കങ്കണയും സുരേന്ദ്രനും; ഫെെനല്‍ ട്വിസ്റ്റില്‍ കാര്യമുണ്ടോ?

കെ സുരേന്ദ്രന് തിരഞ്ഞെടുപ്പിലാണ് ജനം പരാജയം വിധിയെഴുതിയതെങ്കില്‍ കങ്കണയുടെ കഴിഞ്ഞ എട്ട് വര്‍ഷത്തെ സിനിമാ കരിയറിലാണ് പ്രേക്ഷകര്‍ വിധിയെഴുതിയത്.
കങ്കണയും സുരേന്ദ്രനും; ഫെെനല്‍ ട്വിസ്റ്റില്‍ കാര്യമുണ്ടോ?

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ അഞ്ചാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലെ അപ്രതീക്ഷിത പേരുകളാണ് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രൻ്റെയും നടി കങ്കണാ റണാവത്തിന്റെയും. തിരഞ്ഞെടുപ്പു ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ തങ്ങള്‍ ഗോദയിലുണ്ടാവില്ലെന്ന് പറഞ്ഞവരാണ് കെ സുരേന്ദ്രനും കങ്കണയും. എന്നാല്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്നും ജനവിധി അനുകൂലമായിരിക്കുമെന്നുമാണ് സ്ഥാനാർത്ഥിത്വത്തിന് പിന്നാലെ ഇരുവരുടെയും പ്രതികരണം. ഇന്ത്യയുടെ തെക്കേ അറ്റത്തെ മലയോര ജില്ലയായ വയനാട്ടിലാണ് കെ സുരേന്ദ്രന്‍ ജനവിധി തേടുന്നതെങ്കില്‍ രാജ്യത്തിൻ്റെ വടക്ക് 'മലകളുടെ വാരാണസി'യെന്നറിയപ്പെടുന്ന മാണ്ഡിയില്‍ നിന്നാണ് കങ്കണ ജനവിധി തേടുന്നത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെയും ആനി രാജയുടെയും സ്ഥാനാര്‍ത്ഥിത്വത്തിലൂടെ ദേശീയ ശ്രദ്ധയിലെത്തിയ വയനാട് മണ്ഡലത്തിലൽ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കൂടി എത്തുന്നതോടെ കൂടുതല്‍ രാഷ്ട്രീയ ശ്രദ്ധയാകര്‍ഷിക്കുന്നതെങ്കില്‍, കങ്കണാ റണാവത്തിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ മാണ്ഡിയും ദേശീയ ശ്രദ്ധായാകർഷിക്കുന്ന മണ്ഡലങ്ങളുടെ പട്ടികയിലേക്ക് വരികയാണ്.

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ നേരിടാന്‍ എല്‍ഡിഎഫ് ആനി രാജയെ ഇറക്കിയപ്പോള്‍ ബിജെപി എങ്ങനെ ചെക്ക് വെക്കുമെന്നായിരുന്നു ആദ്യം ഉയര്‍ന്ന ചോദ്യം. ഉത്തരം വന്നപ്പോള്‍ പലരും ഞെട്ടി! സംസ്ഥാന അധ്യക്ഷന്‍ തന്നെ കോണ്‍ഗ്രസിന്റെ മുന്‍ ദേശീയ അധ്യക്ഷനെ നേരിടട്ടെയെന്ന തീരുമാനത്തിലേയ്ക്ക് ബിജെപി കേന്ദ്ര നേതൃത്വം എത്തി. അമേഠിയിലെ ജനങ്ങള്‍ കഴിഞ്ഞ തവണ രാഹുലിന് എന്ത് നല്‍കിയോ അത് വയനാട്ടിലെ ജനം ഇത്തവണ ആവര്‍ത്തിക്കുമെന്ന ആത്മവിശ്വാസമാണ് കെ സുരേന്ദ്രന്‍ പങ്കുവെച്ചത്. എന്നാല്‍ രാഹുലിനെ വെല്ലാന്‍ ബിജെപിക്ക് കെ സുരേന്ദ്രന്‍ മതിയാവുമോയെന്നതാണ് ചോദ്യം.

കോണ്‍ഗ്രസിന് ശക്തമായ അടിത്തറയുള്ള വയനാട്ടില്‍ കഴിഞ്ഞ തവണ നാല് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ ഗാന്ധി ലോക്‌സഭയിലേക്ക് എത്തിയത്. അന്ന് ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായിരുന്ന തുഷാര്‍ വെള്ളാപ്പള്ളിക്ക് കിട്ടിയത് 78,816 വോട്ടാണ്, ആകെ വോട്ടിന്റെ എട്ട് ശതമാനത്തിനടുത്ത് മാത്രം. മണ്ഡലം രൂപീകരിച്ച 2009 മുതല്‍ ബിജെപി മണ്ഡലത്തില്‍ എട്ട് ശതമാനം വോട്ട് കടന്നിട്ടില്ലയെന്നതാണ് ഒരു കാര്യം. സംസ്ഥാന അധ്യക്ഷനെ തന്നെ ഇറക്കി ശക്തമായ മത്സരം നടക്കുമെന്ന അവകാശവാദം ബിജെപി ഉന്നയിക്കുമ്പോള്‍ കണക്കുകള്‍ പറയുന്നത് 'കൂട്ടിയാല്‍ കൂടില്ല'യെന്ന് തന്നെയാണ്.

തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ കെ സുരേന്ദ്രന് വിജയം എല്ലായിപ്പോഴും കൈപ്പാടകലെ എത്തി നിന്നതാണ് ചരിത്രം. 2011, 2016 വര്‍ഷങ്ങളില്‍ കാസര്‍ഗോഡ് മഞ്ചേശ്വരത്ത് നിന്നും 2019 ലെ ഉപതിരഞ്ഞെടുപ്പില്‍ കോന്നിയില്‍ നിന്നും 2021 ല്‍ മഞ്ചേശ്വരത്ത് നിന്നും കോന്നിയില്‍ നിന്നും കെ സുരേന്ദ്രന്‍ ജനവിധി തേടിയിരുന്നു. 2016 ല്‍ 89 വോട്ടിന്റെ മാര്‍ജിനില്‍ കപ്പിനും ചുണ്ടിനും ഇടയില്‍ നിയമസഭയിലേക്കുള്ള എന്‍ട്രി നഷ്ടപ്പെട്ടത് സുരേന്ദ്രനും മറക്കാൻ ആഗ്രഹിക്കുന്നുണ്ടാവും. ബിജെപിക്ക് ശക്തിയില്ലാത്ത മണ്ഡലങ്ങളിൽ സുരേന്ദ്രൻ സമാഹരിച്ച വോട്ടുകൾ തന്നെയാവും രാഹുലിനെ എതിരിടാൻ നിയോഗിക്കുമ്പോൾ ബിജെപി നേതൃത്വം കണക്കാക്കിയിരിക്കുക. എന്നാൽ വയനാട്ടിൽ പച്ചതൊടാതെയിരുന്നാൽ ബിജെപിയുടെ രാഷ്ട്രീയ ചിത്രത്തിൽ നിന്നും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൻ്റെ തിളക്കത്തിൽ നിന്നും സുരേന്ദ്രൻ പുറത്താകുമെന്ന ദുഷ്ടലാക്കും ഈ തീരുമാനത്തിലുണ്ടെന്ന് ദോഷൈകദൃക്കുകൾ പറയുന്നുണ്ട്. രണ്ടായാലും വയനാട് സുരേന്ദ്രന് ഏത് അർത്ഥത്തിലും 'ബാലികേറാ മല'യാകുമെന്ന് തീർച്ചയാണ്.

അതിനിടെ 2009, 2014, 2019 വര്‍ഷങ്ങളില്‍ ലോക്‌സഭയിലേക്കും മത്സരിച്ചെങ്കിലും കരകയറാന്‍ കഴിഞ്ഞില്ല. 2019 ല്‍ ശബരിമല യുവതി പ്രവേശനം കത്തി നില്‍ക്കെയായിരുന്നു പത്തനംതിട്ടയില്‍ നിന്നും ലോക്‌സഭായിലേക്ക് ജനവിധി തേടിയത്. അന്ന് ശക്തമായ ത്രികോണ മത്സരം ഉണ്ടാക്കുമെന്ന് പറഞ്ഞെങ്കിലും 2,97,396 വോട്ടുകളാണ് സുരേന്ദ്രന് ലഭിച്ചത്. 2014 ല്‍ എം ടി രമേശ് നേടിയതിന്റെ ഇരട്ടിയിലധികം വരുമെങ്കിലും മൂന്നാമത് തന്നെയായിരുന്നു സ്ഥാനം.

ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കെ സുരേന്ദ്രന്‍ നടത്തിയ പദയാത്രയിലും വിവാദമൊഴിഞ്ഞിട്ടില്ല. കോഴിക്കോട് മണ്ഡലത്തിലെ പരിപാടിയില്‍ എസ്‌സി, എസ്ടി നേതാക്കള്‍ക്കൊപ്പം കെ സുരേന്ദ്രന്‍ ഭക്ഷണം കഴിക്കുമെന്ന പ്രചാരണം വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍ താനും ഒരു പിന്നാക്ക ജാതിയില്‍പ്പെട്ടയാളാണെന്ന് പറഞ്ഞ് തടിതപ്പുകയായിരുന്നു ബിജെപി അധ്യക്ഷന്‍. പിന്നാലെയെത്തിയത് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന പദയാത്ര ഗാനമായിരുന്നു. 'അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണം' എന്ന വരി ബിജെപിക്ക് വലിയ നാണക്കേടുണ്ടാക്കി. അഡ്മിന്‍ പണി പറ്റിച്ചതാണോ കയ്യബദ്ധമാണോയെന്ന് ഇപ്പോഴും നിശ്ചയമില്ലെങ്കിലും വിഷയം സുരേന്ദ്രൻ്റെ ആവശ്യം പരിഗണിക്കാതെ കേന്ദ്രം നേതൃത്വം ഇടപെട്ട് ഒതുക്കുകയായിരുന്നു.

