Top

മോന്‍സന്റെ വീട്ടില്‍ പോയത് വിരുന്നിന്, പരിചയം 17 വര്‍ഷം മുന്‍പുള്ള കേസുവഴി, വക്കീല്‍ ഫീസുപോലും വാങ്ങാതെയാണ് സഹായിച്ചതെന്നും ലാലി വിന്‍സെന്റ്

2000-2017 കാലഘട്ടത്തിനിടയിലെ അദ്ദേഹത്തിന്റെ ബിസിനസുകളെക്കുറിച്ച് എനിക്കറിയില്ല.

27 Sep 2021 11:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മോന്‍സന്റെ വീട്ടില്‍ പോയത് വിരുന്നിന്, പരിചയം 17 വര്‍ഷം മുന്‍പുള്ള കേസുവഴി, വക്കീല്‍ ഫീസുപോലും വാങ്ങാതെയാണ് സഹായിച്ചതെന്നും ലാലി വിന്‍സെന്റ്
X

പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലുമായുള്ള ബന്ധത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റ്. മോന്‍സനെ 1999-20 കാലഘട്ടം മുതല്‍ പരിചയമുണ്ട്. അദ്ദേഹത്തിനായി ഒരു കേസില്‍ അഭിഭാഷകയുമായിട്ടുണ്ട്. എന്നാല്‍ ഈ കേസിനുശേഷം പതിനേഴുവര്‍ഷക്കാലത്തോളം മോന്‍സനുമായി ആശയവിനിമയം ഉണ്ടായിരുന്നില്ല. പിന്നീട് 2017-ല്‍ വിരുന്നിന് ക്ഷണിച്ചപ്പോള്‍ അതിഥിയായാണ് വീട്ടിലെ വിരുന്നില്‍ പങ്കെടുത്തതെന്നും ലാലി വിന്‍സെന്റ് പറഞ്ഞു. അതേസമയം, കക്ഷിയായിരുന്ന കാലത്തോ അതിനുശേഷം വിരുന്നില്‍ പങ്കെടുക്കുന്നത് വരെയോ മോന്‍സന് പുരാവസ്തു ബിസിനസ് ഉണ്ടായിരുന്നതായി അറിയില്ലായിരുന്നു എന്നും ലാലി വിന്‍സെന്റ് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

ലാലി വിന്‍സെന്റ് പറഞ്ഞത് :

2000-ലെ കേസിനുശേഷം പിന്നീട് ഞങ്ങള്‍ തമ്മില്‍ കാണുകയോ ആശയവിനിമയമോ ഉണ്ടായിട്ടില്ല. പിന്നീട് 2016-ല്‍ ആലപ്പുഴയില്‍ തെരഞ്ഞെടുപ്പ് മത്സരിച്ചതിന് ശേഷം 2017-18 കാലഘട്ടത്തിലാണെന്ന് തോന്നുന്നു ഒരു ഗെറ്റ് ടുഗെതറിനായി അദ്ദേഹം എന്നെ ക്ഷണിച്ചത്. അന്ന് കലൂരുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ പോവുകയും അവിടെയുള്ള മ്യൂസിയം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. അവിടെ നിന്ന് ഭക്ഷണം കഴിച്ചതിനുശേഷം ഞങ്ങളെല്ലാവരും ചേര്‍ന്നിരുന്ന് സംസാരിക്കുന്നതിന്റെ ചിത്രമാണ് ഇപ്പോള്‍ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

വിരുന്നില്‍ ജിജി തോംസണും കെ സുധാകരനുമുണ്ടായിരുന്നു. ജിജി തോംസണും ഭാര്യയും എന്നോടൊപ്പമാണ് ഭക്ഷണം കഴിച്ചത്. കെ സുധാകരന്‍ സാര്‍ കസേരയില്‍ ഇരിക്കുന്നത് കണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ ഒന്നു രണ്ട് പ്രാദേശിക നേതാക്കളും യൂത്ത് കോണ്‍ഗ്രസിന്റെ ചില ഭാരവാഹികളും ഉണ്ടായിരുന്നു. കോണ്‍ഗ്രസിന്റേത് മാത്രമല്ല മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെയും വിവിധ നേതാക്കള്‍ ആ വിരുന്നില്‍ പങ്കെടുത്തിരുന്നു. ഗൗരവതരമായ ഒരു ചര്‍ച്ചയും അന്ന് അവിടെ നടന്നിട്ടില്ല. വെറും സൗഹൃദ സംഭാഷണം മാത്രമായിരുന്നു ഉണ്ടായിരുന്നത്.

