രാഷ്ട്രീയത്തില് പ്രായം ഒരു തടസ്സമാണോ?

രാഷ്ട്രീയപ്രവര്ത്തനത്തിന് പ്രായം ഒരു തടസ്സമാണോ, മുതിര്ന്ന നേതാക്കള് വയസ്സായി കഴിഞ്ഞാല് യുവതലമുറയ്ക്ക് വേണ്ടി വഴി മാറേണ്ടതുണ്ടോ? പ്രായത്തെ മുന്നിര്ത്തി ഇന്ത്യന് രാഷ്ട്രീയത്തെ കുറിച്ചൊരു പരിശോധന

സ്വാതി രാജീവ്
4 min read|11 Jul 2023, 08:42 pm
dot image

രാഷ്ട്രീയത്തില് പ്രായം ഒരു തടസ്സമാണോ?

'എന്റെ പ്രായം എണ്പത്തിരണ്ടോ തൊണ്ണൂറ്റിരണ്ടോ എന്നതല്ല വിഷയം, ഞാനെത്ര മാത്രം ഫലപ്രദമായാണ് പ്രവര്ത്തിക്കുന്നത് എന്നതാണ്...' താന് നട്ടുനനച്ച് വളര്ത്തിയ പാര്ട്ടി കൈവിട്ടുപോകുമെന്ന നിര്ണായകഘട്ടത്തില് എന്സിപി നേതാവ് ശരദ് പവാര് പറഞ്ഞ രാഷ്ട്രീയ മറുപടിയാണിത്. ശരദ് പവാറിന്റെ പ്രായത്തെ മുന്നിര്ത്തിയുള്ള അജിത് പവാറിന്റെ പരിഹാസത്തിന് തഴക്കം ചെന്ന നേതാവില് നിന്നുള്ള മറുപടി. ഒറ്റരാത്രികൊണ്ട് എന്സിപിയെ പിളര്ത്തി ബിജെപിക്കൊപ്പം ചേരുകയും ഉപമുഖ്യമന്ത്രിയായി ചുമതലയേല്ക്കുകയും ചെയ്ത അജിത് പവാറിന്റെ പ്രധാന പ്രശ്നവും അത് തന്നെയായിരുന്നു. പാര്ട്ടിക്കും അധ്യക്ഷ സ്ഥാനത്തിനും വേണ്ടിയാണ് അമ്മാവനായ ശരദ് പവാറിനോട് അജിത് ഏറ്റുമുട്ടുന്നത്. വിരമിക്കാനുള്ള സമയമായെന്നും പാര്ട്ടിയുടെ സ്ഥാനമാനങ്ങളെല്ലാം തനിക്ക് കൈമാറി കസേര ഒഴിയണമെന്നുമാണ് അജിത് ആവശ്യപ്പെട്ടത്.

ശരദ് പവാറിന്റെ പ്രായം, വിവാദം

പാര്ട്ടി അണികളും നേതാക്കന്മാരും എല്ലാം കൂടിയിരിക്കുന്ന വേദിയില് വച്ച് പരസ്യമായി അജിത് പവാര് ശരദ് പവാറിനെ വെല്ലുവിളിക്കുകയായിരുന്നു. നിങ്ങള്ക്ക് 83 വയസ്സായി, എന്നിട്ടും ഇത് നിര്ത്താറായില്ലേ ഞങ്ങളെ അനുഹിക്കൂ, ഞങ്ങള് അങ്ങയുടെ ആയുര്ദൈര്ഘ്യത്തിന് വേണ്ടി പ്രാര്ഥിക്കാം. അജിത്തിന്റെ വാക്കുകളിങ്ങനെ. ബിജെപി നേതാക്കളെല്ലാം 75-ാം വയസ്സില് വിരമിക്കും. എല് കെ അദ്വാനിയെയും മുരളി മനനോഹര് ജോഷിയെയുമെല്ലാം കണ്ട് പഠിക്കണം. ഇത് പുതിയ തലമുറയെ ഉയര്ത്തിക്കൊണ്ടുവരും. അമ്മാവനോട് മരുമകന്റെ ഉപദേശം ഇങ്ങനെ നീണ്ടു. എന്നാല് തന്റെ അച്ഛനെ ഉപദേശിക്കാനെത്തിയ അജിത്തിന് മകള് സുപ്രിയ സുലേ മറുപടിയുമായി എത്തി. 'അമിതാഭ് ബച്ചന് 82 വയസ്സായി, ഇപ്പോഴും ജോലി ചെയ്യുന്നു. ചില ആളുകള് കരുതുന്നത് മറ്റുള്ളവരെല്ലാം പ്രായമായവരാണെന്നും അതുകൊണ്ടു തന്നെ അവര് മറ്റുള്ളവരെ അനുഗ്രഹിച്ചുകൊണ്ട് ഇരിക്കണം എന്നുമാണ്. രത്തന് ടാറ്റ ശരദ് പവാറിനെക്കാള് 3 വയസ്സിന് മുതിര്ന്നതാണ്. അദ്ദേഹമാണ് രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ശൃംഖലയെ നയിക്കുന്നത്'.

