കുഞ്ഞുങ്ങളിലെ കാന്‍സര്‍; അറിയാതെ പോവരുത് ഓരോ ലക്ഷണങ്ങളും

പ്രതിവര്‍ഷം 0 മുതല്‍ 19 വയസ്സുവരെയുള്ള ഏകദേശം 4 ലക്ഷം കുട്ടികള്‍ക്ക് കാന്‍സര്‍ സ്ഥിരീകരിക്കപ്പെടുന്നതായി വ്യത്യസ്ത പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്

കുഞ്ഞുങ്ങളിലെ കാന്‍സര്‍; അറിയാതെ പോവരുത് ഓരോ ലക്ഷണങ്ങളും
dot image

ശരീരത്തിലെ കോശങ്ങള്‍ തകരാറിലാകുമ്പോള്‍ നിയന്ത്രണമില്ലാതെ ശരീര കോശങ്ങള്‍ ക്രമാതീതമായി വിഭജിക്കുന്ന അവസ്ഥയാണ് കാന്‍സര്‍ അഥവാ അര്‍ബുദം. മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ ബാധിക്കാവുന്ന അവസ്ഥയാണ് ഇത്. കാന്‍സറിന് പ്രായപരിധിയില്ല എന്ന് അര്‍ത്ഥം. പ്രതിവര്‍ഷം 0 മുതല്‍ 19 വയസ്സുവരെയുള്ള ഏകദേശം 4 ലക്ഷം കുട്ടികള്‍ക്ക് കാന്‍സര്‍ സ്ഥിരീകരിക്കപ്പെടുന്നതായി വ്യത്യസ്ത പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്.

കുട്ടികളില്‍ കണ്ടുവരുന്ന പ്രധാന കാന്‍സറുകള്‍

ബ്ലഡ് കാന്‍സര്‍ അഥവാ അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ (ALL),

കുട്ടികളുടെ ശരീരത്തില്‍ മജ്ജ, ലിംഫാറ്റിക് സംവിധാനം എന്നിവിടങ്ങളില്‍ രൂപപ്പെടുന്ന അര്‍ബുദമാണ് അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ.
ലക്ഷണങ്ങള്‍: ക്ഷീണം , പനി, ശരീരഭാരം കുറയുക ലിംഫ് നോഡുകളില്‍ ഉള്ള വീക്കം, അണുബാധ തുടങ്ങിയവ.

ചികിത്സകള്‍: കീമോതെറാപ്പിയിലൂടെ അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ പൂര്‍ണമായും ചികിത്സിക്കാം. 85% ല്‍ കൂടുതല്‍ കുട്ടികള്‍ നല്ലരീതിയില്‍ ചികിത്സയോട് പ്രതികരിക്കുകയും അതിലൂടെ അവര്‍ക്ക് സാധാരണ ജീവിതത്തിലേക്കു മടങ്ങിവരാനും സാധിക്കാറുണ്ട്.

cancer in children

Also Read:

മസ്തിഷ്‌ക ട്യൂമറുകള്‍

തലച്ചോറില്‍ അല്ലെങ്കില്‍ അതിനു സമീപത്തുണ്ടാകുന്ന കോശങ്ങളുടെ അനിയന്ത്രിത വളര്‍ച്ചയെ ആണ് മസ്തിഷ്‌ക ട്യൂമറുകള്‍ എന്ന് പറയുന്നത്. മസ്തിഷ്‌ക ട്യൂമറുകള്‍ പല തരത്തിലുണ്ട്. ചിലത് കാന്‍സറസ് ആണെങ്കില്‍, ചിലത് കാന്‍സറസ് അല്ലാത്ത ബിനൈന്‍ ട്യൂമറുകള്‍ ആകുന്നു. ട്യൂമറിന്റെ സ്ഥാനം, വലിപ്പം, അതിന്റെ വളര്‍ച്ചയുടെ വേഗത എന്നിവയെ ആശ്രയിച്ചാകുന്നു മസ്തിഷ്‌ക ട്യൂമറുകളുടെ ലക്ഷണങ്ങള്‍ കാണപ്പെടാറ്.

