കൊതുകുകളുള്ള 'ലോകരാജ്യങ്ങൾ': ഏറ്റവും കൂടുതൽ കൊതുകുകൾ ഉള്ള 10 രാജ്യങ്ങളിൽ ഇന്ത്യയും ഉണ്ടോ?

കൊതുകുകൾ ചെറുതാണെങ്കിലും അപകടകാരികളാണ്. ലോകത്ത് ഏറ്റവും കൂടുതൽ കൊതുകു വർഗ്ഗങ്ങളുള്ള രാജ്യങ്ങൾ പരിചയപ്പെടാം

കൊതുകുകളുള്ള 'ലോകരാജ്യങ്ങൾ': ഏറ്റവും കൂടുതൽ കൊതുകുകൾ ഉള്ള 10 രാജ്യങ്ങളിൽ ഇന്ത്യയും ഉണ്ടോ?
dot image

ഇന്ത്യയിൽ മഴക്കാലം എത്താറായിരിക്കുന്നു. പല ഇടങ്ങളിലും വേനൽ മഴ നല്ല രീതിയിൽ ലഭിക്കുന്നുണ്ട്. മഴക്കാലം എന്ന് ചിന്തിക്കുമ്പോൾ ആദ്യം മനസ്സിൽ തെളിയുന്നത് മഴയുടെ വശ്യഭംഗി ആണെങ്കിലും ഏറ്റവും കൂടുതൽ പകർച്ച വ്യാധികൾ ഉണ്ടാകുന്ന നാളുകൾ കൂടിയാണ് മഴക്കാലം. പ്രത്യേകിച്ച് രോഗം പരത്തുന്ന പ്രാണികളുടെ സാന്നിധ്യം ഈ സാഹചര്യത്തിൽ വളരെ കൂടുതലായിരിക്കും. ഈച്ച, കൊതുക് തുടങ്ങിയവയുടെ സാന്നിധ്യം വളരെ അസ്വസ്ഥപ്പെടുത്തുന്ന ഒന്നാണ്.

കൊതുകുകളെ കുറിച്ച് പറയുമ്പോൾ, കാര്യം ആള് വളരെ ചെറുതാണെങ്കിലും ലോകത്തിലെ ഏറ്റവും അപകടകാരികളായ ജീവികളിലൊന്നാണ് കൊതുകുകൾ. മഴക്കാടുകൾ, ചതുപ്പ് നിലങ്ങൾ, കണ്ടൽക്കാടുകൾ എന്നുവേണ്ട വെള്ളം കെട്ടിനിൽകാൻ ഇടയുള്ള എല്ലാ സ്ഥലങ്ങളിലും കൊതുകുകൾ വർധിക്കും.

Brazil

ലോകത്ത് ഏറ്റവും കൂടുതൽ കൊതുകു വർഗ്ഗങ്ങളുള്ള (Mosquito Species Diversity) 10 രാജ്യങ്ങൾ ഏതൊക്കെ എന്ന് പരിശോധിച്ചാലോ? അതിൽ ഇന്ത്യ ഉൾപ്പെടുമോ? ഒരു സംശയവും വേണ്ട ഇക്കാര്യത്തിൽ ഇന്ത്യ അഞ്ചാം സ്ഥാനത്ത് ഉണ്ട്.

ഏകദേശം 338 തരം കൊതുകുകളാണ് ഇന്ത്യയിലുള്ളത്. പശ്ചിമഘട്ടത്തിലെ മഴക്കാടുകൾ, സുന്ദർബൻസിലെ കണ്ടൽക്കാടുകൾ, അസമിലെ പ്രളയബാധിത പ്രദേശങ്ങൾ, കാസിരംഗ, പെരിയാർ എന്നിവ കൊതുകുകളുടെ പ്രധാന ആവാസകേന്ദ്രങ്ങളാണ്. മഴക്കാലത്തും അതിനു ശേഷവുമുള്ള സമയമാണ് ഇന്ത്യയിൽ കൊതുകുകൾ ഏറ്റവും കൂടുതൽ പെരുകുന്നത്.

