Top

മേയര്‍ക്ക് പ്രായം മാത്രമല്ല ജനാധിപത്യ ബോധവും കുറവെന്ന് വിന്‍സെന്റ് എംഎല്‍എ; തേജോവധങ്ങളില്‍ ഉരുകി പോകില്ലെന്ന് മന്ത്രിയുടെ മറുപടി

നികുതി തട്ടിപ്പില്‍ നടപടി ആവശ്യപ്പെട്ട് സമരം നടത്തുന്നവരെ മേയര്‍ സന്ദര്‍ശിച്ചില്ല എന്ന ആരോപണമുന്നയിച്ചായിരുന്നു എംഎല്‍എയുടെ പരാമർശം

27 Oct 2021 8:03 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മേയര്‍ക്ക് പ്രായം മാത്രമല്ല ജനാധിപത്യ ബോധവും കുറവെന്ന് വിന്‍സെന്റ് എംഎല്‍എ; തേജോവധങ്ങളില്‍ ഉരുകി പോകില്ലെന്ന് മന്ത്രിയുടെ മറുപടി
X

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരെ വിമര്‍ശനവുമായി എം വിന്‍സന്റ് എംഎല്‍എ. മേയര്‍ക്ക് പ്രായം മാത്രമല്ല ജനാധിപത്യ ബോധവും കുറവാണെന്നായിരുന്നു എംഎല്‍എയുടെ പരാമര്‍ശം. നികുതി തട്ടിപ്പില്‍ നടപടി ആവശ്യപ്പെട്ട് സമരം നടത്തുന്നവരെ മേയര്‍ സന്ദര്‍ശിച്ചില്ല എന്ന ആരോപണമുന്നയിച്ചായിരുന്നു എംഎല്‍എ ഇക്കാര്യം പറഞ്ഞത്. നികുതി തട്ടിപ്പില്‍ സര്‍ക്കാര്‍ സമഗ്ര അന്വേഷണത്തിന് തയ്യാറാകണമെന്ന് ആവശ്യപ്പെടുന്ന അടിയന്തര പ്രമേയത്തിന് അനുമതി തേടി സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് ഏറ്റവുമധികം അഴിമതി നടക്കുന്ന നഗരസഭയായി തിരുവനന്തപുരം നഗരസഭ മാറി. ക്രമക്കേട് തുടര്‍ന്നിട്ടും സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെട്ടില്ല. നടപടി വൈകിപ്പിച്ച് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നേടാനുള്ള അവസരമൊരുക്കിക്കൊടുക്കുകയാണ് ചെയ്തതെന്നും എംഎല്‍എ ആരോപിച്ചു.

അതേസമയം, നികുതി തട്ടിപ്പ് ആരോപണം ഉയര്‍ന്നപ്പോള്‍ത്തന്നെ അന്വേഷണം ആരംഭിച്ചിരുന്നു എന്നും ഇനിനകം നാല് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ തദ്ദേശ സ്വയംഭരണ വകുപ്പിനുവേണ്ടി മറുപടി നല്‍കി. നികുതി വെട്ടിപ്പില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. അന്വേഷണം കാര്യക്ഷമമാണ്. നികുതിദായകര്‍ക്ക് ആശങ്ക വേണ്ടെന്നും മന്ത്രി സഭയില്‍ പറഞ്ഞു.

അതേസമയം ചിലര്‍ മേയറെ വ്യക്തിപരമായി തേജോവധം ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് പറഞ്ഞ മന്ത്രി അങ്ങനെ ഉരുകി പോകുന്ന ആളല്ല മേയറെന്നും കൂട്ടിച്ചേര്‍ത്തു. മന്ത്രിയുടെ മറുപടിയുടെ പശ്ചാത്തലത്തില്‍ സ്പീക്കര്‍ എം ബി രാജേഷ് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.

Next Story

Popular Stories