എല്ലാം ഒട്ടിക്കുന്ന ഫെവിക്വിക്ക്… പക്ഷെ സ്വന്തം കുപ്പിയിൽ മാത്രം ഒട്ടാത്തത് എന്തുകൊണ്ട്?

എല്ലാ വസ്തുക്കളെയും നിമിഷനേരം കൊണ്ട് ഒട്ടിക്കുന്ന ഫെവിക്വിക്ക് ആ ട്യൂബിനുള്ളില്‍ എന്താണ് ഒട്ടിപ്പിടിക്കാത്തത് ?

എല്ലാം ഒട്ടിക്കുന്ന ഫെവിക്വിക്ക്… പക്ഷെ സ്വന്തം കുപ്പിയിൽ മാത്രം ഒട്ടാത്തത് എന്തുകൊണ്ട്?
dot image

കളിപ്പാട്ടം, ചെരുപ്പ് എന്നുവേണ്ട എന്ത് പൊട്ടിയാലും നമ്മൾ ആദ്യം അന്വേഷിക്കുന്നത് പശയാണ്. പശകളിൽ ഏറ്റവും സ്വീകാര്യത നേടിയതോ അഞ്ച് രൂപയുടെ ഒരു കുഞ്ഞൻ കുപ്പി. അതാണ് നമ്മുടെ സ്വന്തം ഫെവിക്വിക്ക് (Feviquick).

ഒരു തുള്ളി വീണാൽ മതി, പ്ലാസ്റ്റിക്കും മെറ്റലും റബ്ബറും എന്തിന് മനുഷ്യന്റെ ചർമ്മം വരെ നിമിഷനേരം കൊണ്ട് ഇവൻ ഒട്ടിച്ചു ചേർക്കും. എന്നാൽ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ, തൊടുന്നതിനെയെല്ലാം സെക്കൻഡുകൾക്കുള്ളിൽ ഒട്ടിക്കുന്ന ഇവൻ എന്തുകൊണ്ടാണ്, തന്നെ സൂക്ഷിച്ചു വെച്ചിരിക്കുന്ന പ്ലാസ്റ്റിക് കുപ്പിയുടെ ഉള്ളിൽ മാത്രം ഒട്ടാത്തത്?

Fevi Kwik
Fevi Kwik

കേൾക്കുമ്പോൾ നിസാരമെന്ന് തോന്നുമെങ്കിലും ഇതിന് പിന്നിൽ കൃത്യമായ ഒരു ശാസ്ത്രമുണ്ട്. അത് അറിയണമെങ്കിൽ ഫെവിക്വിക്ക് എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് മനസ്സിലാക്കണം. ഫെവിക്വിക്കിൽ അടങ്ങിയിരിക്കുന്ന പ്രധാന ഘടകം എഥൈൽ സയാനോഅക്രിലേറ്റ് (Ethyl Cyanoacrylate) എന്ന കെമിക്കലാണ്. ഇതിന് ഒട്ടാനുള്ള കഴിവ് ലഭിക്കണമെങ്കിൽ ഒരേയൊരു സംഭവത്തിന്റെ സഹായം വേണം; അതാണ് ഈർപ്പം (Moisture).

ഒട്ടണമെങ്കിൽ ഈർപ്പം വേണം
നമ്മുടെ കണ്ണുകൾക്ക് കാണാൻ കഴിയാത്ത ചെറിയ തോതിലുള്ള ജലാംശം വായുവിലും നമ്മൾ ഒട്ടിക്കാൻ ശ്രമിക്കുന്ന പ്രതലങ്ങളിലും ഉണ്ടാകും. ഫെവിക്വിക്ക് കുപ്പിയിൽ നിന്ന് പുറത്തുവന്ന് ഈ ഈർപ്പവുമായി സമ്പർക്കത്തിൽ വരുമ്പോൾ അവിടെ പോളിമറൈസേഷൻ (Polymerisation) എന്നൊരു രാസപ്രവർത്തനം നടക്കുന്നു. ഈ സമയത്ത് ദ്രാവകത്തിലെ ചെറിയ തന്മാത്രകൾ പെട്ടെന്ന് തന്നെ ശക്തമായ നീളമുള്ള ശൃംഖലകളായി മാറുകയും, ഫെവിക്വിക്ക് കട്ടിയുള്ള സുതാര്യമായ പാളിയായി മാറി സാധനങ്ങളെ തമ്മിൽ ദൃഢമായി ഒട്ടിപ്പിക്കുകയും ചെയ്യുന്നു. ഇങ്ങനെയാണ് ഫെവിക്വിക്കിന്റെ പ്രവർത്തനം.

പിന്നെന്തുകൊണ്ട് കുപ്പിയിൽ ഒട്ടുന്നില്ല?
ഫെവിക്വിക്ക് രണ്ട് സാധനങ്ങളെ ഒട്ടിക്കുന്നത് അതിന്റെ ഘടനയിൽ മാറ്റം വരുമ്പോഴാണ്. അതായത് ഇർപ്പവുമായി ചേർന്ന് കട്ടിയായി മാറുമ്പോൾ. ദ്രാവക രൂപത്തിലുള്ള ഫെവിക്വിക്കിന് ഒട്ടാനുള്ള ശേഷിയില്ല. ഫെവിക്വിക്ക് കുപ്പിക്കുള്ളിൽ ദ്രാവക രൂപത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. അതുകൊണ്ടാണ് ഫെവിക്വിക്ക് അത് ഇരിക്കുന്ന കുപ്പിയിൽ സ്വയം ഒട്ടിപ്പിടിക്കാത്തത്.

