

ഒരു സിനിമാ താരം കടന്നുവരുന്നു…
ക്യാമറകളുടെ ഫ്‌ളാഷുകള്‍ മിന്നുന്നു…
ചുറ്റും മാധ്യമപ്രവര്‍ത്തകര്‍…
താരങ്ങള്‍ പതുക്കെ ചുവന്ന പരവതാനിയിലൂടെ നടക്കുന്നു…
ഇതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ ആദ്യം മനസിലേക്ക് വരുന്നത് ഹോളിവുഡും സിനിമാ അവാര്‍ഡ് ചടങ്ങുകളുമാണ്. ഓസ്‌കാര്‍ മുതല്‍ വിവിധ രാജ്യങ്ങളില്‍ നടത്തുന്ന വലിയ ചടങ്ങുകളില്‍വരെ റെഡ് കാര്‍പെറ്റ് താരപ്രഭയുടെ ഭാഗമാണ്.
പക്ഷേ ഈ ചുവന്ന പരവതാനിക്ക് സിനിമയുമായി മാത്രമല്ല ബന്ധമുള്ളത്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു കഥയാണ് റെഡ് കാര്‍പെറ്റിന്റെ സംസ്‌കാരത്തിന്. ഇന്ന് സെലിബ്രിറ്റികള്‍ക്ക് ലഭിക്കുന്ന ഈ പ്രത്യേക പരിഗണന ഒരുകാലത്ത് രാജാക്കന്മാരുടെയും വിശിഷ്ട വ്യക്തികളുടെയും ബഹുമതിയുടെ അടയാളമായിരുന്നു.

റെഡ് കാര്‍പെറ്റിനെക്കുറിച്ചുള്ള ഏറ്റവും പഴയ സാഹിത്യ പരാമര്‍ശം ക്രിസ്തുവിന് മുമ്പ് 458-ല്‍ എഴുതപ്പെട്ട ഗ്രീക്ക് നാടകമായ 'അഗമെംനോണ്‍' എന്ന കൃതിയിലാണ്. പ്രശസ്ത ഗ്രീക്ക് നാടകകൃത്തായ എസ്‌കിലസ് എഴുതിയ നാടകമാണിത്. ട്രോജന്‍ യുദ്ധത്തില്‍ വിജയിച്ച് രാജാവായ അഗമെംനോണ്‍ നാട്ടിലേക്ക് തിരിച്ചെത്തുകയാണ്. അദ്ദേഹത്തെ സ്വീകരിക്കാന്‍ ഭാര്യ ക്ലൈറ്റംനെസ്ട്ര ഒരു ചുവന്ന നിറത്തിലുള്ള ആഡംബര പാത ഒരുക്കുന്നു.
അത്രയും പ്രത്യേകമായ ഒരു വഴിയിലൂടെ നടക്കുന്നത് സാധാരണ മനുഷ്യര്‍ക്ക് യോജിച്ചതല്ലെന്നായിരുന്നു അന്നത്തെ വിശ്വാസം. അത് ദൈവങ്ങള്‍ക്കോ അതീവ വിശിഷ്ടരായവര്‍ക്കോ മാത്രം അര്‍ഹമായ ബഹുമതിയായി കണക്കാക്കിയിരുന്നു. അതായത് ഇന്ന് സിനിമാ താരങ്ങള്‍ റെഡ് കാര്‍പെറ്റിലൂടെ നടക്കുമ്പോള്‍ ലഭിക്കുന്ന 'സ്‌പെഷ്യല്‍ ട്രീറ്റ്‌മെന്റിന്റെ' ആശയം വളരെ പഴയതാണെന്നര്‍ഥം.
അഗമെംനോണ്‍ എന്ന നാടകത്തിലെ ഈ പരാമര്‍ശം പുരാതന ഗ്രീസില്‍ യഥാര്‍ഥത്തില്‍ റെഡ് കാര്‍പെറ്റ് വിരിക്കുന്ന പതിവുണ്ടായിരുന്നു എന്നതിന് തെളിവല്ല. അത് ഒരു നാടകത്തിലെ സംഭവമാണ്. ചരിത്രകാരന്മാര്‍ പറയുന്നതനുസരിച്ച് ചുവന്ന നിറത്തെ രാജകീയതയോടും അധികാരത്തോടും ബന്ധിപ്പിച്ചിരുന്ന സമീപ കിഴക്കന്‍ പാരമ്പര്യങ്ങളില്‍ നിന്നാകാം ഈ ആശയം സ്വാധീനം നേടിയതെന്നാണ്.

നൂറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ റെഡ് കാര്‍പെറ്റിന് മറ്റൊരു ശ്രദ്ധേയമായ ചരിത്രം കൂടി ഉണ്ടായി. 1821-ല്‍ അമേരിക്കന്‍ പ്രസിഡന്റ് ജെയിംസ് മണ്‍റോയെ സ്വീകരിക്കുമ്പോള്‍ റെഡ് കാര്‍പെറ്റ് ഉപയോഗിച്ചതായി രേഖകളുണ്ട്. ഇതോടെ രാജകീയ സ്വീകരണങ്ങളോടും വിശിഷ്ട അതിഥികളോടുമുള്ള പ്രത്യേക ബഹുമതിയുടെ പ്രതീകമായി ചുവന്ന പരവതാനി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് 19-ാം നൂറ്റാണ്ടിലും 20-ാം നൂറ്റാണ്ടിലും രാജകീയ ചടങ്ങുകളിലും ഔദ്യോഗിക പരിപാടികളിലും റെഡ് കാര്‍പെറ്റ് ഉപയോഗിക്കുന്നത് വ്യാപകമായി.
പഴയകാലത്ത് ചുവപ്പ് നിറം ഉണ്ടാക്കുന്നത് അത്ര എളുപ്പമായിരുന്നില്ല. ചില ചുവപ്പ് ചായങ്ങള്‍ ലഭിക്കാനും നിര്‍മ്മിക്കാനും ബുദ്ധിമുട്ടും ചെലവും കൂടുതലായിരുന്നു. അതുകൊണ്ടുതന്നെ ചുവപ്പ് നിറം സമ്പത്ത്, അധികാരം, രാജകീയത, ബഹുമാനം തുടങ്ങിയവയുമായി ബന്ധപ്പെട്ടു. കാലം മാറി. ചുവപ്പ് നിറത്തിലുള്ള വസ്ത്രങ്ങളും പരവതാനികളും സാധാരണക്കാര്‍ക്കും ലഭ്യമാകാന്‍ തുടങ്ങി. എന്നാല്‍ ആ നിറത്തിനുണ്ടായിരുന്ന 'പ്രസ്റ്റീജ്' അങ്ങനെ തന്നെ തുടര്‍ന്നു.

റെഡ് കാര്‍പെറ്റിന്റെ കഥ പിന്നീട് സിനിമയിലേക്ക് മാത്രമല്ല റെയില്‍വേയിലേക്കും എത്തി. 1902-ല്‍ ന്യൂയോര്‍ക്കിലെ 20th Century Limited ട്രെയിന്‍ സര്‍വീസ് ആരംഭിച്ചപ്പോള്‍ യാത്രക്കാരെ ട്രെയിനിലേക്ക് നയിക്കാന്‍ ചുവന്ന പരവതാനി ഉപയോഗിച്ചതായി ചരിത്രരേഖകള്‍ പറയുന്നു. പ്രത്യേകിച്ച് ഫസ്റ്റ് ക്ലാസ് യാത്രക്കാരെ ആഡംബര അനുഭവം നല്‍കുന്നതിന്റെ ഭാഗമായിരുന്നു ഇത്. അങ്ങനെ 'റെഡ് കാര്‍പെറ്റ് ട്രീറ്റ്‌മെന്റ്' എന്ന ആശയം പതുക്കെ ആഡംബരത്തിന്റെയും പ്രത്യേക പരിഗണനയുടെയും പര്യായമായി മാറി.
ഇന്ന് റെഡ് കാര്‍പെറ്റ് എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ വരുന്നത് സിനിമാ താരങ്ങളെയാണ്. ഹോളിവുഡിലെ സിനിമാ പ്രീമിയറുകളിലൂടെയാണ് റെഡ് കാര്‍പെറ്റിന് പുതിയൊരു മുഖം ലഭിച്ചത്. 1922ല്‍ ലോസ് ആഞ്ചലസിലെ Egyptian Theatre ല്‍ നടന്ന സിനിമാ പ്രീമിയറില്‍ റെഡ് കാര്‍പെറ്റ് ഉപയോഗിച്ചതാണ് ഹോളിവുഡിലെ ശ്രദ്ധേയമായ ആദ്യകാല ഉദാഹരണങ്ങളിലൊന്ന്. പിന്നീട് അവാര്‍ഡ് ചടങ്ങുകളിലും ഇത് സ്ഥിരം കാഴ്ചയായി.

1961 ല്‍ അക്കാദമി അവാര്‍ഡിലും റെഡ് കാര്‍പെറ്റ് ഔദ്യോഗികമായി ഉപയോഗിക്കാന്‍ തുടങ്ങി. ടെലിവിഷനിലൂടെ അവാര്‍ഡ് ചടങ്ങുകള്‍ ലോകമെമ്പാടും കാണാന്‍ തുടങ്ങിയതോടെ റെഡ് കാര്‍പെറ്റിന്റെ താരമൂല്യം പിന്നെയും ഉയര്‍ന്നു. അങ്ങനെ ഒരുകാലത്ത് രാജാക്കന്മാരെയും വിശിഷ്ട വ്യക്തികളെയും സ്വീകരിക്കാന്‍ വിരിച്ചിരുന്ന ചുവന്ന പാത ഇന്ന് സിനിമാ താരങ്ങളുടെ ഫാഷനും ഗ്ലാമറും കാണാനുള്ള ലോകത്തിലെ ഏറ്റവും പ്രശസ്തമായ വേദിയായി മാറിയത്.
അതുകൊണ്ടാണ് ഇന്നും ഒരാള്‍ക്ക് 'റെഡ് കാര്‍പെറ്റ് ട്രീറ്റ്‌മെന്റ്' നല്‍കുന്നു എന്ന് പറഞ്ഞാല്‍ സാധാരണ സ്വീകരണമല്ല. വളരെ പ്രത്യേകമായ ബഹുമതിയാണ് നല്‍കുന്നതെന്ന് അര്‍ഥമാക്കുന്നത്.
Content Highlights :Rolling out a red carpet to welcome prominent leaders and distinguished guests is a special gesture. What lies behind the practice of laying out a red carpet? Where did this custom originate?