ഏറ്റവും കൂടുതൽ കൊതുകുകളുള്ള മറ്റ് രാജ്യങ്ങൾ കൂടി പരിചയപ്പെടാം.

ബ്രസീൽ
ലോകത്ത് ഏറ്റവും കൂടുതൽ കൊതുകുകളുള്ള രാജ്യം ബ്രസീലാണ്. ഏകദേശം 447 തരം കൊതുകുകളാണ് ഇവിടെ ഉള്ളത്. പ്രശസ്തമായ ആമസോൺ മഴക്കാടുകളും പന്തനാൽ തണ്ണീർത്തടങ്ങളും കൊതുകുകൾക്ക് വളരാൻ അനുയോജ്യമായ സാഹചര്യമൊരുക്കുന്നു.

ഇന്തോനേഷ്യ
17,000ൽ അധികം ദ്വീപുകളുള്ള ഇന്തോനേഷ്യയിലെ അഗ്നിപർവ്വത മേഖലകളും ചതുപ്പുനിലങ്ങളും കൊതുകുകളുടെ താവളമാണ്. 439 കൊതുകു വർഗ്ഗങ്ങൾ ഇന്തോനേഷ്യയിൽ മാത്രമായുണ്ട്.

Malaysian Forests
Malaysian Forests

മലേഷ്യ
ആമസോണിനേക്കാൾ പഴക്കമുള്ളതാണ് മലേഷ്യൻ മഴക്കാടുകൾ. ഇവിടം 415 ഓളം കൊതുകു വർഗങ്ങളുടെ പറുദീസയാണ്.

തായ്‌ലൻഡ്
ബീച്ചുകൾക്ക് പേരുകേട്ടതാണെങ്കിലും തായ്‌ലൻഡിലെ പർവ്വത മേഖലകളിലും ഗുഹകളിലും കൊതുകുകൾ ധാരാളമായുണ്ട്. കണക്കുകൾ അനുസരിച്ച് 379 തരം കൊതുകുകളെ തായ്‌ലൻഡിൽ കാണാൻ സാധിക്കും.

ഫിലിപ്പൈൻസ്
അഗ്നിപർവ്വതങ്ങളും മഴക്കാടുകളും നിറഞ്ഞ ഫിലിപ്പെെൻസിലെ ഭൂപ്രകൃതി കൊതുകുകൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഏകദേശം 294 കൊതുകു വർഗങ്ങൾ ഫിലിപ്പീൻസിൽ മാത്രമായുണ്ട്.

പനാമ
വടക്കേ അമേരിക്കയ്ക്കും തെക്കേ അമേരിക്കയ്ക്കും ഇടയിലുള്ള ഒരു 'ജൈവ പാലം' (Biological Bridge) എന്നാണ് പനാമ അറിയപ്പെടുന്നത്. പനാമയിലെ സാന്ദ്രമായ വനമേഖലകൾ, ഉഷ്ണമേഖലാ തീരങ്ങൾ, മേഘക്കാടുകൾ (Cloud Forests), ചതുപ്പുനിലങ്ങൾ എന്നിവ 264 തരം കൊതുകു വർഗങ്ങൾക്ക് അനുയോജ്യമായ ആവാസവ്യവസ്ഥയൊരുക്കുന്നു.

Forests in Panama
Forests in Panama

കൊളംബിയ
ആമസോൺ മഴക്കാടുകൾ, കരീബിയൻ തീരങ്ങൾ, ആൻഡീസ് പർവതനിരകളിലെ മേഘക്കാടുകൾ, തണ്ണീർത്തടങ്ങൾ, നദികൾ, പസഫിക് തീരത്തെ കാടുകൾ എന്നിവയുടെ സാന്നിധ്യം കൊണ്ട് ജൈവ വൈവിധ്യത്തിൽ സമ്പന്നമാണ് കൊളംബിയ. ഈ ആവാസവ്യവസ്ഥകളുടെ സാന്നിധ്യമാണ് രാജ്യത്ത് കൊതുകുകളുടെ 251 വർഗങ്ങൾ കാണപ്പെടാൻ സാഹചര്യമൊരുക്കുന്നത്.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ
ആമസോൺ മഴക്കാടുകൾ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മഴക്കാടായ 'കോംഗോ ബേസിൻ' ഇവിടെയാണ്‌ സ്ഥിതി ചെയ്യുന്നത്. നദികൾ, കനത്ത മഴ, ഈർപ്പമുള്ള കാലാവസ്ഥ എന്നിവ 248 തരം കൊതുകു വർഗങ്ങൾ രാജ്യത്ത് കാണപ്പെടാൻ ഇടയാക്കി.

