

മഴക്കാലത്ത് ബിയര്‍ വില്‍പ്പന കുറയുമെന്നാണ് പൊതുവെയുളള കണക്കുകൂട്ടല്‍. എന്നാല്‍ കര്‍ണാടകയിലെ പുതിയ കണക്കുകള്‍ അതിന് വിപരീതമായൊരു ചിത്രമാണ് നല്‍കുന്നത്. 2026 ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മൂന്ന് മാസത്തിനിടെ സംസ്ഥാനത്തെ ബിയര്‍ വില്‍പ്പനയില്‍ ഏകദേശം 50 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഇതോടൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ എക്‌സൈസ് വരുമാനത്തിലും വലിയ വര്‍ധന രേഖപ്പെടുത്തി.
കര്‍ണാടക എക്‌സൈസ് വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ 126.68 ലക്ഷം കേസ് ബോക്‌സുകളാണ് ബിയര്‍ വിറ്റത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിറ്റത് 84.63 ലക്ഷം കേസ് ബോക്‌സുകളായിരുന്നു. അതായത് ഒരു വര്‍ഷത്തിനിടെ വില്‍പ്പന 42.05 ലക്ഷം കേസ് ബോക്‌സുകള്‍ വര്‍ധിച്ചു. ശതമാന കണക്കുകള്‍ നോക്കുമ്പോള്‍ ഇത് 49.69 ശതമാനം വര്‍ധനയാണ്.

ബിയര്‍ വില്‍പ്പന ഉയര്‍ന്നതോടെ സര്‍ക്കാരിന്റെ എക്‌സൈസ് വരുമാനത്തിലും വര്‍ധനയുണ്ടായി. 2026 ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മൂന്ന് മാസത്തില്‍ കര്‍ണാടകയ്ക്ക് ലഭിച്ച ആകെ എക്‌സൈസ് വരുമാനം 11,595.88 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 10,303.94 കോടി രൂപയായിരുന്നു. അതായത് ഒരു വര്‍ഷത്തിനിടെ 1,291.94 കോടി രൂപയുടെ വര്‍ധന. ആകെ എക്‌സൈസ് വരുമാനം 12.54 ശതമാനമാണ് ഉയര്‍ന്നത്.
ബിയര്‍ വില്‍പ്പനയില്‍ ഉണ്ടായ വര്‍ധന സര്‍ക്കാരിന്റെ ഖജനാവിലും പ്രതിഫലിച്ചു.ഈ മൂന്ന് മാസത്തില്‍ ബിയറില്‍ നിന്ന് മാത്രം ലഭിച്ച എക്‌സൈസ് വരുമാനം 1,463.07 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,234.50 കോടി രൂപയായിരുന്നു.അതായത് ബിയറില്‍ നിന്നുള്ള വരുമാനം മാത്രം 228.57 കോടി രൂപ വര്‍ധിച്ചു. ശതമാനത്തില്‍ ഇത് 18.52 ശതമാനം വളര്‍ച്ചയാണ്.

ബിയറിന്റെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ മെയ്ഡ് ലിക്കര്‍ അഥവാ IML (Indian-Made Foreign Liquor) വില്‍പ്പനയിലെ വര്‍ധന വളരെ കുറവാണ്. ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ IML വില്‍പ്പന 171.69 ലക്ഷം കേസ് ബോക്‌സുകളായിരുന്നു. കഴിഞ്ഞ വര്‍ഷം ഇത് 169.12 ലക്ഷം കേസ് ബോക്‌സുകളായിരുന്നു. അതായത് വെറും 1.52 ശതമാനം വളര്‍ച്ച. എന്നാല്‍ സര്‍ക്കാരിന്റെ വരുമാനത്തില്‍ IML തന്നെയാണ് ഇപ്പോഴും പ്രധാന പങ്ക് വഹിക്കുന്നത്. ഈ വിഭാഗത്തില്‍ നിന്നുള്ള എക്‌സൈസ് വരുമാനം 9,033.21 കോടി രൂപയായി ഉയര്‍ന്നു.

ബിയര്‍ വില്‍പ്പനയിലെ കുതിപ്പിന് പ്രധാന കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നത് കര്‍ണാടകയിലെ പുതിയ Alcohol-in-Beverage (AIB) നികുതി സംവിധാനമാണ്. 2026 മേയ് 11 മുതല്‍ നടപ്പാക്കിയ നികുതി മാറ്റങ്ങള്‍ ചില ബിയര്‍ വിഭാഗങ്ങളുടെ വിലയില്‍ കുറവുണ്ടാക്കാന്‍ കാരണമായി. വില കുറഞ്ഞതോടെ ബിയറിന് കൂടുതല്‍ ഉപഭോക്താക്കളെ ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
മാത്രമല്ല, നേരത്തെ പ്രധാനമായും നഗരങ്ങളുമായി ബന്ധപ്പെട്ടിരുന്ന ബിയര്‍ ഉപഭോഗം സെമി-അര്‍ബന്‍, ഗ്രാമപ്രദേശങ്ങളിലേക്കും വ്യാപിക്കുന്ന പ്രവണത ഇന്ത്യയില്‍ കാണപ്പെടുന്നുണ്ടെന്ന് വ്യവസായ രംഗത്തെ റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നു.വിലയിലെ മാറ്റവും പുതിയ നികുതി സംവിധാനവും ഉപഭോക്താക്കളുടെ തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കുന്ന സ്വാധീനവും ഇതിന് പിന്നിലുണ്ടാകാം.
Content Highlights :Beer sales in Karnataka have increased by approximately 50 percent over the last three months.