

പത്തനംതിട്ട: കോന്നി എലിയറയ്ക്കലില്‍ ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ പരിക്കേറ്റ 52 കാരന്‍ മരിച്ചു. എലിയറക്കല്‍ സ്വദേശി വഹാബാണ് മരിച്ചത്. വഹാബിന്റെ സഹോദരിയുടെ മകളും ഭര്‍ത്താവുമായി സ്വത്ത് തര്‍ക്കം നിലനിന്നിരുന്നു. സ്വത്തിനെ ചൊല്ലി വെള്ളിയാഴ്ച രാത്രിയും തര്‍ക്കം നടന്നു. ചുറ്റിക കൊണ്ടുള്ള അടിയേറ്റ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വഹാബിനെ ആദ്യം കോന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ൊ
സംഭവവുമായി ബന്ധപ്പെട്ട് വഹാബിന്റെ സഹോദരിയുടെ മകളുടെ ഭര്‍ത്താവ് നിയാസിനെയും ഇയാള്‍ക്കൊപ്പം മദ്യപിച്ച ഒരു സുഹൃത്തിനെയും കോന്നി പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രി നിയാസിന്റെ വീട്ടിലിരുന്നാണ് ഇരുവരും മദ്യപിച്ചത്. തുടര്‍ന്ന് രാത്രി പതിനൊന്നരയോടെ വഹാബിന്റെ വീടിന്റെ സമീപത്ത് വച്ചാണ് തര്‍ക്കം നടന്നത്. മുമ്പും പലതവണ സ്വത്ത് സംബന്ധിച്ച് നിയാസും വഹാബും തമ്മില്‍ തര്‍ക്കങ്ങള്‍ നടന്നിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. തര്‍ക്കം പതിവായതിനാല്‍ ആരും ശ്രദ്ധിക്കാറില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. കോന്നി ഡിഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയാണ്.
Content Highlights: A 52-year-old man died during an argument with a relative in Konni