ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതി ചുമത്തുന്ന വസ്തുക്കൾ ഏതൊക്കെയാണെന്ന് അറിയാമോ?

വാങ്ങുന്ന ഓരോ സാധനത്തിന്റെയും വിലയില്‍ നികുതിയുടെ ഒരു പങ്കുണ്ടാകും. എന്നാല്‍ എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും ഒരേ നിരക്കിലല്ല നികുതി. ചിലത് കുറഞ്ഞ നികുതി വിഭാഗത്തിലാണെങ്കില്‍ ചില ഉല്‍പ്പന്നങ്ങള്‍ക്ക് ഏറ്റവും ഉയര്‍ന്ന GST നിരക്കായ 40% വരെ നല്‍കേണ്ടിവരും.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതി ചുമത്തുന്ന വസ്തുക്കൾ ഏതൊക്കെയാണെന്ന് അറിയാമോ?
dot image

ഒരു സാധനം വാങ്ങുമ്പോള്‍ നമ്മള്‍ പലപ്പോഴും ശ്രദ്ധിക്കുന്നത് അതിന്റെ വില മാത്രമാണ്. എന്നാല്‍ ആ വിലയ്ക്കുള്ളില്‍ നികുതിയുടെ പങ്ക് എത്രയാണെന്ന് ചിന്തിക്കാറുണ്ടോ?. പ്രത്യേകിച്ച് ആരോഗ്യത്തിനോ സമൂഹത്തിനോ ദോഷകരമെന്ന് കണക്കാക്കുന്ന ചില ഉല്‍പ്പന്നങ്ങള്‍ക്കും ആഡംബര വസ്തുക്കള്‍ക്കും ഉയര്‍ന്ന നികുതി ചുമത്തുന്നത് സര്‍ക്കാരിന്റെ നികുതി നയത്തിന്റെ ഭാഗമാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നികുതി ചുമത്തുന്ന വസ്തുക്കള്‍ ഏതൊക്കെയാണെന്ന് അറിഞ്ഞാലോ?.

ഏറ്റവും ഉയര്‍ന്ന GST നിരക്ക് 40 ശതമാനം

നിലവിലെ GST സംവിധാനത്തില്‍ 40% ആണ് ഏറ്റവും ഉയര്‍ന്ന GST സ്ലാബ്. സാധാരണ ഉല്‍പ്പന്നങ്ങള്‍ക്ക് ഈ നിരക്ക് ബാധകമല്ല. തിരഞ്ഞെടുത്ത ആഡംബര, 'സിന്‍ ഗുഡ്‌സ്' വിഭാഗങ്ങള്‍ക്കാണ് ഈ ഉയര്‍ന്ന നിരക്ക് ബാധകമാകുന്നത്.(Sin goods എന്ന് പറയുന്നത് ആരോഗ്യത്തിനും സമൂഹത്തിനും ഹാനികരമെന്ന് കരുതപ്പെടുന്നതിനാല്‍ ഉയര്‍ന്ന നികുതി ചുമത്തുന്ന സാധനങ്ങളെയാണ്). വലിയ എന്‍ജിന്‍ ശേഷിയുള്ള ചില വാഹനങ്ങള്‍, ചില പാനീയങ്ങള്‍, ഓണ്‍ലൈന്‍ മണി ഗെയിമിംഗ് തുടങ്ങിയ വിഭാഗങ്ങള്‍ ഈ ഉയര്‍ന്ന നികുതി സ്ലാബില്‍ ഉള്‍പ്പെടുന്നു.അതുകൊണ്ടുതന്നെ 40% GST എന്നത് കേള്‍ക്കുമ്പോള്‍ അത് എല്ലാ വിലയേറിയ സാധനങ്ങള്‍ക്കും ബാധകമാണെന്ന് കരുതേണ്ടതില്ല.

highest taxes in India

പുകയില ഉല്‍പ്പന്നങ്ങള്‍

സിഗരറ്റ്, പുകയില, പാന്‍ മസാല തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ വര്‍ഷങ്ങളായി ഉയര്‍ന്ന നികുതി ചുമത്തപ്പെടുന്ന വിഭാഗങ്ങളിലാണ്. ഇതിന് പിന്നില്‍ സാമ്പത്തിക കാരണം മാത്രമല്ല ആരോഗ്യപരമായ കാരണങ്ങളും ഉണ്ട്. ഇത്തരം ഉല്‍പ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനുള്ള ഒരു മാര്‍ഗമായി ഉയര്‍ന്ന നികുതി ഉപയോഗിക്കപ്പെടുന്നു. എന്നാല്‍ ഉയര്‍ന്ന നികുതി ഉണ്ടായിട്ടും രാജ്യത്ത് പുകയില ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുതലാണ്. അതിനാല്‍ നികുതി വരുമാനത്തിന്റെ കാര്യത്തിലും ഈ വിഭാഗത്തിന് വലിയ പ്രാധാന്യമുണ്ട്.

