ലോകത്തെ മികച്ച വിമാനത്താവളമായി ദോഹ ഹമദ് വിമാനത്താവളം; പുരസ്കാരം തുടര്‍ച്ചയായ രണ്ടാം തവണ
സർവേയും യാത്രക്കാരുടെ വോട്ടിങ്ങുമാണ് തെരഞ്ഞെടുപ്പിന്റെ മാനദണ്ഡങ്ങൾ.
18 Jun 2022 5:14 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ദോഹ: ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളത്തിനുള്ള പുരസ്കാരം ദോഹ ഹമദ് വിമാനത്താവളം സ്വന്തമാക്കി. പാരീസിൽ നടന്ന പാസഞ്ചർ ടെർമിനൽ എക്സ്പോയിലാണ് മികച്ച വിമാനത്താവളങ്ങൾക്കുള്ള പുരസ്കാരം പ്രഖ്യാപിച്ചത്. ഈ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട പുരസ്കാരം കൂടിയാണിത്. തുടർച്ചയായ രണ്ടാം തവണയാണ് ദോഹ ഹമദ് വിമാനത്താവളം ഈ നേട്ടം കെെവരിക്കുന്നത്.
ലോകത്തൊട്ടാകെയുള്ള 550 വിമാനത്താവളങ്ങളിൽ നിന്നും ഉപഭോക്താക്കളുടെ സംതൃപ്തിയും മികച്ച സേവനങ്ങളും അടിസ്ഥാനമാക്കിയാണ് പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. സർവേയും യാത്രക്കാരുടെ വോട്ടിങ്ങുമാണ് തെരഞ്ഞെടുപ്പിന്റെ മറ്റു മാനദണ്ഡങ്ങൾ.
സ്റ്റാഫ് സർവീസിനും ഡൈനിങ്ങിനുമുള്ള പുരസ്കാരം സിങ്കപ്പൂർ വിമാനത്താവളത്തിനാണ്. ഫാമിലി ഫ്രണ്ട്ലി ഷോപ്പിങ് പുരസ്കാരങ്ങൾ ഇസ്താംബൂൾ വിമാനത്താവളം സ്വന്തമാക്കി. വൃത്തിക്കുള്ള പുരസ്കാരം ടോക്കിയോയ്ക്കും പ്രവർത്തന മികവ് മെച്ചപ്പെടുത്തിയതിനുള്ള പുരസ്കാരം റിയാദ് കിങ് ഖാലിദ് വിമാനത്താവളവും സ്വന്തമാക്കി.
Story Highlights: Doha Hamad Airport has won the award for the best airport in the world