

ഉപയോഗശേഷമുള്ള ഷൂസുകളും ചെരുപ്പുകളും ഉപഭോക്താക്കളിൽ നിന്ന് ഓൺലൈനായി ശേഖരിച്ച് ഉത്തരവാദിത്തപരമായ സംസ്‌കരണത്തിന് സഹായിക്കുന്ന ഒരു നവീന പദ്ധതിയുമായി രാജ്യത്തെ പ്രമുഖ പാദരക്ഷ നിർമാതാക്കളായ ഇന്ത്യാസ് വികെസി. 'സീറോ ഫൂട്ട്‌മാർക്‌സ്' (Zero Footmarks) എന്ന പേരിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ ആദ്യമായി നടപ്പിലാക്കുന്ന പദ്ധതി ബോളിവുഡ് ഇതിഹാസം അമിതാബ് ബച്ചൻ ലോഞ്ച് ചെയ്തു. ചടങ്ങിൽ ഇന്ത്യാസ് VKC മാനേജിംഗ് ഡയറക്ടർ വി.കെ.സി റസാക്ക്, ഡയറക്‌ടർ വി റഫീഖ് എന്നിവർ പങ്കെടുത്തു. ഉപയോഗിച്ച ചെരുപ്പുകൾ ഓൺലൈനിലൂടെ ശേഖരിക്കുന്ന രാജ്യത്തെ ആദ്യ പാൻ-ഇന്ത്യ പദ്ധതി കൂടിയാണിത്.
www.zerofootmarks.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി ഓർഡർ ചെയ്യുന്ന പുതിയ പാദരക്ഷകൾ ഡെലിവറി ചെയ്യുന്ന സമയത്ത് തന്നെ പഴയവ കൈമാറാൻ ഉപഭോക്താക്കളെ സഹായിക്കുന്ന പദ്ധതിയാണ് 'സീറോ ഫൂട്ട് മാർക്സ്'. ഉപയോഗം കഴിഞ്ഞ പാദരക്ഷകൾ തിരിച്ചെടുക്കാനും അവയ്ക്ക് ശാസ്ത്രീയവും പരിസ്ഥിതിസൗഹൃദവുമായ സംസ്കരണം ഉറപ്പാക്കാനും, ഇതുവഴി അവയ്ക്ക് മൂല്യം സൃഷ്ടിക്കാനും സഹായിക്കുന്ന രാജ്യത്തെയും ഒരുപക്ഷേ, ഏഷ്യയിൽതന്നെ ആദ്യത്തേതുമാണ് വികെസിയുടെ സീറോ ഫൂട്ട്‌മാർക്സ്' പദ്ധതി.
2025 ഓഗസ്റ്റിൽ വികെസി ചെയർമാൻ വി.കെ.സി മമ്മദ്കോയ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്‌ത പൈലറ്റ് പദ്ധതിക്ക് ലഭിച്ച വലിയ സ്വീകാര്യതയാണ് 'സീറോ ഫൂട്ട് മാർക്‌സ്' രാജ്യത്താകെ വ്യാപിപ്പിക്കാൻ പ്രേരകമായത്. മാലിന്യം ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യാൻ പുതിയ തലമുറയെ പ്രേരിപ്പിക്കുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും പരിസ്ഥിതി സൗഹൃദമായ ജീവിതരീതികൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ബോധവൽക്കരണം ശക്തിപ്പെടുത്തുന്നതിനും 'സീറോ ഫൂട്ട്‌മാർക്സ്' പദ്ധതി സഹായിക്കുമെന്ന് വി.കെ.സി മാനേജിങ് ഡയറക്ടർ വി.കെ.സി റസാക്ക് പറഞ്ഞു.
2024 ഡിസംബറിൽ ഫൂട്ട് വേയർ മാലിന്യം സംസ്‌കരിക്കേണ്ട ആവശ്യകതയെക്കുറിച്ച് അന്നത്തെ ശുചിത്വമിഷൻ ഡയറക്‌ടർ യു.വി ജോസ് ഐ.എ.എസ് (റിട്ട) കേരളത്തിലെ ചെരുപ്പ് നിർമാതാക്കൾക്ക് അയച്ച ഒരു കത്താണ് പദ്ധതി ആവിഷ്‌കരിക്കാൻ വി.കെ.സി റസാക്കിന് പ്രചോദനമായത്. ഒരു വ്യവസായ സംരംഭകൻ എന്ന നിലയിൽ 'സീറോ ഫൂട്ട് മാർക്സ്' പദ്ധതി തനിക്ക് വലിയ സന്തോഷം നൽകുന്നുണ്ടെന്ന് റസാക്ക് പറഞ്ഞു. സമൂഹം നേരിടുന്ന വെല്ലുവിളികൾ നിങ്ങൾ ഏർപ്പെട്ടിരിക്കുന്ന ബിസിനസിലൂടെ പരിഹാരം കാണാൻ ശ്രമിക്കലാണ് സംരംഭകത്വം. മാലിന്യസംസ്‌കരണത്തെപറ്റി ചിന്തിക്കാൻ കുട്ടികൾക്കും യുവതലമുറക്കും ഈ പദ്ധതി പ്രചോദനമാകുമെന്നും വി.കെ.സി റസാക്ക് കൂട്ടിച്ചേർത്തു.
കോവിഡ്-19 മഹാമാരിക്കുശേഷം ഉപഭോക്താക്കളെ അയൽപക്കത്തെ കടകളിൽ തിരിച്ചെത്തിക്കാൻ 2021ൽ വി.കെ.സി നടപ്പാക്കിയ 'ഷോപ്പ് ലോക്കൽ' പദ്ധതി പോലെ സീറോ ഫുട് മാർക്‌സിന്റെയും ലക്ഷ്യം ഉപഭോക്തൃ ബോധവൽക്കരണമാണ്. 2021ലെ 'ഷോപ്പ് ലോക്കൽ' പദ്ധതിയിൽ രാജ്യത്തെ രണ്ടു ലക്ഷത്തോളം വ്യാപാരസ്ഥാപനങ്ങളാണ് പങ്കാളികളായത്. ദ ബ്രേക്ക് ത്രൂ ഗ്രൂപ്പിന്റെ ഡിസൈൻ വിഭാഗമായ ബിബിളിയോ ബുദ്ധയാണ് 'സീറോ ഫൂട്ട് മാർക്സ്' പദ്ധതിയുടെ ബ്രാൻഡ് നെയിമിങ്ങും ബ്രാൻഡ് ഡിസൈനിങ്ങും നിർവഹിച്ചത്.
Content Highlight: India's VKC launched 'Zero Footmarks,' a pan-India eco-friendly initiative inaugurated by Amitabh Bachchan to collect and responsibly recycle used footwear.