ചില നോട്ടുകളിൽ എന്തിനാണ് ഇങ്ങനെയുള്ള വരകൾ; 100, 200, 500 രൂപ നോട്ടുകളിൽ വരകളുടെ എണ്ണത്തിലും വ്യത്യാസമുണ്ട്

100, 200, 500 രൂപ നോട്ടുകളില്‍ കാണപ്പെടുന്ന ഈ വരകള്‍ക്ക് ഇങ്ങനെ ഒരു ഉപയോഗം കൂടിയുണ്ട്

ചില നോട്ടുകളിൽ എന്തിനാണ് ഇങ്ങനെയുള്ള വരകൾ; 100, 200, 500 രൂപ നോട്ടുകളിൽ വരകളുടെ എണ്ണത്തിലും വ്യത്യാസമുണ്ട്
dot image

നമ്മുടെ കൈകളിലൂടെ ദിവസവും എത്രയോ നോട്ടുകള്‍ കടന്നുപോകുന്നുണ്ട്. 100, 200, 500 രൂപ നോട്ടുകള്‍ കാണുമ്പോള്‍ അതിന്റെ നിറവും മഹാത്മാഗാന്ധിയുടെ ചിത്രവും നമ്പറുമൊക്കെയാണ് നമ്മള്‍ സാധാരണ ശ്രദ്ധിക്കുന്നത്. എന്നാല്‍ ഈ നോട്ടുകളുടെ ചില ഭാഗങ്ങളിലുള്ള ചെറിയ ഉയര്‍ന്ന വരകള്‍ പലരും ശ്രദ്ധിച്ചിട്ടുണ്ടാകില്ല.

നോട്ടിന്റെ അരികിലൂടെ വിരലോടിച്ചാല്‍ ചെറിയ വരകള്‍ ഉയര്‍ന്നുനില്‍ക്കുന്നതായി അനുഭവപ്പെടും. എന്തിനാണ് ഈ വരകള്‍ നല്‍കിയിരിക്കുന്നത്?. അലങ്കാരത്തിനോ ഡിസൈനിന്റെ ഭാഗമായോ അല്ല. കാഴ്ച പരിമിതിയുള്ളവര്‍ക്ക് നോട്ടിന്റെ മൂല്യം തിരിച്ചറിയാന്‍ സഹായിക്കുന്ന പ്രത്യേക സംവിധാനമാണിത്.

 lines on some banknotes

കാഴ്ച പരിമിതിയുള്ളവര്‍ക്ക് നോട്ടിന്റെ മൂല്യം എങ്ങനെ തിരിച്ചറിയാം?

ഒരു നോട്ടിന്റെ മൂല്യം കണ്ണുകൊണ്ട് നോക്കി തിരിച്ചറിയുന്നത് എളുപ്പമാണ്. എന്നാല്‍ കാഴ്ച പരിമിതിയുള്ള ഒരാള്‍ക്ക് 100 രൂപയാണോ 200 രൂപയാണോ 500 രൂപയാണോ എന്ന് സ്പര്‍ശനത്തിലൂടെ മനസ്സിലാക്കാന്‍ കഴിയുന്ന അടയാളങ്ങള്‍ ആവശ്യമാണ്. ഇതിനായാണ് ഇന്ത്യന്‍ കറന്‍സി നോട്ടുകളില്‍ raised printing, അഥവാ സ്പര്‍ശിച്ചാല്‍ തിരിച്ചറിയാന്‍ കഴിയുന്ന ഉയര്‍ന്ന പ്രിന്റും പ്രത്യേക അടയാളങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

റിസര്‍വ് ബാങ്ക് നല്‍കുന്ന വിവരമനുസരിച്ച് മഹാത്മാഗാന്ധി ന്യൂ സീരീസിലെ 100 രൂപ മുതലുള്ള നോട്ടുകളില്‍ angular bleed lines എന്നറിയപ്പെടുന്ന ഉയര്‍ന്ന വരകളുണ്ട്. ഓരോ മൂല്യത്തിനും വരകളുടെ എണ്ണത്തിലും ക്രമീകരണത്തിലും വ്യത്യാസമുണ്ട്.

