

വിമാനയാത്ര ചെയ്തിട്ടുള്ളവർക്കെല്ലാം വളരെ പരിചിതമായ ഒരു കാര്യമുണ്ട്. വിമാനം ടേക്ക് ഓഫ് ചെയ്യാൻ തുടങ്ങുമ്പോഴും ലാൻഡിംഗിന് തൊട്ടുമുമ്പും ക്യാബിനിലെ ലൈറ്റുകൾ ഡിം ചെയ്യാറുണ്ട്. ഇങ്ങനെ ചെയ്യുന്നത് എന്തിനാണെന്ന് ചിന്തിച്ചിട്ടുണ്ടോ?
നമ്മളിൽ പലരും ഇതൊരു പതിവ് ചടങ്ങായി കണ്ട് വലിയ പ്രാധാന്യം നൽകാറില്ല. എന്നാൽ, ഇതിനു പിന്നിൽ തികച്ചും ശാസ്ത്രീയവും യാത്രക്കാരുടെ ജീവന്റെ സുരക്ഷയെ മുൻനിർത്തിയുള്ളതുമായ വലിയൊരു കാരണമുണ്ട്. മനുഷ്യശരീരത്തിന്റെ ജീവശാസ്ത്രപരമായ പ്രത്യേകതകളും അപകടഘട്ടങ്ങളിലെ അതിജീവനവും മുൻനിർത്തിയാണ് ലൈറ്റ് ഇങ്ങനെ അണയ്ക്കുന്നത്.