ഫെവിക്വിക്ക് അതിന്റെ കുപ്പിക്കുള്ളിൽ ദ്രാവകമായി തന്നെ ഇരിക്കാൻ പ്രധാനമായും നാല് കാരണങ്ങളാണുള്ളത്.

പ്രധാനപ്പെട്ട വസ്തുത വായു കടക്കാത്ത പാക്കിംഗാണ്. ഫെവിക്വിക്ക് ഇരിക്കുന്ന കുപ്പികൾ പൂർണ്ണമായും വായുവും ഈർപ്പവും അകത്തു കടക്കാത്ത രീതിയിലാണ് (Airtight) രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഉള്ളിൽ ഈർപ്പം ഇല്ലാത്തതിനാൽ chemical reaction നടക്കില്ല. മാത്രമല്ല കുപ്പിക്കുള്ളിൽ വെച്ച് പശ സ്വയം കട്ടിയാകാതിരിക്കാൻ ചില പ്രത്യേക സ്റ്റെബിലൈസറുകൾ ചേർത്തിട്ടുമുണ്ട്. ഫെവിക്വിക്ക് സൂക്ഷിക്കുന്ന കുപ്പിയുടെ പ്ലാസ്റ്റിക് ഈ രാസവസ്തുവുമായി യാതൊരു വിധത്തിലും react ചെയ്യാത്ത തരത്തിലുള്ളതാണ്.

ഇങ്ങനെയൊക്കെ ആണെങ്കിലും, ഈ കുപ്പി നമ്മൾ ദീർഘനേരം തുറന്നു വെച്ചാൽ വായുവിലെ ഈർപ്പം അകത്തു കടക്കുകയും കുപ്പിക്കുള്ളിലെ പശ കട്ടിയാവുകയും ചെയ്യും. ഇതിനുള്ള ഏറ്റവുമ നല്ല ഉദാഹരണമാണ് ഫെവിക്വിക്ക് ഉപയോഗിച്ച ശേഷം അതിന്റെ അടപ്പ് ഒട്ടിപ്പോകുന്നത്. നമ്മൾ പശ ഉപയോഗിച്ച ശേഷം അതിന്റെ അഗ്രങ്ങളിൽ അവശേഷിക്കുന്ന ചെറിയ തുള്ളി, വായുവിലെ ഈർപ്പവുമായി പ്രവർത്തിച്ച് കട്ടിയാകുന്നത് കൊണ്ടാണ് അടപ്പ് ഒട്ടിപ്പിടിക്കുന്നത്.

ഇത്രയും മിടുക്കനായ ഈ 'സൂപ്പർ ഗ്ലൂ' ഉണ്ടായത് എങ്ങനെ എന്ന് അറിയാൻ താത്പര്യം ഉണ്ടോ?

ശരിക്കും അബദ്ധത്തിൽ കണ്ടുപിടിക്കപ്പെട്ട ഒന്നാണ് ഈ പശ എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?

വർഷം 1942. രണ്ടാം ലോകമഹായുദ്ധ കാലത്ത് തോക്കുകളുടെ സൈറ്റ് (Gun Sights) നിർമ്മിക്കാനുള്ള പരീക്ഷണങ്ങളിലായിരുന്നു ഹാരി കൂവർ ജൂനിയർ (Harry Coover Jr.) എന്ന ശാസ്ത്രജ്ഞൻ. അന്ന് അദ്ദേഹം വികസിപ്പിച്ചെടുത്ത ഒരു കെമിക്കൽ തൊട്ടതിലെല്ലാം അതിശക്തമായി ഒട്ടിപ്പിടിക്കാൻ തുടങ്ങി. തോക്ക് നിർമ്മാണത്തിന് ഇത് ഉപകരിക്കില്ലെന്ന് കണ്ട് അന്ന് ആ പരീക്ഷണം ഉപേക്ഷിച്ചെങ്കിലും പിന്നീട് 1951ൽ കൂവറും ഫ്രെഡ് ജോയ്നറും ചേർന്ന് ഈ കെമിക്കലിന്റെ വാണിജ്യ സാധ്യതകളെക്കുറിച്ച് വീണ്ടും പഠിച്ചു. അങ്ങനെ 1958ൽ 'ഈസ്റ്റ്മാൻ #910' (Eastman #910) എന്ന പേരിൽ ലോകത്തിലെ ആദ്യത്തെ സൂപ്പർ ഗ്ലൂ വിപണിയിലെത്തി. സൂപ്പർ ഗ്ലൂവിന്റെ പിറവിക്ക് കാരണമായ ഹാരി കൂവർ പിന്നീട് അറിയപ്പെട്ടത് 'മിസ്റ്റർ സൂപ്പർ ഗ്ലൂ' എന്നാണ്.

Content Highlight: Fevikwik glues every material within seconds, but why doesn't it stick to its own airtight bottle?

dot image
To advertise here,contact us
dot image