Top

സൗദി അറേബ്യയിൽ വിദ​ഗ്ദരായ വി​ദേശികൾക്ക് പൗരത്വം നൽകുന്നു; അനുമതി നൽകി സൗദി രാജാവ്

12 Nov 2021 2:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സൗദി അറേബ്യയിൽ  വിദ​ഗ്ദരായ വി​ദേശികൾക്ക് പൗരത്വം നൽകുന്നു; അനുമതി നൽകി സൗദി രാജാവ്
X

ഉയർന്ന വൈദ​ഗ്ധ്യമുള്ള വിദേശികൾക്ക് പൗരത്വം നൽകാനൊരുങ്ങി സൗദി അറേബ്യ. ഇതിനായുള്ള നിയമത്തിന് സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൾ അസീസ് അൽ സൗദ് അനുമതി നൽകിയതായി ബ്ലൂംബർ​ഗ് റിപ്പോർട്ട് ചെയ്യുന്നു. ശരിഅത്ത്, ലീ​ഗൽ, മെഡിക്കൽ, സയൻസ്, സാംസ്കാരികം, കായികം, സാങ്കേതികം തുടങ്ങിയ മേഖലകളിലെ മികവുറ്റ വ്യക്തികൾക്കാണ് പൗരത്വം ലഭിക്കുക. രാജ്യത്ത് ആദ്യമായാണ് വിദേശികൾക്ക് പൗരത്വം നൽകാനൊരുങ്ങുന്നത്.

ചുരുക്കം ചിലർക്ക് മാത്രമേ പൗരത്വം നൽകുകയുള്ളൂവെന്നും പൊതുജന താൽപര്യാർത്ഥമായിരിക്കും പൗരത്വം നൽകുന്നവരെ തീരുമാനിക്കുകരയെന്നുമാണ് ലഭിക്കുന്ന വിവരം. പൗരത്വത്തിന് അപേക്ഷ നൽകാനാവില്ല. വിവിധ മേഖലകളിലെ പ്ര​ഗൽഭ പ്രൊഫഷണലുകളെ രാജ്യത്തിന്റെ വളർച്ചയുടെ ഭാ​ഗമാക്കാൻ പുതിയ നീക്കം സഹായിക്കുമെന്ന് സൗദി ഭരണ നേതൃത്വം കരുതുന്നു.

2019 ലാണ് വിദേശികൾക്ക് പൗരത്വം നൽകാനുള്ള തീരുമാനം സൗദി അറേബ്യ പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ വൻ കുതിപ്പ് ലക്ഷ്യം വെച്ച് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ച സൗദി വിഷൻ 2030 എന്ന പദ്ധതിയുടെ ഭാ​ഗമായാണ് വിദേശികൾക്കുള്ള പൗരത്വവും. ഈ വർഷം ജനുവരിയിൽ യുഎഇയും സമാനമായി വിദേശികൾക്ക് പൗരത്വം നൽകുന്നത് പരി​ഗണിച്ചിരുന്നു. രാജ്യത്തെ പൗരത്വം ലഭിക്കേണ്ട വി​ദ​ഗ്ദരെ യുഎഇ രാജകുടുംബാം​ഗങ്ങളോ അധികൃതരോ തെരഞ്ഞെടുക്കുകയാണ് ചെയ്യുക. ഇതിന് അന്തിമാനുമതി യുഎഇ കാബിനറ്റ് നൽകും. പൗരത്വത്തിന് ആർക്കും അപേക്ഷ നൽകാനാവില്ല.

Next Story