Top

വിഴിഞ്ഞം പദ്ധതി: യുഡിഎഫിന്റെ കാലത്ത് നടന്നത് കരാര്‍ ഒപ്പിടലും പ്രാഥമിക നടപടികളും മാത്രം; വിഡി സതീശന് മന്ത്രിയുടെ മറുപടി

ആര് എതിര്‍ത്താലും ഈ സ്വപ്നം സമയബന്ധിതമായി പൂവണിയുക തന്നെ ചെയ്യും

25 Sep 2021 10:22 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിഴിഞ്ഞം പദ്ധതി: യുഡിഎഫിന്റെ കാലത്ത് നടന്നത് കരാര്‍ ഒപ്പിടലും പ്രാഥമിക നടപടികളും മാത്രം; വിഡി സതീശന് മന്ത്രിയുടെ മറുപടി
X

വിഴിഞ്ഞം പദ്ധതി വൈകുന്നതിന് പിന്നില്‍ സര്‍ക്കാരും അദാനി ഗ്രൂപ്പും തമ്മിലെ ഒത്തുകളിയാണെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണത്തിന് മറുപടിയുമായി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. അദാനി ഗ്രൂപ്പുമായി കരാറില്‍ ഒപ്പിട്ടതിനുശേഷം പ്രാഥമിക നടപടികള്‍ മാത്രമാണ് യുഡിഎഫിന്റെ കാലത്ത് നടന്നിട്ടുള്ളത്. എന്നാല്‍ ഓഖി, രണ്ട് പ്രളയം, കൊവിഡും അടക്കമുള്ള പ്രതിസന്ധികള്‍ക്കിടെ 60% നിര്‍മ്മാണ പ്രവര്‍ത്തികളാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

പാറ ലഭ്യമാകുന്നതിന് വന്ന കാലതാമസമാണ് ബ്രേക്ക് വാട്ടര്‍ നിര്‍മ്മാണം വൈകാന്‍ കാരണം. പാറയുടെ ലഭ്യത ഉറപ്പു വരുത്തുവാന്‍ സാധ്യമായ എല്ലാ പരിശ്രമങ്ങളും നടത്തി വരികയുമാണെന്നും മന്ത്രി വിശദീകരണത്തില്‍ വ്യക്തമാക്കി.

മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞത്:

കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ ഓഖി, രണ്ട് പ്രളയം, കൊവിഡ് തുടങ്ങിയ പ്രകൃതി ദുരന്തങ്ങളും മഹാമാരിയും വന്നതൊന്നും ബഹുമാന്യനായ പ്രതിപക്ഷ നേതാവ് അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടു, അത്ഭുതം തോന്നിയില്ല. ഇത്തരം നിലപാടുകള്‍ കാരണമാണല്ലോ കഴിഞ്ഞ 5 വര്‍ഷം ഇരുന്ന അതേ സീറ്റില്‍ തന്നെ ഈ പ്രവശ്യവും യു.ഡി.എഫിന് ഇരിക്കേണ്ടി വന്നത്.

അദാനി ഗ്രൂപ്പുമായി യു. ഡി. എഫ് കരാറില്‍ ഒപ്പിട്ടതിന് ശേഷം പ്രാഥമിക നടപടികള്‍ മാത്രമാണ് യുഡിഎഫ് ഭരണസമയത്ത് നടന്നിട്ടുള്ളത്. എന്നാല്‍ ഈ പ്രയാസഘട്ടങ്ങളെയെല്ലാം അതിജയിച്ച് 60% നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഇതിനകം വിഴിഞ്ഞത്ത് നടന്നിട്ടുണ്ട്. പാറ ലഭ്യമാകുന്നതിന് വന്ന കാലതാമസമാണ് ബ്രേക്ക് വാട്ടര്‍ നിര്‍മ്മാണം വൈകാന്‍ കാരണം. പാറയുടെ ലഭ്യത ഉറപ്പു വരുത്തുവാന്‍ സാധ്യമായ എല്ലാ പരിശ്രമങ്ങളും നടത്തി വരികയുമാണ്.

ഇതിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച്ച തമിഴ്‌നാട് മന്ത്രി ഇ.വി വേലുവുമായി നേരിട്ട് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ സംസ്ഥാനത്തിന്റെ പുറത്തു നിന്ന് കല്ലു കൊണ്ടുവരുന്നതിനുള്ള സാമ്പത്തിക പ്രശ്‌നങ്ങളും പരിഗണിക്കേണ്ടിവരും. ഇക്കാര്യങ്ങള്‍ പരിശോധിക്കുവാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനി എം.ഡിയായി ഗോപാലകൃഷ്ണന്‍ ഐ.എ.എസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ ആഴ്ചയില്‍ തന്നെ പോര്‍ട്ട് ആസ്ഥാനത്ത് വിസില്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കും.

വര്‍ക്ക് കൗണ്ട്ഡൗണ്‍ കലണ്ടര്‍ ഉള്‍പ്പെടെ പ്ലാന്‍ ചെയ്തിട്ടുണ്ട്. എല്ലാ ആഴ്ചയും പ്രവര്‍ത്തന അവലോകനത്തിനായി ഒരു മോണിറ്ററിംഗ് കമ്മിറ്റിയും രൂപീകരിക്കും. സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ച് ഏറ്റവും വേഗത്തില്‍ സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതി പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ആരോപണമുന്നയിക്കുന്നവര്‍ വിഴിഞ്ഞം പോര്‍ട്ടിന്റെ നിലവിലെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നേരിട്ട് കണ്ട് മനസ്സിലാക്കാന്‍ ശ്രമിക്കുക. ആര് എതിര്‍ത്താലും ഈ സ്വപ്നം സമയബന്ധിതമായി പൂവണിയുക തന്നെ ചെയ്യും.

Popular Stories

    Next Story