

ന്യൂഡല്‍ഹി: ഇന്‍ഡ്യ സഖ്യ യോഗത്തില്‍ സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി പങ്കെടുക്കില്ല. പ്രതിഷേധ സൂചകമായി വിട്ടുനില്‍ക്കാനാണ് തീരുമാനം. അതേസമയം സിപിഐഎമ്മിനെ പ്രതിനിധീകരിച്ച് ജോണ്‍ ബ്രിട്ടാസ് എം പി യോഗത്തില്‍ പങ്കെടുക്കും. കോൺഗ്രസിനെതിരായ അതൃപ്തി യോഗത്തില്‍ സിപിഐഎം അറിയിക്കും. യോഗത്തില്‍ അതൃപ്തി അറിയിക്കാനാണ് സിപിഐയുടെയും തീരുമാനം. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയാകും യോഗത്തില്‍ പങ്കെടുക്കുക. പ്രതിഷേധം അറിയിക്കുമെന്ന് സിപിഐ അറിയിച്ചിട്ടുണ്ട്.
ബിജെപിക്കെതിരായ പോരാട്ടമായിരുന്നു ഇന്‍ഡ്യ മുന്നണിയുടെ ലക്ഷ്യമെന്നും എന്നാല്‍ സംസ്ഥാനത്ത് പരസ്പരം മത്സരിക്കുമ്പോഴുള്ള പരസ്പര ബഹുമാനം കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് കേരളത്തില്‍ ഉണ്ടായില്ലെന്നും എം എ ബേബി വിമര്‍ശിച്ചിരുന്നു. കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ പോലും സിപിഐഎമ്മിനെതിരെ ബിജെപി ഡീല്‍ ആരോപിച്ചു. പാര്‍ട്ടികളോട് കാണിക്കേണ്ട മര്യാദയും അന്തസ്സുമുണ്ട്. ഇതെല്ലാം കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആര്‍എസ്എസിനെതിരെ വിശാലമായ ബ്ലോക്കുണ്ടാകണമെന്ന നിലപാട് തന്നെയാണ് സിപിഐഎമ്മിനെന്നും എം എ ബേബി പറഞ്ഞു. മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു എം എ ബേബിയുടെ പ്രതികരണം.
കോണ്‍ഗ്രസിനെതിരെ നിലപാട് കടുപ്പിച്ച് സിപിഐഎം നേരത്തേ രംഗത്തെത്തിയിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയനെ രാഹുല്‍ ഗാന്ധി അപമാനിച്ചെന്നായിരുന്നു സിപിഐഎം ആരോപണം. ഇതില്‍ പ്രതിഷേധിച്ചായിരുന്നു എം എ ബേബി സഖ്യ നേതൃത്വത്തിന് കത്ത് നല്‍കിയത്. സിപിഐഎമ്മിന് പിന്നാലെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തിയുമായി രംഗത്തെത്തിയിരുന്നു. ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് മുന്നണി മര്യാദ പാലിച്ചില്ലെന്നാണ് ജെഎംഎം ആരോപിച്ചത്. സംസ്ഥാനത്തെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് ഏകപക്ഷയമായി പ്രഖ്യാപിച്ചതായിരുന്നു ജെഎംഎമ്മിനെ ചൊടിപ്പിച്ചത്.
ഇന്‍ഡ്യ മുന്നണി യോഗം ബഹിഷ്‌കരിക്കാന്‍ ഡിഎംകെയും തീരുമാനിച്ചിട്ടുണ്ട്. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസ് സ്വീകരിച്ച ഏകപക്ഷീയമായ നിലപാടുകളില്‍ പാര്‍ട്ടി അണികള്‍ക്ക് അമര്‍ഷമുണ്ടെന്നും അവരെ മാനിച്ച് കോണ്‍ഗ്രസ് പങ്കെടുക്കുന്ന യോഗത്തില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ തീരുമാനിച്ചു എന്നുമായിരുന്നു ഡിഎംകെ നേരത്തേ പ്രസ്താവനയിലൂടെ അറിയിച്ചത്. ചൊവ്വാഴ്ച ഡല്‍ഹിയില്‍ വെച്ചാണ് ഇന്‍ഡ്യ മുന്നണിയുടെ യോഗം ചേരുന്നത്.
Content Highlights- M A Baby will stay away from the INDIA alliance meeting as a form of protest. The CPI is also expected to convey its dissatisfaction regarding the matter