വന്യജീവി ആക്രമണം രൂക്ഷമായ വയനാട്ടില്‍ സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ക്കെതിരായ ജനരോഷം ശക്തമാണ്. ഇതിനെ മറികടന്നുകൊണ്ട് ബിജെപി പ്രതീക്ഷിക്കുന്ന തരത്തില്‍ ന്യൂനപക്ഷവോട്ടുകള്‍ ഉള്‍പ്പെടെ ഏകോപിപ്പിക്കുകയെന്നത് സംസ്ഥാന അധ്യക്ഷന് എളുപ്പമായിരിക്കില്ല. ഗോത്ര-ആദിവാസി മേഖലകളില്‍ നേതാക്കള്‍ തന്നെ നേരിട്ടെത്തി പാര്‍ട്ടിക്ക് വേരോട്ടം ഉണ്ടാക്കാനുള്ള ശ്രമം നടത്തിയിരുന്നെങ്കിലും അത്രകണ്ട് ഫലം കിട്ടിയില്ല.

നടി കങ്കണാ റണാവത്തിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തോടെ ശ്രദ്ധാ കേന്ദ്രമാവുകയാണ് ഹിമാചല്‍ പ്രദേശിലെ മാണ്ഡി ലോക്സഭാ മണ്ഡലം. 2019 ല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി വിജയിച്ച സ്വരൂപ് ശര്‍മ്മയുടെ മരണത്തെ തുടര്‍ന്നുണ്ടായ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പിടിച്ചെടുത്ത മണ്ഡലമാണ് മാണ്ഡി. മണ്ഡലം രൂപീകരിച്ച കാലത്ത് കോണ്‍ഗ്രസിന് വേരോട്ടമുണ്ടായിരുന്ന മണ്ഡലം 1989 ല്‍ ബിജെപി പിടിച്ചെടുക്കുകയായിരുന്നു. പിന്നീടിങ്ങോട്ട് ബിജെപിയും കോണ്‍ഗ്രസും മാറി മാറി വിജയിച്ച മാണ്ഡിയില്‍ ഇത്തവണ കങ്കണയെ ഇറക്കി പിടിച്ചെടുക്കാനാണ് ബിജെപി ശ്രമം.

കങ്കണയുടെ ജന്മനാട് കൂടിയാണിത്. മണാലിക്കടുത്തുള്ള ഭാംബ്ലയാണ് കങ്കണയുടെ ജന്മസ്ഥലം. മാണ്ഡി ജില്ലയിലാണിത്. പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലെത്തിയ ശേഷം പല ഘട്ടത്തിലും ബിജെപിക്ക് പരസ്യപിന്തുണ പ്രഖ്യാപിച്ചെത്തിയ നടി ഔദ്യോഗികമായി ബിജെപിയില്‍ എത്തിയതുവഴി താന്‍ ആദരിക്കപ്പെട്ടുവെന്നാണ് പ്രതികരിച്ചത്.

കഴിഞ്ഞ വര്‍ഷം ബിലാസ്പൂരില്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത കങ്കണ അടുത്തിടെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുമായി കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു. പിന്നാലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്തതും അന്ന് ജയ്ശ്രീരാം വിളിച്ചതും സോഷ്യല്‍മീഡിയയില്‍ വലിയ പ്രചാരണം നേടുന്നതിനൊപ്പം സ്ഥാനാര്‍ത്ഥി സാധ്യത ചര്‍ച്ചയിലേക്ക് വഴിതെളിച്ചിരുന്നു.

കങ്കണയുടെ അച്ഛനോ അമ്മയ്ക്കോ രാഷ്ട്രീയമായി നേരിട്ട് ബന്ധമില്ലങ്കിലും അവരുടെ മുതു മുത്തച്ഛന്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് നിയമസഭാംഗമായിരുന്നു.