എന്നാല്‍ 2000-2017 കാലഘട്ടത്തിനിടയിലെ അദ്ദേഹത്തിന്റെ ബിസിനസുകളെക്കുറിച്ച് എനിക്കറിയില്ല. അദ്ദേഹത്തിന്റെ അഭിഭാഷകയായിരുന്ന കാലത്ത് പണമിടപാടുകള്‍ സംബന്ധിച്ചതോ പുരാവസ്തുമായി ബന്ധപ്പെട്ട കേസുകളിലായിരുന്നില്ല ഞാന്‍ ചെയ്തത്. വാഹനം സംബന്ധിച്ച കേസിലാണ് ഇടപെട്ടത്. ആ കേസുകള്‍ക്കായി വക്കീല്‍ ഫീസ് പോലും വാങ്ങിയിട്ടില്ലെന്നതാണ് സത്യം. അതിന് പറ്റിയ സാഹചര്യമായിരുന്നില്ല അദ്ദേഹത്തിന് ഇന്ന്. അക്കാലത്ത് അദ്ദേഹത്തിന് പുരാവസ്തു ശേഖരം ഉണ്ടായിരുന്നതായി എനിക്കറിയില്ല. വക്കീല്‍ ഫീസ് നല്‍കാതിരുന്നത് പണമില്ലാത്തതിനാലാണോ എന്നും അറിയില്ല. അത് പണമില്ലായ്മയാകണമെന്നില്ല. അദ്ദേഹം ഒരു പ്രത്യേക സാഹചര്യത്തിലായിരുന്നു. അദ്ദേഹത്തെ എന്റയടുത്ത് കൊണ്ടുവന്നത് മറ്റൊരു സുഹൃത്താണ്. ആ സുഹൃത്തിനോടുള്ള സൗഹൃദത്തിന്റെ പേരില്‍ ഞാന്‍ ഫീസ് ചോദിച്ചിരുന്നില്ല. ഒരുപക്ഷേ ഞാനദ്ദേഹത്തോട് ഫീസ് ചോദിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ തരുമായിരുന്നു.

പിന്നീട് വിരുന്നിന് വീട്ടില്‍ചെന്ന് ഈ മ്യൂസിയമെല്ലാം കണ്ടപ്പോഴാണ് അദ്ദേഹത്തിന്റെ വലിപ്പമെല്ലാം മനസിലായത്. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ചെറുപ്പം മുതല്‍ പുരാവസ്തു സൂക്ഷിക്കുന്നതില്‍ വലിയ കമ്പമുള്ള ആളാണ് താനെന്നും കേസുമായി വന്നപ്പോള്‍ ഇതിനെക്കുറിച്ചൊന്നും വെളിപ്പെടുത്തേണ്ട കാര്യമില്ലെന്ന് തോന്നിയതിനാലാണ് പറയാതിരുന്നതെന്നുമാണ് മോന്‍സന്‍ പറഞ്ഞത്.

ഒടുവില്‍ കണ്ടപ്പോള്‍ വിലപിടിപ്പുള്ള പുരാവസ്തുക്കള്‍ വീട്ടില്‍ കാണുകയും അതെല്ലാം സര്‍ക്കാരിന്റെ അനുമതിയോടെ മ്യൂസിയമാക്കി മാറ്റാന്‍ പോവുകയാണെന്നും മോന്‍സണ്‍ എന്നോട് പറഞ്ഞിരുന്നു. അവിടെ നിരവധി അമൂല്യമായ വസ്തുക്കളുണ്ടായിരുന്നു. അതിന്റെയൊന്നും ആധികാരിതയെക്കുറിച്ച് പറയാന്‍ പറ്റില്ല. ചില്ലപ്പോള്‍ ഒറിജനലുമായിരിക്കാം. എന്നാല്‍ അഭിഭാഷകയായിരുന്നിട്ട് കൂടി നിയമപരമായിട്ടാണോ അല്ലാതെയാണോ ഇതെല്ലാം സൂക്ഷിക്കുന്നത് എന്ന് അന്ന് അന്വേഷിക്കാന്‍ തോന്നാതിരുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോഴാണ് ചിന്തിക്കുന്നത്. അന്ന് അവിടെ വിശിഷ്ടരായ ഒത്തിരി വ്യക്തികളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇതിനെക്കുറിച്ചൊന്നും സംശയിക്കാനുള്ള സാഹചര്യമുണ്ടായിരുന്നില്ല.

വിരുന്നിന് ശേഷവും മോന്‍സനുമായി രണ്ടുമൂന്ന് തവണ ഫോണിലൂടെ സംസാരിച്ചിരുന്നു. ഒന്നുരണ്ട് കേസുകള്‍ ആരെയാണ് ഏല്‍പ്പിക്കുക എന്നത് സംബന്ധിച്ച് മറ്റുചിലര്‍ക്കുവേണ്ടി എന്നോട് ചോദിക്കുകയും താന്‍ പറഞ്ഞുകൊടുക്കുകയും ചെയ്തിരുന്നതായും ലാലി വിന്‍സെന്റ് പറഞ്ഞു.

Popular Stories

    Next Story