ചൈന
ചൂടും ഈർപ്പവുമുള്ള ചൈനയുടെ തെക്കൻ പ്രവിശ്യകളിലാണ് കൂടുതലായും കൊതുകുകൾ കാണപ്പെടുന്നത്. ഉപ-ഉഷ്ണമേഖലാ മഴക്കാടുകൾ (Subtropical rainforest), തണ്ണീർത്തടങ്ങൾ, നെൽവയലുകൾ, നദികൾ എന്നിവയുടെ സാന്നിധ്യം ഈ മേഖലയിൽ കൂടുതലായി ഉള്ളതിനാൽ 238 തരം കൊതുകു വർഗങ്ങളുടെ ആവാസ കേന്ദ്രമായി മാറി.

ഭൂമിയുടെ സുസ്ഥിരതക്ക് എല്ലാ ജീവജാലങ്ങളുടെയും സാന്നിധ്യം അത്യന്താപേക്ഷിതമാണെങ്കിലും വിനോദസഞ്ചാരികളെ സംബന്ധിച്ചിടത്തോളം ഇത്തരം രാജ്യങ്ങളിലേക്കുള്ള യാത്ര കൊതുക് പോലുള്ള പ്രാണിക മേഖലയെ സംബന്ധിച്ചിടത്തോളം ഒരു ഇരുതല വാൾ പോലെ അനുഭവപ്പെടാം. ഒരുവശത്ത് അതത് രാജ്യങ്ങളുടെ വശ്യമായ പ്രകൃതി ഭംഗി, മറുവശത്ത് കൊതുകുകളുടെ സാന്നിധ്യം യാത്രയുടെ സന്തോഷം കെടുത്താനും സാധ്യത ഏറെയാണ്.

ഇത്തരം രാജ്യങ്ങൾ സന്ദർശിക്കാൻ ഉദ്ദേശിക്കുമ്പോൾ, കൊതുകുജന്യ രോഗങ്ങളെ ചെറുക്കാനുള്ള കൃത്യമായ തയ്യാറെടുപ്പുകൾ കൂടി നടത്തണം. യാത്രയിൽ കൊതുകുകളെ അകറ്റുന്ന ക്രീമുകളോ സ്പ്രേകളോ കൈവശം വെക്കുന്നത് ഉചിതമാണ്. ശരീരം പൂർണ്ണമായും മറയ്ക്കുന്ന ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക. ഇരുണ്ട നിറങ്ങൾ കൊതുകുകളെ ആകർഷിക്കാൻ സാധ്യതയുണ്ട്. യാത്രയിൽ വിശ്രമിക്കാൻ കൊതുകു വലകളുള്ളതോ എയർ കണ്ടീഷൻ ചെയ്തതോ ആയ മുറികൾ തിരഞ്ഞെടുക്കുക. മഞ്ഞപ്പനി (Yellow Fever), മലേറിയ തുടങ്ങിയ രോഗങ്ങൾക്കെതിരെയുള്ള മുൻകരുതലുകളും മരുന്നുകളും ഡോക്ടറുടെ നിർദ്ദേശപ്രകാരം സ്വീകരിക്കുക. ഇതുവഴി കൊതുകുജന്യ രോഗങ്ങളെ പ്രതിരോധിക്കാനും വിനോദയാത്ര ആനന്ദപ്രദമാക്കാനും സാധിക്കും.

Content Highlight: India ranks fifth globally for mosquito diversity, making essential precautions crucial for travelers visiting these highly infested tropical destinations.

dot image
To advertise here,contact us
dot image