

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ അവിഭാജ്യ ഘടകമാണ് സുനില്‍ നരെയ്ന്‍. 2012-ല്‍ കൊല്‍ക്കത്ത സ്വന്തമാക്കിയ താരം പിന്നീടിങ്ങോട്ട് കെകെആറിനുവേണ്ടി ഒട്ടേറെ മത്സരങ്ങളിലാണ് കളിച്ചത്. ബൗളിങ് ഓള്‍റൗണ്ടറായി ടീമിലെത്തി മികച്ച ബാറ്റിങ് പ്രകടനം നടത്തിയും വെസ്റ്റ് ഇന്‍ഡീസ് താരം ശ്രദ്ധനേടി.
അദ്ദേഹത്തിന്റെ മികവ് തുടരുന്നത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും ഗുണകരമാണ്. കഴിഞ്ഞദിവസം ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സത്തിലും താരം തിളങ്ങിയിരുന്നു. മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയ താരത്തെ ഐപിഎലിലെ എക്കാലത്തെയും മികച്ച താരമെന്നാണ് മുന്‍ ഇന്ത്യന്‍ ബാറ്റര്‍ അമ്പാട്ടി റായുഡു വിശേഷിപ്പിച്ചത്. ഗുജറാത്തിനെതിരെ നാലോവറില്‍ 29 റണ്‍സ് വഴങ്ങി രണ്ടുവിക്കറ്റെടുത്ത നരെയ്‌നാണ് കളിയിലെ താരമായത്. തന്റെ 200-ാം ഐപിഎല്‍ മത്സരത്തിലും കളിയിലെ താരമെന്ന പുരസ്‌കാരം നേടിയാണ് അദ്ദേഹം മൈതാനത്തുനിന്ന് മടങ്ങിയത്. ഐപിഎലില്‍ ഇതുവരെ 200 മത്സരങ്ങളില്‍ പങ്കെടുത്ത താരം 1820 റണ്‍സ് നേടി. ഒരു സെഞ്ചുറിയും ഏഴ് അര്‍ധ സെഞ്ചുറിയും നേടിയിട്ടുണ്ട്. 205 വിക്കറ്റും നേടിയിട്ടുണ്ട്. ഒരുതവണ അഞ്ചുവിക്കറ്റ് നേട്ടവും ഏഴുതവണ നാലുവിക്കറ്റ് നേട്ടവും പേരിലാക്കി.
പന്ത് കൊണ്ടും ബാറ്റുകൊണ്ടും മികച്ച പ്രകടനം നടത്തുന്ന താരമാണ് സുനില്‍ നരെയ്‌നെന്ന് അമ്പാട്ടി റായുഡു പറഞ്ഞു. ഐപിഎലില്‍ ഒട്ടേറെ കളിക്കാരുണ്ടെങ്കിലും നരെയ്ന്‍ വേറിട്ട് നില്‍ക്കുന്നുവെന്നും അദ്ദേഹം എക്കാലത്തെയും മികച്ച താരമാണെന്നും റായുഡു പറയുന്നു. കൊല്‍ക്കത്തയുടെ മൂന്ന് ഐപിഎല്‍ കിരീട നേട്ടങ്ങളിലും സുനില്‍ നരെയ്ന്‍ പങ്കുവഹിച്ചിട്ടുണ്ട്.
content highlights: He is the greatest ever player in the IPL: Ambati Rayudu rates Kolkata star