ശരദ് പവാറിനെതിരായ പരാമര്ശം ഏറെ വേദനിപ്പിച്ചത് മറ്റൊരു 75-കാരനെയാണ്. മുന് ബിഹാര് മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനെ. രാഷ്ട്രീയത്തില് വിരമിക്കല് പ്രായം സാധ്യമല്ല എന്നാണ് വാദം. അജിത് പറഞ്ഞു എന്ന കാരണത്താല് ശരദ് പവാര് വിരമിക്കുമോ? പ്രായമായെന്ന് കരുതി ആരെങ്കിലും രാഷ്ട്രീയത്തില് നിന്ന് വിരമിക്കണോ?. വിഷയത്തില് ലാലുവിന്റെ പ്രതികരണം ഇങ്ങനെ. ലാലു പ്രസാദ് യാദവ് പറഞ്ഞതിലും കാര്യമുണ്ട്. ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളൊന്നും വയസ്സിന്റെ പേരില് പിന്നോട്ട് പോയവരല്ല. അവരുടെ പ്രായത്താല് നിലപാടിന് മൂര്ച്ച കുറഞ്ഞവരുമല്ല പലപ്പോഴും ഒന്ന് പിന്നോട്ട് നീങ്ങുന്നത് ആരോഗ്യ പ്രശ്നങ്ങള് മൂലമായിരിക്കും. എന്നാല് അത് പോലും അവരുടെ ജനകീയതയെ ബാധിക്കുന്നില്ല എന്നതാണ് സത്യം.

ഇന്ത്യയുടെ പ്രായമേറിയ നേതാക്കള്

80 വയസ്സുകാരന് മല്ലികാര്ജുന് ഖര്ഗെയാണ് കോണ്ഗ്രസിന്റെ ദേശീയ അധ്യക്ഷന്. രാജ്യത്തെ ഏറ്റവും പഴക്കമുള്ള രാഷ്ട്രീയ പാര്ട്ടിയുടെ നിര്ണായക തീരുമാനങ്ങളെല്ലാം കൈക്കൊള്ളുന്നത് ഈ 80-കാരനാണ്. മുന് കോണ്ഗ്രസ് നേതാവ് അമരീന്ദര് സിംഗ്. 81-ാം വയസ്സിലും പഞ്ചാബ് രാഷട്രീയത്തിലെ മുടിചൂടാ മന്നനായി നിലകൊള്ളുന്നു. കോണ്ഗ്രസ് വിട്ട് സ്വന്തമായി പാര്ട്ടി രൂപീകരിച്ചു. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപിയുമായി ചേര്ന്നു.

