നിങ്ങളുടെ കുടലിന്റെ ആരോഗ്യം തകരാറിലാണോ? ഈ ലക്ഷണങ്ങളിലൂടെ തിരിച്ചറിയാം

കുടലിന്റെ ആരോഗ്യം മാനസികാവസ്ഥ, ഉന്മേഷം, ചര്‍മ്മത്തിന്റെ ആരോഗ്യം അങ്ങനെ പല ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു

dot image

ഒരാള്‍ ഉണര്‍ന്ന് എഴുന്നേല്‍ക്കുമ്പോള്‍ തോന്നുന്ന അസ്വസ്ഥതകള്‍ മുതല്‍ ദിവസം മുഴുവന്‍ നിലനില്‍ക്കുന്ന ബുദ്ധിമുട്ടുകള്‍ വരെ പലപ്പോഴും കുടലിന്റെ ആരോഗ്യത്തെ ആശ്രയിച്ചിരിക്കും. കുടലിന്റെ ആരോഗ്യം തലച്ചോറിനെ നേരിട്ട് ബാധിക്കുന്നതാണ്. അതിനാല്‍ ദഹനവ്യവസ്ഥയെ നല്ലരീതിയില്‍ നിലനിര്‍ത്തേണ്ടത് നിര്‍ണായകമാണ്. കുടലിന്റെ ആരോഗ്യം തകരാറിലാകുമ്പോള്‍ ശരീരം ചില സൂചനകള്‍ നല്‍കുന്നു. എന്നാല്‍ പലപ്പോഴും ആ ലക്ഷണങ്ങളെ ചെറിയ രോഗങ്ങളായി നമ്മള്‍ അവഗണിക്കുകയാണ് ചെയ്യുന്നത്. കുടല്‍ തകരാറിലാണോ എന്ന് മനസിലാക്കാനുള്ള അഞ്ച് ലക്ഷണങ്ങള്‍ ഇതാ….

തുടര്‍ച്ചയായ വയറുവീര്‍ക്കല്‍

നിങ്ങള്‍ക്ക് മിക്കപ്പോഴും വയറു വീര്‍ക്കുന്നതുപോലെ തോന്നാറുണ്ടോ? പ്രത്യേകിച്ച് ഭക്ഷണത്തിനു ശേഷം. എന്നാല്‍ ശ്രദ്ധിച്ചോളൂ ഇത് കുടല്‍ പ്രശ്‌നങ്ങളുടെ ഒരു പ്രധാന ലക്ഷണമാണ്. ഇത് കുടലിലെ ബാക്ടീരിയകളുടെ അസന്തുലിതാവസ്ഥയേയോ ചില ഭക്ഷണങ്ങള്‍ ദഹിപ്പിക്കാന്‍ ബുദ്ധിമുട്ടുന്നതിന്റെയോ ലക്ഷണമാകാം.

ചര്‍മ്മ പ്രശ്‌നങ്ങള്‍

മുഖക്കുരുവോ എക്‌സിമയോ പോലെയുളള ചര്‍മ്മ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെ നിസ്സാരമായി തള്ളിക്കളയാന്‍ വരട്ടെ. 2020 ലെ ഒരു പഠനം അനുസരിച്ച് എക്സിമ ഉള്ളവരുടെ കുടലില്‍ ചര്‍മ്മരോഗമില്ലാത്തവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ വ്യത്യസ്ത ബാക്ടീരിയകള്‍ ഉണ്ടെന്നും, ചിലപ്പോള്‍ അവരുടെ കുടലില്‍ വീക്കം ഉണ്ടാകുമെന്നും കണ്ടെത്തിയിരുന്നു. ഇലക്കറികള്‍, ഒമേഗ-3 സമ്പുഷ്ടമായ മത്സ്യം തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നിങ്ങളുടെ കുടലിന്റെയും ചര്‍മ്മത്തിന്റെയും ആരോഗ്യത്തെ സഹായിക്കുന്നു.

മലബന്ധം വയറിളക്കം പോലെയുളള പ്രശ്‌നങ്ങള്‍

വിട്ടുമാറാതെയുള്ള മലബന്ധം, വയറിളക്കം പോലെയുള്ള പ്രവചനാതീതമായ മലവിസര്‍ജ്ജനം കുടല്‍ അസ്വസ്ഥതയുടെ ലക്ഷണങ്ങളാണ്. ഇത്തരത്തിലുള്ള 45 ശതമാനം കേസുകളിലും ക്രമരഹിതമായ മലവിസര്‍ജ്ജന ശീലങ്ങള്‍ microbial diversity യുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവയ്‌ക്കൊപ്പം ആവശ്യത്തിന് നാരുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കുടലിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു.

ക്ഷീണം

ക്ഷീണം തോന്നുന്നത് കുടലിന്റെ ആരോഗ്യം മോശമാകുന്നതിന്റെ ഒരു പ്രധാന ലക്ഷണമാണ്. മതിയായ ഉറക്കത്തിനു ശേഷവും ക്ഷീണം അനുഭവപ്പെടുന്നത് കുടലിന്റെ ആരോഗ്യം മോശമാണെന്നതിന്റെ സൂചനയായിരിക്കാം. കുടല്‍ പ്രശ്‌നമുണ്ടാകുമ്പോള്‍ ഊര്‍ജ്ജത്തിന് അത്യാവശ്യമായ ബി വിറ്റാമിനുകളും അയേണും പോലുള്ള പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ ദഹനവ്യവസ്ഥ ബുദ്ധിമുട്ടുന്നു. ഇത് ക്ഷീണത്തിലേക്ക് നയിച്ചേക്കാം. കുടലിന്റെ ആരോഗ്യം മോശമായ മിക്ക വ്യക്തികള്‍ക്കും വിട്ടുമാറാത്ത ക്ഷീണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രോബയോട്ടിക്‌സ്, നട്‌സ്, ലീന്‍ പ്രോട്ടീനുകള്‍ തുടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നത് പോഷക ആഗിരണം മെച്ചപ്പെടുത്താനും ഊര്‍ജ്ജ നില വര്‍ദ്ധിപ്പിക്കാനും സഹായിക്കും.

ബ്രെയിന്‍ ഫോഗ്

കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയോ മന്ദത അനുഭവപ്പെടുകയോ ചെയ്താല്‍ അത് നിങ്ങളുടെ കുടലിന്റെ ആരോഗ്യം പ്രശ്‌നത്തിലാണെന്ന് കാണിക്കുന്നു. കുടലിന് അനുയോജ്യമായ ഭക്ഷണങ്ങള്‍ കഴിക്കുന്നതും പഞ്ചസാരയും അള്‍ട്രാ-പ്രോസസ് ചെയ്ത ഭക്ഷണങ്ങളും പരിമിതപ്പെടുത്തുന്നതും ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിച്ചേക്കാം.

( ഈ ലേഖനം പൊതുവിജ്ഞാനം ഉള്‍പ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയതാണ്. ആരോഗ്യസംബന്ധമായ സംശയങ്ങള്‍ക്ക് എപ്പോഴും ഒരു ഡോക്ടറുടെ സേവനം തേടേണ്ടതാണ്)

Content Highlights :Is your gut health compromised? You can tell by these symptoms

dot image
To advertise here,contact us
dot image