കാഴ്ച എങ്ങനെ?…
നമ്മുടെ കണ്ണുകൾക്ക് വെളിച്ചത്തിൽ നിന്നും പെട്ടെന്ന് ഇരുട്ടിലേക്ക് മാറുമ്പോൾ കാഴ്ച കൃത്യമാകാൻ കുറച്ചു സമയം എടുക്കാറുണ്ട്. വെളിച്ചമുള്ളപ്പോൾ കണ്ണിന്റെ കൃഷ്ണമണി ചെറുതാവുകയും കണ്ണിനുള്ളിലെ കോൺ കോശങ്ങൾ (cone cells) കാഴ്ചയെ സഹായിക്കുകയും ചെയ്യുന്നു. എന്നാൽ ഇരുട്ടിലേക്ക് മാറുമ്പോൾ കൃഷ്ണമണി വികസിക്കുകയും ശരിയായ കാഴ്ചക്കായി കണ്ണ് റോഡ് കോശങ്ങളെ (rod cells) ആശ്രയിക്കുകയും ചെയ്യും. വെളിച്ചത്തിൽ നിന്നും പെട്ടെന്ന് ഇരുട്ടിലേക്ക് മാറുമ്പോൾ കണ്ണുകൾക്ക് അതുമായി പൊരുത്തപ്പെടാൻ (Dark adaptation) 10 മുതൽ 30 മിനിറ്റ് വരെ സമയമെടുക്കും. ഈ ഒരു സമയതാമസമാണ് വിമാന യാത്രയിലെ ഏറ്റവും നിർണായകമായ നിമിഷങ്ങളിൽ വില്ലനാകാൻ സാധ്യതയുള്ളത്.
എന്തിന് ലൈറ്റ് ഡിം ചെയ്യണം?
വിമാനയാത്രയിലെ നിർണ്ണായക നിമിഷങ്ങളാണ് ടേക്ക് ഓഫും ലാൻഡിംഗും. അതുപോലെ ഏവിയേഷൻ രംഗത്ത് "Plus Three, Minus Eight" എന്നത് ഏറെ പ്രധാനപ്പെട്ട വസ്തുതയാണ്. അതായത് ടേക്ക് ഓഫിന് ശേഷമുള്ള ആദ്യത്തെ 3 മിനിറ്റും ലാൻഡിംഗിന് തൊട്ടുമുമ്പുള്ള അവസാനത്തെ 8 മിനിറ്റും എന്നാണ് ഇത് അർത്ഥമാക്കുന്നത്. വിമാനയാത്രയിലെ ഏറ്റവും അപകടസാധ്യതയുള്ള സമയം എന്ന വിശേഷണം കൂടിയുണ്ട് ടേക്ക് ഓഫിനും ലാൻഡിംഗിനും. ഇതുവരെ ലോകത്തിൽ നടന്നിട്ടുള്ള വിമാന അപകടങ്ങൾ പരിശോധിച്ചാൽ ഭൂരിഭാഗം ഗുരുതരമായ അപകടങ്ങളും നടന്നിട്ടുള്ളത് ടേക്ക് ഓഫ് അല്ലെങ്കിൽ ലാൻഡിംഗ് സമയത്താണ്.
അപ്പോൾ എന്തിനാണ് വിമാനയാത്രയിലെ നിർണ്ണായക സമയങ്ങളായ ടേക്ക് ഓഫും ലാൻഡിംഗും നടത്തുമ്പോൾ ലൈറ്റുകൾ ഡിം ചെയ്യുന്നത്?
അപകടസാധ്യത ഏറെയുള്ള ഈ സമയത്ത് നിർഭാഗ്യവശാൽ ഒരു അടിയന്തിര സാഹചര്യമുണ്ടായി എന്ന് കരുതുക. വിമാനത്തിലെ പവർ പെട്ടെന്ന് നിലയ്ക്കുകയും ക്യാബിൻ പൂർണ്ണമായും ഇരുട്ടിലാകുകയും ചെയ്യും. നേരത്തെ വിമാനത്തിൽ നല്ല വെളിച്ചമുണ്ടായിരുന്നെങ്കിൽ യാത്രക്കാരുടെ കണ്ണുകൾക്ക് ഇരുട്ടുമായി പൊരുത്തപ്പെടാൻ വേണ്ടത്ര സമയം കിട്ടില്ല. ഇത് ആളുകൾക്ക് പെട്ടെന്ന് ഒന്നും കാണാൻ കഴിയാത്ത അവസ്ഥ (momentary blindness) ഉണ്ടാക്കും. അപകടം മനസിലാക്കി വളരെ പെട്ടെന്ന് എമർജൻസി എക്സിറ്റുകൾ (Emergency exits) കണ്ടെത്തി പുറത്തുകടക്കേണ്ട സമയത്ത് അതിന് സാധിക്കാതെ വരുകയും തൽഫലമായി വലിയ ദുരന്തം ഉണ്ടാകാനുമുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് ടേക്ക് ഓഫിനും ലാൻഡിംഗിനും മുമ്പ് തന്നെ ലൈറ്റുകൾ ഡിം ആക്കുന്നതിലൂടെ യാത്രക്കാരുടെ കണ്ണുകളെ മുൻകൂട്ടി തന്നെ ഇരുട്ടുമായി പൊരുത്തപ്പെടാൻ എയർലൈനുകൾ സഹായിക്കുന്നു. അഥവാ എന്തെങ്കിലും അപകടമുണ്ടായാൽ പോലും യാത്രക്കാർക്ക് ഇരുട്ടിൽ വ്യക്തമായി കണ്ട് പെട്ടെന്ന് രക്ഷപ്പെടാൻ സാധിക്കും.
വിൻഡോ ഷേഡുകൾ മാറ്റാൻ പറയുന്നതിന്റെ കാരണവും ഇതുതന്നെ!
വിമാനയാത്ര തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും ജനലിന്റെ ഷേഡുകൾ (window shades) മുകളിലേക്ക് ഉയർത്തി വെക്കാൻ എയർഹോസ്റ്റസുമാർ പറയാറുണ്ട്. ഇതിന് പിന്നിലെ കാരണവും കാഴ്ചയും അതിജീവനവുമായി ബന്ധപ്പെട്ടിരിക്കുന്നു.

വിമാനത്തിലെ ജനലുകൾ ഉയർത്തി വെക്കുന്നത് വഴി പുറത്തെ വെളിച്ചം ക്യാബിനിലേക്ക് കടക്കും. ഇത് യാത്രക്കാരുടെ കണ്ണുകൾക്ക് പുറത്തെ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ സഹായിക്കും. കൂടാതെ പുറത്ത് എന്തെങ്കിലും അപകടസാഹചര്യങ്ങളുണ്ടോ എന്ന് ജീവനക്കാർക്കും യാത്രക്കാർക്കും കൃത്യമായി നിരീക്ഷിക്കാനും അടിയന്തര സാഹചര്യങ്ങളിൽ പകലായാലും രാത്രിയായാലും സുരക്ഷിതമായി പുറത്തുകടക്കാനും ഇത് വഴി സാധിക്കുന്നു. അപ്പോൾ വിമാനത്തിൽ ലൈറ്റുകൾ ഡിം ആക്കുന്നതും ജനലുകൾ മുകളിലേക്ക് തുറന്ന് വെക്കാൻ നിർദ്ദേശിക്കുന്നതും വെറുമൊരു ചടങ്ങല്ല, മറിച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള എയർലൈനുകളുടെ മുൻകരുതലാണ്!
Content Highlight: Airlines dim cabin lights during takeoff and landing, ensuring passengers' eyes adapt to darkness for quick emergency evacuations.