100 രൂപയില്‍ എത്ര വരകള്‍?

100 രൂപ നോട്ടില്‍ നാല് ഉയര്‍ന്ന വരകളാണ് നല്‍കിയിരിക്കുന്നത്. ഇവ രണ്ട് സെറ്റുകളായാണ് ക്രമീകരിച്ചിരിക്കുന്നത്. അതായത് നോട്ടില്‍ കാണുന്ന ഈ വരകള്‍ക്ക് പിന്നില്‍ കൃത്യമായ ഒരു തിരിച്ചറിയല്‍ സംവിധാനം തന്നെയുണ്ട്. 100 രൂപ നോട്ടില്‍ മറ്റൊരു പ്രധാന സ്പര്‍ശിച്ചറിയാവുന്ന തിരിച്ചറിയല്‍ അടയാളം കൂടിയുണ്ട്. ത്രികോണാകൃതിയിലുള്ള (triangle) ഉയര്‍ന്ന അടയാളമാണ് ഇത്.

 lines on some banknotes

200 രൂപയുടെ പ്രത്യേകതകള്‍

200 രൂപ നോട്ടില്‍ നാല് ഉയര്‍ന്ന വരകളാണ് ഉള്ളത്. എന്നാല്‍ 100 രൂപയില്‍ നിന്ന് വ്യത്യസ്തമായി ഇവയ്ക്കിടയില്‍ രണ്ട് വൃത്തങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാഴ്ച പരിമിതിയുള്ളവര്‍ക്ക് വിരലുകളിലൂടെ ഈ വ്യത്യാസം മനസ്സിലാക്കി നോട്ടിന്റെ മൂല്യം തിരിച്ചറിയാന്‍ സാധിക്കും.200 രൂപ നോട്ടില്‍ H ആകൃതിയിലുള്ള ഉയര്‍ന്നുനില്‍ക്കുന്ന തിരിച്ചറിയല്‍ അടയാളം ആണ് നല്‍കിയിരിക്കുന്നത്.

500 രൂപയിലാകട്ടെ അഞ്ച് വരകള്‍

500 രൂപ നോട്ടില്‍ അഞ്ച് ഉയര്‍ന്നുനില്‍ക്കുന്ന വരകളുണ്ട്. ഇവ മൂന്ന് സെറ്റുകളായാണ് ക്രമീകരിച്ചിരിക്കുന്നത് - 2-1-2 എന്ന രീതിയില്‍.500 രൂപ നോട്ടിന്റെ സ്പര്‍ശിച്ചറിയാവുന്ന തിരിച്ചറിയല്‍ അടയാളം വൃത്താകൃതിയിലാണ്. അതുകൊണ്ട് സ്പര്‍ശനത്തിലൂടെ തന്നെ മറ്റ് നോട്ടുകളില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ ഇത് സഹായിക്കും.

വെറും വരികള്‍ മാത്രമല്ല നോട്ടിലുള്ളത്

കാഴ്ച പരിമിതിയുള്ളവരെ സഹായിക്കുന്ന സംവിധാനങ്ങള്‍ നോട്ടിലെ വരികളില്‍ മാത്രം ഒതുങ്ങുന്നില്ല. 100 രൂപ മുതലുള്ള നോട്ടുകളില്‍ മഹാത്മാഗാന്ധിയുടെ ചിത്രം, അശോകസ്തംഭം, RBIയുടെ മുദ്ര, ഗ്യാരന്റി ക്ലോസ്, ഗവര്‍ണറുടെ ഒപ്പ് തുടങ്ങിയവ (intaglio printing) എന്ന ഉയര്‍ന്ന പ്രിന്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് അച്ചടിച്ചിരിക്കുന്നത്. ഇവയില്‍ വിരലോടിച്ചാല്‍ ചെറിയ ഉയര്‍ച്ച അനുഭവപ്പെടും. നോട്ടിന്റെ മൂല്യം കാണിക്കുന്ന ചില അക്കങ്ങളും തൊട്ടാല്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന അടയാളമായി നല്‍കിയിട്ടുണ്ട്. അതിനാല്‍ കണ്ണുകൊണ്ട് കാണുന്നതിനു പുറമെ സ്പര്‍ശിച്ചും നോട്ടിലെ ചില വിവരങ്ങള്‍ തിരിച്ചറിയാന്‍ കഴിയും.

 lines on some banknotes


ഇതിന് പിന്നിലെ ആശയം എന്താണ്?

