
പത്തനംതിട്ട: വയലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആയിരക്കാവ് സ്വദേശി പ്രദീപാണ് (35) മരിച്ചത്. പത്തനംതിട്ട, കോയിപ്പുറം ആയിരക്കാവ് പാടശേഖരത്തിൽ നിന്നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ പ്രദീപിന്റെ ഒരു ബന്ധുവാണ് മൃതദേഹം കണ്ടത്. ഇന്നലെ രാത്രിയിൽ പ്രദീപ് വീട്ടിലേക്ക് എത്തിയിരുന്നില്ല. പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
കോയിപ്രം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകം ആണെന്ന സംശയം ഉയർന്നിട്ടുണ്ട്. ഇന്നലെ രാത്രി പ്രദീപുമായി ഒന്നിച്ചിരുന്ന് മദ്യപിച്ച വ്യക്തിയെ സംബന്ധിച്ച വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്, വയലിന്റെ കരയിൽ നിന്നും പ്രദീപിന്റെ മുണ്ട് കണ്ടെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വയലിൽ മൃതദേഹം ചെളിയിൽ പൂഴ്ത്തിയ നിലയിൽ കണ്ടെത്തിയത്.