കയും രേഖപ്പെടുത്താതെവയ്യ. കേരളസര്‍ക്കാര്‍ സംശയത്തിന്റെ നിഴലിലായിരിക്കുന്നു. ആ നിഴല്‍ വരാനിരിക്കുന്ന വലിയ അന്ധകാരത്തിന്റെ മുന്നോടിയാണ്. സര്‍ക്കാര്‍ ഈ തെറ്റായ നടപടി തിരുത്തിയേ തീരൂ. അതുണ്ടായില്ലെങ്കില്‍, സര്‍ക്കാരിനെന്നപോലെ കേരളത്തിനും അത് ദോഷകരമായിരിക്കും.

Content Highlight: Actress Attack Case Widespread criticism over ADGP S Sreejith's transfer

Next Story