
കോഴിക്കോട്: സ്‌കൂള്‍ സമയ മാറ്റത്തില്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി എ പി സമസ്തയും രംഗത്ത്. വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങള്‍ ആലോചനയോടെ വേണമെന്ന് എ പി വിഭാഗം സമസ്ത അഭിപ്രായപ്പെട്ടു. മാറ്റങ്ങള്‍ പഠനത്തിന്റെയും വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലാകണമെന്നും കാന്തപുരം വിഭാഗം വിമര്‍ശിച്ചു.
കേരള മുസ്ലിം ജമാഅത്തിന്റെ സംസ്ഥാന നേതൃക്യാമ്പിലാണ് വിമര്‍ശനം ഉയര്‍ന്നത്. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാറാണ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. മാറ്റങ്ങളില്‍ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കണമെന്നാണ് കാന്തപുരം വിഭാഗത്തിന്റെ അഭിപ്രായം. കീം റാങ്ക് ലിസ്റ്റ് വിഷയത്തില്‍ സര്‍ക്കാര്‍ വിവേകത്തോടെ പെരുമാറണമെന്നും കാന്തപുരം വിഭാഗം അഭിപ്രായപ്പെട്ടു. സ്‌കൂള്‍ സമയ മാറ്റത്തിനെതിരെ സമരവുമായി ഇ കെ സമസ്ത മുന്നോട്ടുപോകുകയാണ്. ഇതിനിടെയാണ് എ പി സമസ്തയും സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നത്.
സ്‌കൂള്‍ സമയ മാറ്റത്തിനെതിരെ സമരം നയിക്കുമെന്ന് വ്യക്തമാക്കി ഇന്നലെയാണ് ഇ കെ സമസ്ത അംഗങ്ങള്‍ രംഗത്തെത്തിയത്. സമസ്തയുടെ മദ്രസ പഠനം നിയന്ത്രിക്കുന്ന മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്റെ കീഴില്‍ കോഴിക്കോട് ടൗണ്‍ ഹാളില്‍ ചേര്‍ന്ന സമരപ്രഖ്യാപന കണ്‍വെന്‍ഷനിലായിരുന്നു തീരുമാനം. ഓഗസ്റ്റ് അഞ്ചിന് എല്ലാ ജില്ലാ കളക്ടറേറ്റുകള്‍ക്ക് മുന്നിലും സെപ്റ്റംബര്‍ 30ന് തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിന് മുന്നിലും ധര്‍ണ നടത്താനാണ് തീരുമാനം. മദ്രസാതല പ്രതിഷേധം മുതല്‍ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് വരെ പ്രതിഷേധ പരിപാടികള്‍ നടത്തുമെന്ന് നേതാക്കള്‍ പറഞ്ഞിരുന്നു.
വര്‍ഷത്തില്‍ 220 പ്രവൃത്തി ദിവസം വേണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് സ്‌കൂള്‍ സമയത്തില്‍ മാറ്റം വരുത്തിയത്. വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് ഹൈസ്‌കൂളില്‍ 1,100 മണിക്കൂര്‍ പഠന സമയം വേണം. സര്‍ക്കാര്‍ നിയോഗിച്ച അഞ്ചംഗ സമിതിയാണ് ഹൈസ്‌കൂളില്‍ അരമണിക്കൂര്‍ അധിക സമയം നിര്‍ദേശിച്ചത്.
Content Highlights- A P Samastha slam education department on kerala school timing change