സെന്‍ട്രല്‍ ജയില്‍ കാണാന്‍ മോഹം; ആഗ്രഹം സാധിക്കാന്‍ യുവാവിന്റെ കുബുദ്ധി

സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച വീഡിയോ കണ്ട് ചിരി നിര്‍ത്താനാകാതെ കാഴ്ചക്കാര്‍

സെന്‍ട്രല്‍ ജയില്‍ കാണാന്‍ മോഹം; ആഗ്രഹം സാധിക്കാന്‍ യുവാവിന്റെ കുബുദ്ധി
dot image

പൊലീസ് സ്‌റ്റേഷനില്‍ കയറി ചെന്ന്, സര്‍ പ്ലീസ്.. എന്നെ ഒന്ന് അറസ്റ്റ് ചെയ്യാമോ?. എനിക്ക് സെന്‍ട്രല്‍ ജയില്‍ കാണാന്‍ ഒരു ആഗ്രഹം. ഇങ്ങനെ ആരെങ്കിലും പറയുമോ? എന്നാല്‍ പറഞ്ഞു കഴിഞ്ഞു. ഉത്തര്‍ പ്രദേശിലെ ഇറ്റാവയില്‍നിന്നുള്ള കോമള്‍സിംഗ് എന്ന യുവാവാണ് തന്നെ അറസ്റ്റ് ചെയ്യൂ എന്ന് പറഞ്ഞ് തോക്കുമായി പൊലിസ് സ്റ്റേഷനിലെത്തിയത്. എന്താ ഇത് കഥ എന്നാണോ?. എന്നാല്‍ കേട്ടോളൂ സംഭവം ഇതാണ്.

komal singh

ഇറ്റാവ ജില്ലയിലെ ബേക്കേവാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അഹേരിപൂരില്‍ നിന്നുള്ള ട്രാക്ടര്‍ ഡ്രൈവര്‍ കോമള്‍ സിങ്ങിനെയാണ് അനധികൃതമായി തോക്ക് കൈവശം വച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തത്. കോമള്‍ സിംഗ് ഭാര്യയ്ക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം ആ തോക്കും വെടിയുണ്ടകളുമായി അഹേരിപൂര്‍ പൊലീസ് ഔട്ട്പോസ്റ്റിലേക്ക് ചെല്ലുകയായിരുന്നു. സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നത് എങ്ങനെയെന്ന് അനുഭവിക്കാന്‍ വേണ്ടിയാണ് താന്‍ ഇതെല്ലാം ചെയ്തതെന്ന് പിന്നീടാണ് അയാള്‍ വെളിപ്പെടുത്തിയത്.

പൊലീസ് വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് അയാള്‍ തന്റെ ഉദ്ദേശ്യം വെളിപ്പെടുത്തിയത്. ഇയാള്‍ ഇക്കാര്യത്തെക്കുറിച്ച് പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്. താന്‍ മുന്‍പ് 2 തവണ ജയിലല്‍ പോയിട്ടുണ്ടെന്നും ഇപ്പോള്‍ സെന്‍ട്രല്‍ ജയില്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും യുവാവ് വീഡിയോയില്‍ പറയുന്നു. താനും ഭാര്യ സംഗീതയുമായി യാതൊരു പ്രശ്‌നവും ഇല്ലെന്നും തനിക്ക് ഭാര്യയോടൊപ്പം ജീവിക്കാന്‍ ആഗ്രഹമുണ്ടെന്നും ഇയാള്‍ പറയുന്നുണ്ട്.

സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോ ധാരാളം വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചു. വീഡിയോ കണ്ട പലരും കോമള്‍ സിംഗിന്റെ മാനസികാവസ്ഥയെ ചോദ്യം ചെയ്തു. പലരും ഇയാളുടെ വിചിത്രമായ ഹോബിയില്‍ അത്ഭുതം പ്രകടിപ്പിച്ചു. ഭാര്യയെ ഭീഷണിപ്പെടുത്തുന്നത് തമാശയല്ലെന്നും അത്തരം കേസുകളില്‍ നടപടി സ്വീകരിക്കണമെന്നും മറ്റൊരാള്‍ കമന്റില്‍ പറയുന്നുണ്ട്. ജയിലിനെ വിനോദ സഞ്ചാര കേന്ദ്രമായി കാണരുത് എന്നും മറ്റൊരാള്‍ എഴുതി.

അതേസമയം, പ്രതി തോക്കുമായി പ്രദേശത്ത് ചുറ്റിത്തിരിയുകയായിരുന്നുവെന്ന് ബേക്കേവാര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ മാലിക് പറഞ്ഞു. അറസ്റ്റിനുശേഷം പോലീസ് ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കോമള്‍സിംഗിനെ കോടതിയില്‍ ഹാജരാക്കി ജയിലിലേക്ക് അയച്ചു. പ്രതി മയക്കുമരുന്നിന് അടിമയാണെന്ന് തോന്നുന്നതായും മാലിക് പറഞ്ഞു. ഇയാളെ ജയിലിലേക്ക് അയച്ചിട്ടുണ്ട്. നിലവില്‍ കേസ് അന്വേഷണത്തിലാണ്.

Content Highlights :A young man's desire to see the Central Jail; he uses his wits to fulfill his wish. Viewers couldn't stop laughing after watching the video shared on social media.

dot image
To advertise here,contact us
dot image