ലക്ഷണങ്ങള്‍:തലവേദന,അമിതമായ ഛര്‍ദ്ദി,അപസ്മാരം, ബലഹീനത, കാഴ്ച സംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയവ.

ചികിത്സകള്‍:മസ്തിഷ്‌കാര്‍ബുദ ചികിത്സയില്‍ ശസ്ത്രക്രിയ, കീമോതെറാപ്പി, റേഡിയോ തെറാപ്പി തുടങ്ങിയ വിവിധ ചികിത്സാരീതികള്‍ സംയോജിപ്പിച്ചുള്ള സമീപനമാണ് സ്വീകരിക്കുന്നത്. രോഗിയുടെ പ്രായം, ആരോഗ്യനില, അര്‍ബുദത്തിന്റെ തരം എന്നിവയെല്ലാം കണക്കിലെടുത്ത് ഓരോ രോഗിയ്ക്കും അനിവാര്യമായ ചികിത്സയാകുന്നു നടപ്പിലാക്കുന്നത്.

Also Read:

ലിംഫോമ

രോഗങ്ങളേയും ഇന്‍ഫെക്ഷനുകളേയും പ്രതിരോധിക്കാന്‍ സഹായിക്കുന്ന പ്രതിരോധ സംവിധാനമായ ലിംഫാറ്റിക് സിസ്റ്റത്തില്‍ അസാധാരണമായ കോശങ്ങളുടെ വളര്‍ച്ച മൂലം ഉണ്ടാകുന്ന കാന്‍സര്‍ ആകുന്നു ലിംഫോമ. ഈ കാന്‍സര്‍ ബാധിച്ചവര്‍ക്ക് കാലക്രമേണ പ്രതിരോധിക്കാനുള്ള ശരീരത്തിന്റെ കഴിവ് നഷ്ടപ്പെടുത്തുകയും ലിംഫ് നോഡുകള്‍ വീര്‍ക്കുകയും ചെയ്യുന്നു. ലിംഫോമയുടെ ആദ്യഘട്ടങ്ങളില്‍ രോഗമുക്തി നിരക്ക് 90% ത്തിലും കൂടുതലാകുന്നു.

ലക്ഷണങ്ങള്‍ :കഴുത്ത്, കക്ഷം, അല്ലെങ്കില്‍ നെഞ്ച് എന്നീ ശരീര ഭാഗങ്ങളില്‍ കാണപ്പെടുന്ന വീക്കം ചേര്‍ന്ന വേദനയില്ലാത്ത ലിംഫ് നോഡുകള്‍.ശ്വാസതടസ്സം,ചുമ, ശരീര ഭാരം കുറയുക, ക്ഷീണം ,ആവര്‍ത്തിച്ചുള്ള അണുബാധ (ഇന്‍ഫെക്ഷനുകള്‍) തുടങ്ങിയവ ആകുന്നു ലിംഫോമയുടെ പ്രധാന ലക്ഷണങ്ങള്‍ .

ബോണ്‍ കാന്‍സര്‍ / അസ്തി കാന്‍സര്‍

10 വയസ്സിന് മുകളിലുള്ള കൗമാരകാരില്‍ കാണപ്പെടുന്ന വളരെ അപൂര്‍വമായ ഒരു കാന്‍സര്‍ ആകുന്നു അസ്ഥി കാന്‍സര്‍ ( ബോണ്‍ കാന്‍സര്‍). അസ്ഥിയിലെ മുഴ ശരീരത്തിലെ ഒരു ഭാഗത്ത് മാത്രമാണുള്ളതെങ്കില്‍ 65% വരെ രോഗമുക്തി സാധ്യമാണ്. എന്നാല്‍ മുഴ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടര്‍ന്ന ഒരാവസ്ഥയാണെങ്കില്‍ രോഗമുക്തി 30% ലും താഴെയാണ്. രണ്ടു തരത്തിലാണ് ഈ രോഗം കാണപ്പെടാറുള്ളത്.