85-ാം വയസ്സിലും ഊര്ജസ്വലനായി നിലകൊള്ളുകയാണ് ഫാറൂഖ് അബ്ദുള്ള. രാജ്യം കണ്ട ഏറ്റവും ശക്തനായ രാഷ്ട്രീയ നേതാക്കളിലൊരാള്. നാഷണല് കോണ്ഫറന്സ് നേതാവായ അദ്ദേഹം ഒരു തവണ പോലും ജമ്മു കശ്മീര് തിരഞ്ഞെടുപ്പില് തോല്വി അറിഞ്ഞിട്ടില്ല. 34 വര്ഷമാണ് പാര്ട്ടിയെ മുന്നില് നിന്ന് നയിച്ചത്. പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞപ്പോഴും അബ്ദുള്ള പറഞ്ഞത് താനൊരിക്കലും സജീവ രാഷട്രീയത്തില് നിന്ന് പിന്മാറുകയില്ല എന്നാണ്. നിലവില് പാര്ലമെന്റ് അംഗമായ അദ്ദേഹം പാര്ട്ടി യോഗങ്ങളിലെല്ലാം ശക്തമായ സാന്നിധ്യമായി നിലകൊള്ളുന്നു.

കേരളത്തിനും ഇക്കാര്യത്തില് പറയാന് ചിലതുണ്ട്. മുന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് 99 വയസ്സാണ്. 85 വര്ഷം നീണ്ട രാഷ്ട്രീയ ജീവിതം. 82-ാം വയസ്സിലാണ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി വി എസ് ചുമതലയേല്ക്കുന്നത്. കേരളത്തിലെ ഏറ്റവും പ്രായം കൂടിയ മുഖ്യമന്ത്രിയായി സേവനമനുഷ്ടിച്ചത് വി എസ്സാണ്. 2016 ലെ തിരഞ്ഞെടുപ്പില് മലമ്പുഴയില് നിന്ന് മല്സരിച്ച് ജയിച്ചത് 92-ാം വയസ്സിലാണ്. 2019-ലാണ് പ്രായാധിക്യത്തെ തുടര്ന്നുള്ള അസ്വസ്ഥതകളാല് അദ്ദേഹം സജീവ രാഷ്ട്രീയത്തില് നിന്ന് പിന്മാറിയത്. 96 വയസ്സുവരെ കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികള് നിര്ണയിക്കുന്ന സുപ്രധാന സാന്നിധ്യമായി വി എസ് നിലകൊണ്ടു.

നമ്മുടെ തൊട്ടടുത്ത് കര്ണാടകയിലും പ്രായമാകാത്ത ഒരു നേതാവുണ്ട്. എച്ച് ഡി ദേവഗൗഡ. ഇക്കഴിഞ്ഞ കര്ണാടക നിയമസഭാ തിരഞ്ഞെടുപ്പില് ജെഡിഎസിനെ നയിച്ചത് ഈ 90-കാരനാണ്. ഏറ്റവും മുതിര്ന്ന താരപ്രചാരകനായി അദ്ദേഹം കര്ണാടകയില് ഓടി നടന്നു. 24 മണിക്കൂര് രാഷ്ട്രീയക്കാരന് എന്നൊരു വിശേഷണവും അദ്ദേഹത്തിനുണ്ട്. ശിരോമണി അകാലിദള് നേതാവ് പ്രകാശ് സിംഗ് ബാദല്, ഡിഎംകെയുടെ കരുണാനിധി, സമാജ്വാദി പാര്ട്ടി നേതാവ് മുലായം സിങ് യാദവ്, ശിവസേനയുടെ ബാല് താക്കറെ എന്നിവര് പ്രായമായിട്ടും രോഗാവസ്ഥയിലുമെല്ലാം സജീവ രാഷ്ട്രീയ നേതാക്കളായി തുടര്ന്നിരുന്നു. നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന് 78 വയസ്സാണ്.