ശീതള പാനിയങ്ങള്‍ക്കും ഉയര്‍ന്ന നികുതി

കോള്‍ഡ് ഡ്രിങ്ക്‌സ്, ചില കാര്‍ബണേറ്റഡ് പാനീയങ്ങള്‍, ഉയര്‍ന്ന പഞ്ചസാരയോ കഫീനോ അടങ്ങിയ ചില പാനീയങ്ങള്‍ എന്നിവയും ഉയര്‍ന്ന നികുതി വിഭാഗത്തില്‍ വരുന്നു. ഇവയുടെ ഉപയോഗം സമൂഹത്തില്‍ വളരെ വ്യാപകമാണ്. പ്രത്യേകിച്ച് നഗര പ്രദേശങ്ങളിലും യുവാക്കള്‍ക്കിടയിലും ഇത്തരം പാനീയങ്ങള്‍ക്ക് വലിയ സ്വാധീനവും വിപണിയും ഉണ്ട്. അതുകൊണ്ടുതന്നെ ആഡംബര കാറുകള്‍ പോലുള്ള ഉല്‍പ്പന്നങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, ഉയര്‍ന്ന നികുതി ബാധിക്കുന്ന ഒരു ഉല്‍പ്പന്നം കൂടുതല്‍ ആളുകള്‍ ദിവസേന ഉപയോഗിക്കുന്നതാകാം.

highest taxes in India

ആഡംബര കാറുകള്‍ക്കും വലിയ നികുതി

വലിയ SUVകള്‍, ചില ആഡംബര കാറുകള്‍, 350 സിസിക്ക് മുകളിലുള്ള ചില പ്രീമിയം മോട്ടോര്‍സൈക്കിളുകള്‍ എന്നിവയും ഉയര്‍ന്ന GST വിഭാഗത്തിലേക്ക് മാറിയിട്ടുണ്ട്. ഇവയുടെ ഉപഭോക്താക്കളുടെ എണ്ണം സാധാരണ കാറുകളെ അപേക്ഷിച്ച് കുറവാണ്. എന്നാല്‍ വാഹനത്തിന്റെ വില തന്നെ വളരെ ഉയര്‍ന്നതിനാല്‍ നികുതിയുടെ തുക വലുതായിരിക്കും. GST പരിഷ്‌കാരങ്ങള്‍ക്ക് ശേഷം ചെറിയ കാറുകള്‍ക്കും 350 സിസി വരെയുള്ള മോട്ടോര്‍സൈക്കിളുകള്‍ക്കും നികുതി കുറച്ചപ്പോള്‍ വലിയ വാഹനങ്ങള്‍ ഉയര്‍ന്ന നിരക്കില്‍ തുടരുകയാണ്.

ഓണ്‍ലൈന്‍ ഗെയിമിംഗിനും 40% GST

ഓണ്‍ലൈന്‍ മണി ഗെയിമിംഗ്, കാസിനോ, കുതിരപ്പന്തയം തുടങ്ങിയ വിഭാഗങ്ങള്‍ക്കും 40% GST നിരക്ക് ബാധകമാണ്. ഇന്ത്യയില്‍ ഗെയിമിംഗ് മേഖല അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഈ വിഭാഗത്തില്‍ നിന്നുള്ള നികുതി സര്‍ക്കാരിന്റെ ശ്രദ്ധേയമായ വരുമാന മേഖലയാണ്.ഓണ്‍ലൈന്‍ ഗെയിമിംഗ് ഉപയോഗിക്കുന്നവരുടെ എണ്ണം വലിയതാണെങ്കിലും എല്ലാവരും പണം ഉപയോഗിച്ചുള്ള ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നവരല്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്.

highest taxes in India

മദ്യം GSTയില്‍ ഉള്‍പ്പെട്ടിട്ടില്ല

മദ്യത്തിന് 40% GST എന്ന രീതിയില്‍ നികുതി ഈടാക്കുന്നില്ല. പകരം സംസ്ഥാന സര്‍ക്കാരുകളുടെ എക്‌സൈസ് ഡ്യൂട്ടി ഉള്‍പ്പെടെയുള്ള വിവിധ നികുതികളാണ് ബാധകമാകുന്നത്. അതിനാല്‍ ഒരു ഉല്‍പ്പന്നത്തിന്റെ നികുതി ഭാരം വിലയിരുത്തുമ്പോള്‍ GST ശതമാനം മാത്രം നോക്കിയാല്‍ മതിയാകില്ല.