ഓസ്റ്റിയോസാര്‍കോമ ബോണ്‍ കാന്‍സര്‍

അസ്ഥിയില്‍ രൂപപ്പെടുന്ന ഒരു ക്യാന്‍സറാണ് ഓസ്റ്റിയോസാര്‍കോമ . ഇവ ട്യൂമറുകളുടെ രൂപത്തില്‍ സാധാരണയായി തുടയെല്ല് (ഫീമര്‍) പോലുള്ള കാലുകളിലേയോ കൈകളിലേയോ നീളമുള്ള അസ്ഥികളുടെ അറ്റത്താണ് കാണപ്പെടുന്നത്.

ഇവിങ് സാര്‍കോമ ബോണ്‍ കാന്‍സര്‍

കുട്ടികളുടെ അസ്ഥിയില്‍ കാണപ്പെടുന്ന മറ്റൊരു തരം കാന്‍സറാണ് ഇവിങ് സാര്‍കോമ. ഇത് സാധാരണയായി കാലുകളിലെയോ കൈകളിലെയോ നീളമുള്ള അസ്ഥികളിലോ അല്ലെങ്കില്‍ മറ്റു ഭാഗങ്ങളായ നട്ടെല്ല് , പേല്‍വിസ്,തലയോട്ടി എന്നീ ഇടങ്ങളിലും കാണപ്പെടാറുണ്ട്.അതുകൂടാതെ ഈ രോഗാവസ്ഥ അസ്ഥിയെ ദുര്‍ബലപ്പെടുത്തുകയും അസ്ഥിയ്ക്ക് പുറത്തുള്ള മൃദുവായ ടിഷ്യൂകളിലേക്ക് വളരുകയും ചെയ്യും.

വില്‍ംസ് ട്യൂമര്‍ (കിഡ്‌നിയിലെ ട്യൂമര്‍)

കുട്ടികളുടെ വൃക്കയില്‍ ഉണ്ടാകുന്ന അപൂര്‍വമായതും 4 - 5 % മാത്രം കുട്ടികളില്‍ കാണപ്പെടുന്നതുമായ ഒരു കാന്‍സര്‍ ആകുന്നു വില്‍ംസ് ട്യൂമര്‍ (നെഫ്രോബ്ലാസ്റ്റോമ) .1 മുതല്‍ 5 വയസ്സ് വരെയുള്ള കുട്ടികളുടെ അടിവയറില്‍ മുഴയുടെ രൂപത്തില്‍ ആകുന്നു വില്‍ംസ് ട്യൂമര്‍ സാധാരണമായി കാണപ്പെടുന്നത്.


ചികിത്സകള്‍:കിഡ്‌നിയുടെ പ്രവര്‍ത്തനം നിലനിനിര്‍ത്തുന്നതിന് വേണ്ടി ശസ്ത്രക്രിയ വഴി അര്‍ബുദത്തെ നീക്കം ചെയ്യപ്പെടുന്നു.ട്യൂമറിന്റെ വ്യാപ്തിക്കും വലുപ്പത്തിനും അനുസരിച്ചാകും മറ്റു ചികില്‍ത്സാ രീതികളായ റേഡിയേഷന്‍ കീമോതെറാപ്പി തുടങ്ങിയവ അവലംബിക്കുന്നത്.

കുട്ടികളിലെ കാന്‍സര്‍ അപൂര്‍വമാണെങ്കിലും, അതിനായുള്ള സമഗ്രമായ ചികിത്സകള്‍ ഇന്ന് ലഭ്യമാണ്. കുട്ടികളുടെ ആരോഗ്യത്തില്‍ ചെറിയ വ്യത്യാസങ്ങള്‍ പോലും കണ്ടാല്‍ ഉടന്‍ ഡോക്ടറുടെ ഉപദേശം തേടുക അത്യന്താപേക്ഷിതമാണ്. പ്രാഥമിക ഘട്ടത്തില്‍ കാന്‍സര്‍ കണ്ടെത്തിയാല്‍, വൈദ്യശാസ്ത്രം ഇന്ന് നല്‍കുന്ന മികച്ച ചികിത്സകളിലൂടെ 70-75% കുഞ്ഞുങ്ങളുടെ സ്വപ്നങ്ങള്‍ക്കും ചിറക് വിരിക്കാന്‍ കഴിയുന്നുണ്ട്.

Content Highlights : Learn about the major cancers found in children and their treatments.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us