പഞ്ചാബിന്റെ മുഖ്യമന്ത്രിയായിരുന്ന പ്രകാശ് സിംഗ് ബാദലാണ് തിരഞ്ഞെടുപ്പില് മല്സരിച്ച രാജ്യത്തെ ഏറ്റവും മുതിര്ന്ന രാഷ്ട്രീയ നേതാവ്. 15-ാം വയസ്സില് രാഷ്ട്രീയം തുടങ്ങിയ കരുണാനിധി അത് അവസാനിപ്പിച്ചത് മരണത്തിലൂടെയാണ്. 94-ാം വയസ്സില്. മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അതികായന് ബാല് താക്കറെ 86-ാം വയസ്സില് മരണപ്പെടുമ്പോഴും നേതാവായിരുന്നു. സമാജ്വാദി പാര്ട്ടി നേതാവ് മുലായം സിങ് യാദവിന്റെ രാഷട്രീയവും ജീവിതവും അവസാനിക്കുന്നത് 82-ാം വയസ്സില്. അടുത്ത തലമുറയ്ക്ക് കൈവരിക്കാനാകാത്ത, പൊരുത്തപ്പെടാന് കഴിയാത്ത ഒരു ബഹുജനപ്രീതി ഈ നേതാക്കളിലെല്ലാം ഉണ്ടായിരുന്നു എന്നതാണ് ഇവരുടെയെല്ലാം പ്രത്യേകതയും സവിശേഷതയും.

ബിജെപിയുടെ അപ്രഖ്യാപിത വിരമിക്കല് നിയമം

ബിജെപിയില് പക്ഷേ കാര്യങ്ങളില് ചില മാറ്റങ്ങളുണ്ട്. 75 വയസ്സ് തികഞ്ഞ രാഷ്ട്രീയക്കാര് മന്ത്രി സ്ഥാനങ്ങളില് നിന്നും സംഘടനാ സ്ഥാനങ്ങളില് നിന്നും വിരമിക്കണമെന്ന് പറയാതെ പറയുന്ന ചട്ടമാണ് ഭരണകക്ഷിയിലുള്ളത്. 75 വയസ്സിന് മുകളിലുള്ള നേതാക്കള് കേന്ദ്ര-സംസ്ഥാന സര്ക്കാരുകളില് ഭരണപരമായ പദവികള് വഹിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുമ്പ് സൂചിപ്പിച്ചിരുന്നു. പാര്ട്ടിയിലെ അതിശക്തരായ എല് കെ അദ്വാനിയും മുരളി മനോഹര് ജോഷിയും പിന്നിലേക്ക് മാറി. 2014 ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ യശ്വന്ത് സിംഗ്, ശത്രുഘ്നനന് സിന്ഹ തുടങ്ങിയ നേതാക്കള്ക്ക് തിരഞ്ഞെടുപ്പില് മല്സരിക്കാന് അവസരം നല്കിയില്ല. ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ആനന്ദിബെന് പട്ടേല് വിരമിച്ചത് 74-ാം വയസ്സിലാണ്. കര്ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബി എസ് യെദ്യൂരിയപ്പ വിരമിച്ചത് 78-ാം വയസ്സിലാണ്. രാഷ്ട്രീയ നേതാക്കളുടെ പ്രായവും വിരമിക്കലുമെല്ലാം ചര്ച്ചയാകുമ്പോള് ഉയര്ന്നു വരുന്ന ഒരു ചോദ്യമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി എപ്പോള് വിരമിക്കും എന്നത്. 75 വയസ്സ് തികഞ്ഞ് കഴിഞ്ഞാല് മോദി എന്താകും ചെയ്യുക? ഒരു കാര്യം ഉറപ്പാണ്. മോദിയുടെ ഭാവി തീരുമാനം എന്താകുമെന്ന് ആര്ക്കും നിശ്ചയമില്ല.

എന്തുകൊണ്ടാണ് ഇന്ത്യയിലെ രാഷ്ട്രീയക്കാര് വിരമിക്കാത്തത്?