ഒരു കാഴ്ച പരിമിതിയുള്ള വ്യക്തി ഒരു കൂട്ടം നോട്ടുകള്‍ കൈയിലെടുത്തെന്ന് കരുതുക. ഓരോ നോട്ടും എടുത്ത് മറ്റൊരാളോട് ചോദിക്കേണ്ട സാഹചര്യം വരാതിരിക്കുകയാണ് ഇത്തരം സംവിധാനങ്ങളുടെ പ്രധാന ലക്ഷ്യം. നോട്ടിലെ വരകള്‍, പ്രത്യേക ആകൃതിയിലുള്ള തിരിച്ചറിയല്‍ അടയാളങ്ങള്‍, ഉയര്‍ന്ന പ്രിന്റ് തുടങ്ങിയവ വിരലുകളുടെ സ്പര്‍ശനത്തിലൂടെ തിരിച്ചറിയാന്‍ കഴിയുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

കള്ളനോട്ടുകള്‍ തിരിച്ചറിയാനും ചില പ്രത്യേകതകള്‍

നോട്ടിലെ ഇത്തരം അടയാളങ്ങള്‍ കാഴ്ച പരിമിതിയുള്ളവരെ സഹായിക്കുന്നതിനൊപ്പം കറന്‍സിയുടെ സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായും വിവിധ ഫീച്ചറുകള്‍ പ്രവര്‍ത്തിക്കുന്നു. ഉദാഹരണത്തിന് 100, 200, 500 രൂപ നോട്ടുകളില്‍ സുരക്ഷാ നൂല്‍ (security thread) ഉണ്ട്. വെളിച്ചത്തിന് നേരെ പിടിക്കുമ്പോള്‍ അത് തുടര്‍ച്ചയായ വരയായി കാണാം. 200, 500 രൂപ നോട്ടുകളിലെ മൂല്യസൂചക സംഖ്യ വ്യത്യസ്ത കോണില്‍ നോക്കുമ്പോള്‍ നിറം മാറുന്ന മഷി ഉപയോഗിച്ചാണ് അച്ചടിച്ചിരിക്കുന്നത്.വാട്ടര്‍മാര്‍ക്ക്, സൂക്ഷ്മ അക്ഷരങ്ങള്‍, see-through register, ഫ്‌ളൂറസെന്റ് സവിശേഷിത തുടങ്ങിയവയും നോട്ടിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ഉപയോഗിക്കുന്ന സംവിധാനങ്ങളാണ്.

മൊബൈല്‍ ഉപയോഗിച്ചും നോട്ട് തിരിച്ചറിയാം

കാഴ്ച പരിമിതിയുള്ളവരെ സഹായിക്കുന്നതിനായി റിസര്‍വ് ബാങ്ക് Mobile Aided Note Identifier (MANI) എന്ന മൊബൈല്‍ ആപ്പും അവതരിപ്പിച്ചിട്ടുണ്ട്. നോട്ടിന്റെ വിഭാഗം തിരിച്ചറിയാന്‍ ഈ ആപ്പ് സഹായിക്കും. ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെയും ഇത് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് RBI വ്യക്തമാക്കുന്നു. എന്നാല്‍ ഒരു നോട്ട് യഥാര്‍ത്ഥമാണോ കള്ളനോട്ടാണോ എന്ന് പരിശോധിക്കുന്ന ആപ്പല്ല MANI എന്ന കാര്യം ശ്രദ്ധിക്കണം.

Content Highlights : Many people may not have noticed the small, raised lines found on certain parts of the banknotes—specifically the ₹100, ₹200, and ₹500 notes.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image