പെട്രോളിന്റെയും ഡീസലിന്റെയും സ്ഥിതി എന്താണ് ?

പെട്രോളും ഡീസലും GST സംവിധാനത്തിന് പുറത്താണ്. ഇവയ്ക്ക് കേന്ദ്ര എക്‌സൈസ് തീരുവയും സംസ്ഥാന VATഉം ഉള്‍പ്പെടെയുള്ള നികുതികളാണ് ബാധകമാകുന്നത്. അതുകൊണ്ടുതന്നെ ഇന്ധനത്തിന്റെ വിലയില്‍ നികുതിക്ക് വലിയ പങ്കുണ്ട്. പെട്രോള്‍ നേരിട്ട് ഉപയോഗിക്കുന്നവര്‍ മാത്രമല്ല പൊതുഗതാഗതം ഉപയോഗിക്കുന്നവരും സാധനങ്ങള്‍ വാങ്ങുന്നവരും വരെ ഇതിന്റെ പ്രത്യാഘാതം അനുഭവിക്കുന്നു. കാരണം ഗതാഗതച്ചെലവിലെ മാറ്റം പല സാധനങ്ങളുടെയും വിലയെ സ്വാധീനിക്കും.

highest taxes in India

ഏറ്റവും ഉയര്‍ന്ന നികുതി ഒരു ഭാരമാണോ?

ഒരു ഉല്‍പ്പന്നത്തിന് 40% GST ഉണ്ടായിരിക്കാം. പക്ഷേ അത് വളരെ കുറച്ച് ആളുകള്‍ മാത്രം വാങ്ങുന്ന ആഡംബര ഉല്‍പ്പന്നമാണെങ്കില്‍ അതിന്റെ സാമൂഹിക സ്വാധീനം പരിമിതമായിരിക്കും. മറുവശത്ത് അല്‍പ്പം കുറഞ്ഞ നികുതി നിരക്കുള്ള ഒരു ഉല്‍പ്പന്നം കോടിക്കണക്കിന് ആളുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നുണ്ടെങ്കില്‍ ആ നികുതി രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളെ ബാധിക്കും. അതുകൊണ്ട് ഒരു ഉല്‍പ്പന്നത്തിന്റെ നികുതി ഭാരം മനസ്സിലാക്കാന്‍ നികുതി നിരക്ക്, ഉല്‍പ്പന്നത്തിന്റെ വില, ഉപയോഗത്തിന്റെ ആവൃത്തി, ഉപഭോക്താക്കളുടെ എണ്ണം എന്നിവയെല്ലാം പരിഗണിക്കണം.

സാധാരണക്കാരനെ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഏതാണ്

ആഡംബര കാറുകള്‍ക്കും പ്രീമിയം ബൈക്കുകള്‍ക്കും ഉയര്‍ന്ന നികുതി ഉണ്ടെങ്കിലും അവ ഉപയോഗിക്കുന്നവരുടെ എണ്ണം താരതമ്യേന കുറവാണ്. എന്നാല്‍ ഇന്ധനം, മദ്യം, പുകയില തുടങ്ങിയ വിഭാഗങ്ങള്‍ സമൂഹത്തിലെ വലിയൊരു വിഭാഗവുമായി നേരിട്ട് അല്ലെങ്കില്‍ പരോക്ഷമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഏറ്റവും ഉയര്‍ന്ന നികുതി എന്നതും ഏറ്റവും കൂടുതല്‍ ആളുകളെ ബാധിക്കുന്ന നികുതി എന്നതും രണ്ടും ഒരേ കാര്യമല്ല. നികുതി സംവിധാനത്തിന്റെ യഥാര്‍ത്ഥ ചിത്രം മനസ്സിലാക്കാന്‍ ഈ വ്യത്യാസം അറിയേണ്ടത് പ്രധാനമാണ്.

Content Highlights :The price of every item purchased includes a tax component. However, the tax rate is not the same for all products; while some fall into lower tax categories, others may attract the highest GST rate of up to 40%

dot image
To advertise here,contact us
dot image