ഇന്ത്യന് രാഷ്ട്രീയത്തില് പ്രായം എന്നത് വെറും അക്കം മാത്രമാണ്. യുവത്വത്തിന്റെ ആവേശത്തേക്കാള് ജനപ്രീതിയും അനുഭവസമ്പത്തുമാണ് എപ്പോഴും ഇവിടെ മുന്നില് നില്ക്കുന്നത്. പല പ്രാദേശിക പാര്ട്ടികളിലും, ഒരു നേതാവ് പൊതുജനങ്ങളാലും അദ്ദേഹത്തിന്റെ പാര്ട്ടി പ്രവര്ത്തകരാലും സ്നേഹിക്കപ്പെടുന്നുവെങ്കില് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന് പ്രായം ഒരു തടസ്സമാകില്ല എന്നത് വസ്തുതയാണ്. ഇവിടെ രാഷ്ട്രീയം സ്വാധീനം ചെലുത്താനും അധികാരം നിലനിര്ത്താനുമുള്ള ഒരു ഉപാധിയായാണ് കാണുന്നത്. അതിനാല്ത്തന്നെ മുതിര്ന്ന രാഷട്രീയക്കാര്ക്ക് തങ്ങള് വര്ഷങ്ങളായി സ്വരൂപിച്ച അധികാരവും അന്തസ്സും നിയന്ത്രണവും ഉപേക്ഷിക്കാന് പ്രയാസമാണ്. പാര്ട്ടിയിലോ കുടുംബത്തിലോ കഴിവുള്ള പിന്ഗാമിയില്ലാത്തതും ചിലര്ക്ക് സ്ഥാനമൊഴിയാന് തടസ്സമാകുന്നു. തങ്ങളുടെ നേതൃത്വമില്ലെങ്കില് തങ്ങളുടെ പാര്ട്ടിക്ക് ദോഷം സംഭവിക്കുമെന്ന് ഇവര് കരുതുന്നു. അതേ സമയം യുവതലമുറയെ അമ്പരപ്പിക്കുന്ന തരത്തില് ചടുലതയോടെ രാഷ്ട്രീയത്തില് ഇടപെടുന്ന അനേകം മുതിര്ന്ന രാഷ്ട്രീയ പ്രവര്ത്തകരുണ്ട്.

കാര്യങ്ങള് ഇങ്ങനെയൊക്കെ ആകുമ്പോഴും ചെറുപ്പം എന്നത് പുതിയ കാലത്തിലേക്കും പുതിയ ആലോചനകളിലേക്കുമുള്ള വാതിലാണ്. അത് തുറന്നുതന്നെ കിടക്കണം. അപ്പോഴേ കാലത്തിനൊപ്പം സഞ്ചരിക്കുന്ന രാജ്യവും രാഷ്ട്രീയവും പിറക്കൂ. പക്ഷേ, പ്രായം അയോഗ്യതയല്ല. അതിന് ഏറെ സാക്ഷ്യങ്ങള് ഇന്ത്യന് രാഷ്ട്രീയം തന്നെ തരുന്നുണ്ട്. മറ്റെല്ലാ മേഖലകളിലും എന്ന പോലെ രാഷ്ട്രീയ രംഗത്തും ഒരു തലമുറമാറ്റം അനിവാര്യമാണ്. രാഷ്ട്രീയ ബോധ്യമുള്ള യുവാക്കളെ രാജ്യത്തിന്റെ മഹത്തായ നന്മയ്ക്കായി വളര്ത്തിയെടുക്കാന് ഇന്ത്യയിലെ രാഷ്ട്രീയക്കാര് ചിന്തിക്കേണ്ട സമയമാണിത്. ശരിയായ സമയത്ത് മാറിനില്ക്കണം. നമ്മുടെ ഭരണരംഗത്തേക്ക് രാഷ്ട്രീയ കാഴ്ചപ്പാടും സാമൂഹിക പ്രതിബദ്ധതയുമുള്ള ചെറുപ്പക്കാര് കടന്നു വരട്ടെ. ഇന്ത്യന് പാര്ലമെന്റ് പുതിയ കാഴ്ച്ചപ്പാടുകളുള്ള യുവാക്കള് കടന്നു വരുന്ന ഇടമായി മാറട്ടെ. അതേ സമയം പ്രായമായി എന്ന ഒറ്റക്കാരണത്താല് ഇന്ത്യന് രാഷ്ട്രീയത്തിലെ അതികായരായ നേതാക്കള് കറിവേപ്പില പോലെ പുറത്താകാതിരിക്കട്ടെ.

dot image
To advertise here,contact us
dot image