എന്തായാലും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതല്‍ എയറിലാണ് നടി. തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ 'സങ്കീര്‍ണ്ണമായ' ഒരിടം വേണമെന്ന് പ്രതികരിച്ചുകൊണ്ട് 2021 ല്‍ പങ്കുവെച്ച ട്വീറ്റാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

'60-70 ലക്ഷമാണ് ഹിമാചല്‍ പ്രദേശിലെ ജനസംഖ്യ. അവിടെ ദാരിദ്ര്യവും കുറ്റകൃത്യവും ഇല്ല. ഞാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ സങ്കീര്‍ണ്ണമായ ഒരു സംസ്ഥാനം വേണം. എനിക്ക് ജോലി ചെയ്യാനും ആ മേഖലയില്‍ രാജ്ഞിയാകാനും കഴിയും. നിങ്ങളെപോലുള്ള ചെറുമീനുകള്‍ക്ക് അത്തരം വലിയ കാര്യങ്ങള്‍ മനസ്സിലാവില്ല.' എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.

ഇതേ ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ നിന്നും കങ്കണയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതോടെ നിരവധി പേര്‍ പരിഹാസ കമന്റുമായെത്തി. ജനങ്ങള്‍ക്ക് നല്‍കിയ വാദ്ഗാനങ്ങളുടെ നേരെ എതിരാണ് രാഷ്ട്രീയക്കാരും നടി നടന്മാരും രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ സംഭവിക്കുകയെന്ന് മനസ്സിലാക്കണമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.

മാണ്ഡി ലോക്‌സഭാ സീറ്റിലെ കങ്കണയുടെ വിജയം എളുപ്പമാണോയെന്നതാണ് അടുത്ത ചോദ്യം. കോണ്‍ഗ്രസ് ഇതുവരെയും മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. 17 നിയമസഭാ മണ്ഡലങ്ങളുള്ള മാണ്ഡിയില്‍ 12 എണ്ണം ബിജെപിക്കാണെന്നതും കങ്കണയ്ക്ക് അനുകൂലമാണ്. അതേസമയം 2021 ലെ ഉപതിരഞ്ഞെടുപ്പ് ഘട്ടത്തിൽ സംസ്ഥാനഭരണം ബിജെപിയുടെ കൈയ്യിലായിരുന്നുവെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രതിഭാ സിംഗ് വിജയിക്കുകയായിരുന്നു.

രസകരമായ ഒരു കാര്യംകൂടി പറയുമ്പോഴാണ് കെ സുരേന്ദ്രനും കങ്കണയും രാജ്യത്തിൻ്റെ രണ്ട് അറ്റത്തുള്ള രണ്ട് മലയോര മേഖലകളിൽ മത്സരിക്കുന്നു എന്നതിൽ ഉപരിയായ സമാനതകൾ കൂടി ചൂണ്ടിക്കാണിക്കാനാവുക. ഇതുവരെ പയറ്റി തെളിഞ്ഞ അവരുടെ മേഖലകളിലാണ് ആ സാമ്യത എന്നതും രസകരമാണ്. കെ സുരേന്ദ്രന് തിരഞ്ഞെടുപ്പിലാണ് ജനം പരാജയം വിധിയെഴുതിയതെങ്കില്‍ കങ്കണയുടെ കഴിഞ്ഞ എട്ട് വര്‍ഷത്തെ സിനിമാ കരിയറിലാണ് പ്രേക്ഷകര്‍ വിധിയെഴുതിയത്. 2015 ല്‍ തനു വെഡ്‌സ് മന്നു എന്ന അവസാന ഹിറ്റിന് ശേഷം ഐ ലവ് എന്‍വൈ, കട്ടി ബട്ടി, റംഗൂണ്‍, സിമ്രാന്‍, മണികര്‍ണിക: ദി ക്വീന്‍ ഓഫ് ഝാന്‍സി, ജഡ്ജ്‌മെന്റല്‍ ഹേ ക്യാ, ചന്ദ്രമുഖി 2, ധക്കഡ് തുടങ്ങിയ ചിത്രമെല്ലാം വലിയ പരാജയമാണ് ബോക്‌സ് ഓഫീസില്‍ നേരിട്ടത്. ഏറ്റവും ഒടുവിലെത്തിയ തേജസും ബോക്‌സ് ഓഫീസില്‍ കൂപ്പുകുത്തി. ഇനി താരത്തിന് സിനിമയില്‍ രക്ഷയില്ലേയെന്ന ചോദ്യം പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായ ഘട്ടത്തില്‍ കൂടിയാണ് രാഷ്ട്രീയത്തിലെ പുതിയ പരീക്ഷണം. എന്തിരുന്നാലും ബിജെപി അധ്യക്ഷനെ നിര്‍ത്തി ജനവിധി തേടാനൊരുങ്ങുന്ന വയനാടും കങ്കണയിലൂടെ ബിജെപി ഉയര്‍ത്തിയ മാണ്ഡിയിലും ജനവിധിയെന്താകുമെന്ന് കാത്തിരുന്ന് കാണാം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com