താമസ, തൊഴില്‍, അതിര്‍ത്തി നിയമ ലംഘനം: സൗദിയില്‍ ഒരാഴ്ച്ചക്കുള്ളില്‍ പിടിയിലായത് 16,471 പേര്‍
പതിനഞ്ചുവര്‍ഷം തടവും 260,000 ഡോളര്‍ പിഴയും വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണിത്
19 March 2023 7:08 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

റിയാദ്: താമസ, തൊഴില്‍, അതിര്‍ത്തി നിയമലംഘനങ്ങളില്‍ സൗദി അറേബ്യയില്‍ ഒരാഴ്ച്ചക്കുള്ളില്‍ അറസ്റ്റിലായത് പതിനാറായിരത്തിലധികം പേരെന്ന് അധികൃതര്‍. മാര്‍ച്ച് ഒന്‍പത് മുതല്‍ പതിനഞ്ചുവരെയുളള കണക്കാണിത്. ഇവരിൽ 9025 പേര്‍ താമസ വിസാ നിയമങ്ങള്‍ ലംഘിച്ചതിനാലാണ് അറസ്റ്റിലായത്. 5105 പേര്‍ അനധികൃതമായി അതിര്‍ത്തി കടന്നതിനും പിടിയിലായി. അതേസമയം 2341പേര്‍ അറസ്റ്റിലായത് തൊഴില്‍ സംബന്ധമായ നിയമ ലംഘനങ്ങളിലാണ്.
രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ചതിനാണ് 1183 പേര്‍ അറസ്റ്റിലായത്. ഇത്തരത്തില്‍ രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചവരില്‍ നാല്‍പ്പത്തിരണ്ടു ശതമാനം പേരും യമന്‍ സ്വദേശികളെന്നാണ് റിപ്പോർട്ട്. മുപ്പത്തിയാറുശതമാനം പേര്‍ എത്തിയോപ്യന്‍ പൗരന്‍മാരും രണ്ട് ശതമാനത്തോളം പേര്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. കൂടാതെ അറസ്റ്റിലാവരില്‍ നൂറ്റിയിരുപതോളം പേര്‍ മറ്റ് രാജ്യങ്ങളിലേക്ക് അതിര്‍ത്തി ഭേദിച്ച് കടക്കാന്‍ ശ്രമിച്ച സൗദി സ്വദേശികളാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം പതിനാലോളം പേര്‍ അറസ്റ്റിലായത് അതിര്‍ത്തി നിയമ ലംഘകര്‍ക്ക് താമസ, യാത്രാ സൗകര്യമൊരുക്കിക്കൊടുത്തതിനാണ്.
രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കുന്നവര്‍ക്ക് താമസ, യാത്രാ സൗകര്യങ്ങള്‍ ഉള്‍പ്പടെയുള്ള സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നത് സൗദിയില്‍ ഗുരുതര നിയമലംഘനമായാണ് കണക്കാക്കുന്നത്. പതിനഞ്ചുവര്‍ഷം തടവും 260,000 ഡോളര്‍ പിഴയും വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. കൂടാതെ ഇത്തരത്തില്‍ അതിര്‍ത്തി ലംഘനം നടത്തുന്നവര്‍ക്ക് സഹായം ചെയ്തു കൊടുക്കുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്യും.
STORY HIGHLIGHTS: saudi authorities arrested 16,471 people in one week