Top

മകളെ പീഡിപ്പിച്ചുവെന്ന് മരുമകളുടെ പരാതി; ഉത്തരാഖണ്ഡ് മുൻ മന്ത്രി ആത്മഹത്യ ചെയ്തു

തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്ന് ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്ന അദ്ദേഹം ഒരു തവണ താഴെ ഇറങ്ങാനും കൂട്ടാക്കിയിരുന്നു

27 May 2022 7:06 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മകളെ പീഡിപ്പിച്ചുവെന്ന് മരുമകളുടെ പരാതി; ഉത്തരാഖണ്ഡ് മുൻ മന്ത്രി ആത്മഹത്യ ചെയ്തു
X

ന്യൂഡൽഹി: മകളെ പീഡിപ്പിച്ചെന്ന മരുമകളുടെ പരാതിയെത്തുടർന്ന് ഭർതൃപിതാവ് ആത്മഹത്യ ചെയ്തു. ഉത്തരാഖണ്ഡിലെ മുതിർന്ന കോൺ​ഗ്രസ് നേതാവും മുൻ മന്ത്രിയുമായ രാജേന്ദ്ര ബഹു​ഗുണയാണ് വാട്ടർ ടാങ്കിന് മുകളിൽ കയറി സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തത്. മകളെ പീഡിപ്പിച്ചു എന്നു കാണിച്ച് മരുമകൾ കേസ് ഫയൽ ചെയ്ത് ദിവസങ്ങൾക്കു ശേഷമാണ് അൻപത്തിയൊൻപതു കാരനായ രാജേന്ദ്ര ബഹു​ഗുണയുടെ മരണം.

ഹൽദ്വാനിയിലെ വീട്ടിൽ നിന്ന് പൊലീസ് എമർജൻസി നമ്പറായ 112 ലേക്ക് വിളിച്ച് ആത്മഹത്യാ വിവരം അദ്ദേഹം അറിയിച്ചിരുന്നു. ഇതിനെത്തുടർന്ന് പൊലീസ് എത്തിയപ്പോൾ അവരെയും അയൽവാസികളെയും ഭയപ്പെടുത്തിക്കൊണ്ടായിരുന്നു ബഹു​ഗുണ സ്വയം വെടിയുതിർത്തത്. മരുമകളുടെ ആരോപണത്തിൽ അദ്ദേഹം ഏറെ അസ്വസ്ഥനായിരുന്നുവെന്ന് മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥൻ പങ്കജ് ഭട്ട് അറിയിച്ചു.

പൊലീസെത്തുമ്പോൾ ബഹു​ഗുണ വാട്ടർ ടാങ്കിന് മുകളിൽ കയറി വെടിയുതിർക്കുമെന്ന് ഭീഷണി ഉയർത്തി നിൽക്കുകയായിരുന്നു. ഉച്ചഭാഷിണി ഉപയോ​ഗിച്ച് അദ്ദേഹത്തോട് സംസാരിക്കാനും പിന്തിരിപ്പിക്കാനും പൊലീസ് ശ്രമിച്ചിരുന്നു. തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്ന് ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്ന അദ്ദേഹം ഒരു തവണ താഴെ ഇറങ്ങാനും കൂട്ടാക്കിയിരുന്നു. എന്നാൽ പെട്ടന്നു തന്നെ തോക്കുപയോ​ഗിച്ച് നെഞ്ചിലേക്ക് വെടിയുതിർക്കുകയായിരുന്നു. ഓടിയെത്തി രക്ഷിക്കാൻ ശ്രമിച്ചുവെങ്കിലും സംഭവ സ്ഥലത്തുവെച്ച് തന്നെ മരിക്കുകയായിരുന്നു.

മരുമകളുടെ പരാതിയിന്മേൽ ബ​ഹു​ഗുണക്കെതിരെ പോക്സോ ചുമത്തിയിരുന്നു. അതേസമയം, ബഹു​ഗുണയുടെ ആത്മഹത്യയിൽ മകൻ അജയ് ബഹു​ഗുണയുടെ പരാതിയിൽ ഭാര്യക്കും, ഭാര്യാപിതാവിനും, അയൽവാസിക്കുമെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.

(ശ്രദ്ധിക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ വിദഗ്ദ്ധരുടെ സേവനം തേടാവുന്നതാണ്. State helpline - 104, Maithri - 0484-2540530)

Story Highlights: Daughter in law complains of abuse of daughter; Former Uttarakhand minister commits suicide

Next Story